കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമല്ല പൊതുജനങ്ങൾ മൊത്തത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ലോകസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിയെ കുറിച്ചാണ്. ഈ തോൽവി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചോദിച്ചു വാങ്ങിയതാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണ് എന്ന് സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇവിടെ പരിഹാരം സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്.ഈ പരിഹാര ചർച്ചയിൽ പോലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അങ്ങ് ജനകീയനാകണം എന്ന് പറയാൻ ഒരു നേതാവിനും ധൈര്യമില്ല.ഇടതുപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ.ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ജില്ലാതലങ്ങളിൽ നടക്കുന്ന കമ്മറ്റികളിലും മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉയരുന്നുണ്ട്.ഒന്ന് രണ്ടു ജില്ലകളിൽ നേതാക്കൾ തന്നെ ഇടതുമുന്നണിയിലുള്ള ബന്ധം ഉപേക്ഷിക്കണമെന്നും,സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവം സഹിച്ച് സഹിച്ച് മടുത്തു എന്നും വരെ പറയുകയുണ്ടായി.സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുമ്പോൾ ഒരു വലിയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ ബിനോയ് വിശ്വം യഥാർത്ഥ തോൽവിയുടെ കാരണം തുറന്നു പറയേണ്ടതായിരുന്നു. മുഖ്യമന്ത്രി കാരണക്കാരനാണെങ്കിൽ മുഖ്യമന്ത്രിപദം അദ്ദേഹം ഒഴിയണമെന്നും ജനകീയ ഭരണം തുടർന്നില്ലെങ്കിൽ ഭാവിയിൽ വലിയ തിരിച്ചടി ഇടതുപക്ഷത്തിന് ഉണ്ടാകുമെന്നും പറയാനുള്ള ബാധ്യത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോൽവി ഉണ്ടായി ഒരു മാസം കഴിയുമ്പോഴും ഈ വലിയ നേതാവ് മുഖ്യമന്ത്രിക്കും സർക്കാരിൻറെ പോക്കിനും എതിരെ കമാ എന്ന ഒരക്ഷരം പോലും മിണ്ടിയിട്ടില്ല .അതുകൊണ്ടുതന്നെയാണ് ജില്ലാ അവലോകനയോഗങ്ങളിൽ പാർട്ടി സെക്രട്ടറിയെ പോലും വിമർശിക്കുന്ന സംഭവം സിപിഐ യോഗങ്ങളിൽ ഉണ്ടായത്.സ്വന്തം പാർട്ടിയുടെ കീഴ്ഘടക
ങ്ങളിൽ ഉയരുന്ന വിമർശനം രൂക്ഷമായപ്പോൾ ഒന്നാന്തരം രാഷ്ട്രീയ തരികിട പണിയുമായി ബിനോയ് വിശ്വം രംഗത്തുവന്നു.കണ്ടുപിടിച്ച തന്ത്രം ഏതായാലും പൊതുജനങ്ങൾക്ക് മനസ്സിലാകുന്നുമുണ്ട്.സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുമ്പോൾ ബിനോയ് വിശ്വം ആഞ്ഞടിച്ചത് സിപിഎമ്മിന്റെ കുട്ടിപ്പടയായ എസ് എഫ് ഐ യുടെ ക്യാമ്പസ് അക്രമത്തെക്കുറിച്ചായിരുന്നു.