എസ് ഡി. പി. ഐ പാർട്ടി പിന്തുണ കോൺഗ്രസിന്…

പിന്തുണയുടെ പൊല്ലാപ്പിൽ കുടുങ്ങി നേതാക്കൾ...

തീവ്രവാദ സ്വഭാവമുള്ള സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ പാർട്ടിയാണ് എസ് ഡി പി ഐ. ഈ പാർട്ടിയുടെ സംസ്ഥാന നേതൃത്വം യോഗം ചേർന്ന് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും കേരളത്തിൽ പിന്തുണ നൽകാൻ തീരുമാനിച്ചു. ഈ തീരുമാനം പിന്നീട് നേതാക്കൾ വാർത്ത മാധ്യമ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു.

ഇതേ തുടർന്ന് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങൾ കോൺഗ്രസ് നേതാക്കളെ വല്ലാത്ത വിഷമത്തിൽ ആക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് കോൺഗ്രസ് നേതാക്കൾ ഏറെ നാളായി എസ് ഡി പി ഐ നേതൃത്വവുമായി പിന്തുണ ചർച്ച നടത്തിവരികയായിരുന്നു എന്ന ഇടതുമുന്നണി കൺവീനർ ജയരാജന്റെ പ്രസ്താവന വന്നത്. എന്തായാലും ഒരു രാഷ്ട്രീയപ്പാർട്ടി പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ, ഒരു മുന്നണിയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അതൃപ്ത്തിയും ആശയ കുഴപ്പവും ഭിന്നിപ്പും ഒക്കെ ഉണ്ടാകുന്നത് ഇത് ആദ്യമായാണ്. എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഇപ്പോൾ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. ഇദ്ദേഹമാണ് പിന്തുണ തേടി ചർച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

രാജ്യത്ത് ഒട്ടാകെ നിരോധിച്ചിരിക്കുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഭീകരാ പ്രവർത്തനങ്ങൾ അടക്കം പലതും ആസൂത്രണം ചെയ്ത കേസുകൾ ഉണ്ടായതിന്റെ പേരിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിൻറെ രാഷ്ട്രീയപാർട്ടിയാണ് എസ് ഡി പി ഐ. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഉള്ള പല നേതാക്കളും അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ഇതിനിടയിലാണ് ഈ സംഘടനയുടെ തണലിൽ വളർന്ന എസ് ഡി പി ഐ സംസ്ഥാന നേതൃത്വം യുഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നത്. ഈ പിന്തുണയും അദ്ദേഹത്തോടുള്ള വലിയ വിവാദങ്ങളും ഉണ്ടാക്കിയത് പിന്തുണ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പലതരത്തിലുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും ആണ്. എസ്ഡിപിഐ നേതാക്കളുമായി പിന്തുണ തേടിക്കൊണ്ട് കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി എന്ന വാർത്തകളുടെ കാര്യത്തിൽ മുസ്ലിം ലീഗ് പാർട്ടിക്കും വല്ലാത്ത പ്രതിഷേധം ഉണ്ട്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് താല്പര്യമില്ലാത്ത സംഘടനയാണ് എസ്ഡിപിഐ.

പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ തണലിൽ രൂപം കൊണ്ടത് ആണെങ്കിലും കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും കുറെയൊക്കെ പ്രവർത്തകരും നേതാക്കളും ഉള്ള ഒരു പാർട്ടിയാണ് എസ് ഡി പി ഐ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 9 മണ്ഡലങ്ങളിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി കാര്യമായ അളവിൽ വോട്ടുകൾ നേടിയെടുക്കുകയും ചെയ്ത പാർട്ടിയാണ് എസ് ഡി പി ഐ. ഈ വോട്ട് കണക്കുകളും ജനസ്വാധീനവും കണക്കിലെടുത്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ രഹസ്യമായി എസ്ഡിപിഐയുടെ പിന്തുണ തേടി അവരുടെ നേതാക്കളെ കണ്ടത് എന്നാണ് പറയപ്പെടുന്നത്.

എസ്ഡിപിഐ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി നടത്തിയ വാർത്താസമ്മേളനത്തിൽ കൂടിയാണ് പാർട്ടി പിന്തുണ യുഡിഎഫിന് നൽകുന്ന കാര്യം അറിയിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എസ്ഡിപിഐ പിന്തുണ നൽകും എന്നാണ് അഷറഫ് മൗലവി വാർത്ത ലേഖകരെ അറിയിച്ചത്. ദേശീയതലത്തിൽ വലിയ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇത് എന്നും രാജ്യത്തിൻറെ ജനാധിപത്യപരവും ഭരണഘടനാ അനുസൃതവും ആയ ഭരണസംവിധാനം നിലനിൽക്കുവാൻ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ബിജെപി സർക്കാരിനെ താഴെ ഇറക്കുക മാത്രമാണ് പോംവഴി എന്നും, ഇനിയും ഒരു ബിജെപി ഭരണം ഉണ്ടായാൽ രാജ്യത്ത് മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും മതസൗഹാർദ്ദവും പൂർണ്ണമായും തകരുമെന്നും അത്തരം ഒരു സ്ഥിതി രാജ്യത്ത് ഉണ്ടാകാതിരിക്കണമെങ്കിൽ കോൺഗ്രസ് പാർട്ടിയും മറ്റു കക്ഷികളും നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷമുന്നണി ജയിച്ചു വരണം എന്നും കണക്കിലെടുത്തു കൊണ്ടാണ് കേരളത്തിൽ യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചത് എന്നാണ് അഷറഫ് മൗലവി പ്രഖ്യാപിച്ചത്.

തീവ്രവാദ സംഘടനയായ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ

രാഷ്ട്രീയപ്പാർട്ടി പിന്തുണ അംഗീകരിക്കുന്നുവെങ്കിൽ അത് കോൺഗ്രസ് പാർട്ടിയും യുഡിഎഫും നടത്തുന്ന ഏറ്റവും വലിയ ജനദ്രോഹ നടപടി ആയിരിക്കും എന്നും, തീവ്രവാദത്തിന് രഹസ്യമായി കോൺഗ്രസ് നേതാക്കൾ കൂട്ടുനിൽക്കുന്നു എന്ന വ്യക്തമാക്കപ്പെടും എന്നു കൂടിയാണ് സിപിഎമ്മിന്റെ നേതാക്കളും മറ്റും ഇപ്പോൾ ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും എസ്ഡിപിഐ എന്ന രാഷ്ട്രീയപാർട്ടിയുടെ പിന്തുണ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ കുടുക്കിൽ പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജനാധിപത്യ ബോധമുള്ള ആരുടെയും പിന്തുണ സ്വീകരിക്കുന്നത് പതിവു രീതിയാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ന്യായീകരണത്തിന് രംഗത്ത് വന്നു എങ്കിലും, ആ അഭിപ്രായം ഇപ്പോൾ  കോൺഗ്രസിലെ മാത്രമല്ല, യുഡിഎഫിലെ പാർട്ടി നേതാക്കളെ വരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.