സിപിഎമ്മിനെ വിമർശിച്ചു എന്ന് വരുത്തുകയും ചെയ്യാം, മുഖ്യമന്ത്രിയെ പിണക്കാതിരിക്കുകയും ആവാം എന്ന കപട തന്ത്രമാണ് ബിനോയ് വിശ്വം ഇപ്പോൾ നടത്തിയിരിക്കുന്നത്.രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ദേശീയതലത്തിൽ മുഖ്യമായി പ്രവർത്തിക്കുന്നത് സിപിഎമ്മും സിപിഐയും.ഇതിൽ ജനകീയ ശക്തിയുടെ കാര്യത്തിൽ സിപിഎം ആണ് മുന്നിൽ.എന്നാൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സത്യസന്ധത പുലർത്തിയ നേതാക്കൾ മുഴുവൻ നിലയുറപ്പിച്ചത് സിപിഐ പാർട്ടിയിൽ ആയിരുന്നു. അത്തരത്തിൽ പാർട്ടി അനുഭാവികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ സൽപേര് മാത്രം സമ്പാദിച്ച മുഴുവൻ നേതാക്കളും സിപിഐയുടെ തലപ്പത്ത് ഉള്ളവരായിരുന്നു.അവർക്കുണ്ടായിരുന്ന നട്ടെല്ലിന്റെ കരുത്തും നാവിന്റെ ശക്തിയും ഇപ്പോഴത്തെ സിപിഐ സെക്രട്ടറി അടക്കമുള്ള നേതാക്കന്മാരുടെ അയൽവക്കത്ത് പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.കേരളം കണ്ട മികച്ച മുഖ്യമന്ത്രി സി അച്യുതമേനോൻ, ജനകീയ നേതാവായിരുന്ന എം എൻ ഗോവിന്ദൻ നായർ,സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്ന പി കെ വാസുദേവൻ നായർ,കൂടാതെ നട്ടെല്ല് നിവർത്തി രാഷ്ട്രീയം നടത്തിയ സി കെ ചന്ദ്രപ്പൻ, എൻ ഇ ബലറാം,വെളിയം ഭാർഗവൻ,വി വി രാഘവൻ,തുടങ്ങിയവരൊക്കെ ചരിത്രപരമായ രേഖകൾ കൈമാറിയിട്ടുള്ള ഒരു പാർട്ടിയെ ഇപ്പോൾ നയിക്കുന്ന ആളാണ് ബിനോയ് വിശ്വം. ഇടതുപക്ഷത്തിന് ബലക്ഷയം ഉണ്ടാകുന്ന ഏത് പ്രവർത്തി ആര് ചെയ്താലും അവരുടെ മുഖത്തുനോ
ക്കി നിങ്ങൾ ചെയ്തത് തെറ്റാണെന്നും,അത് തിരുത്തണമെന്നും പറയാനുള്ള ആർജ്ജവം കാണിച്ചിരുന്ന നേതാക്കൾ നയിച്ച സിപിഐ എന്ന പാർട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറി വാഴപ്പിണ്ടി പോലുള്ള നട്ടെല്ലും,അഴകൊഴമ്പൻ നാവുമായി പ്രസ്താവന നടത്തുമ്പോൾ പഴയ നേതാക്കളെ ഓർത്ത് കേരളത്തിലെ ജനങ്ങൾ സഹതപിക്കുന്നുണ്ടാവും.ഏതായാലും ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി തോറ്റു പാളീസായി.തോറ്റതിൻറെ കാരണം മനസ്സിലായിട്ടു പോലും അത് കൃത്യമായി തുറന്നു പറയാതെ ഒളിച്ചും പാത്തും വിമർശനത്തിനൊരുങ്ങുന്ന ബിനോയ് വിശ്വത്തെ പോലെയുള്ള നേതാക്കൾ രാഷ്ട്രീയത്തിന് അപമാനമല്ലേ എന്ന് തോന്നുകയാണ്.കേരളത്തിൽ ഇന്നും വലിയ തോതിൽ അനുഭാവികളുള്ള ഒരു പാർട്ടിയുടെ നേതാവ് മറ്റൊരു പാർട്ടിയുടെ നേതാവിൻറെ മുന്നിൽ നാവ് വലിഞ്ഞുമുറുക്കി ഓച്ഛാനിച്ചു നിൽക്കാൻ പാടുപെടുന്നത് കാണുമ്പോൾ, പൊതുജനം ചിരിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാത്തത് ബിനോയ് വിശ്വത്തിന് മാത്രമായിരിക്കാം.