ഇടഞ്ഞു നിൽക്കുന്ന മുരളി ഇടങ്കോൽ ആകുമോ.

ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ കെ. മുരളീധരൻ അകലം പാലിക്കുന്നു.

മുൻമന്ത്രി മുൻ കെപിസിസി പ്രസിഡൻറ് മുൻ എംപി മുൻ എംഎൽഎ ഇതെല്ലാം കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ. മുരളീധരന്റെ പേരിനൊപ്പം ചേർന്ന് നിൽക്കുന്നതാണെങ്കിലും ഇതിനെല്ലാം മുകളിൽ മുരളീധരന് ജനങ്ങൾക്കിടയിൽ ഒരു വിശേഷണം ഉണ്ട്. അത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ എക്കാലത്തെയും ലീഡർ ആയ കെ കരുണാകരന്റെ മകൻ എന്ന സ്ഥാനമാണ്. പാർട്ടിയോ മറ്റ് ഏതെങ്കിലും സംവിധാനമോ മുരളീധരനെ ഏതെങ്കിലും തരത്തിൽ അകറ്റിനിർത്താനോ അവഗണിക്കാനോ ഒരുങ്ങിയാൽ പോലും മുരളീധരൻ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഒരു സ്ഥാനമുണ്ട്. ആ സ്ഥാനത്തിന്റെ ബലത്തിലാണ് മുരളീധരൻ എന്ന നേതാവ് പലപ്പോഴും വെല്ലുവിളികൾ ഉയർത്തിക്കൊണ്ടുതന്നെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് ചുവടുറപ്പിച്ചു നിൽക്കുന്നത്. പല പദവികളിലും ഇരുന്നു എങ്കിലും ഇപ്പോൾ പേരിനൊപ്പം ചേർത്തുവയ്ക്കുവാൻ ഒരു പദവിയും ഇല്ലാത്ത ജന സ്വാധീനമുള്ള നേതാവ് മാത്രമാണ് മുരളീധരൻ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എല്ലാ തരത്തിലും വിജയം ഉറപ്പായിരുന്നു വടകര മണ്ഡലത്തിൽ നിന്നും നിർബന്ധപൂർവ്വം മാറ്റി തൃശ്ശൂരിൽ സ്ഥാനാർഥിയായി വരികയും പരാജയം ഏറ്റുവാങ്ങുകയും ചെയ്ത നേതാവാണ് മുരളീധരൻ. പരാജയത്തിൽ മുരളീധരന് പുതുമയൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് തോൽവി മുൻപും അനുഭവിച്ചിട്ടുള്ളതാണ്. എന്നാൽ തൃശ്ശൂരിലെ അനുഭവം ഫലം പുറത്തുവന്ന ശേഷം മുരളീധരൻ എന്ന നേതാവിനെ വല്ലാതെ വേദനിപ്പിച്ചു എന്നതാണ് അദ്ദേഹത്തിൻറെ തന്നെ വാക്കുകളിലൂടെ ജനങ്ങൾ കണ്ടത്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുരളീധരൻ തോൽക്കുകയായിരുന്നില്ല. മറിച്ച് തോൽപ്പിക്കുകയായിരുന്നു. ആ കളികൾക്ക് അണിയറയിൽ ചരട് വലിച്ചത് കോൺഗ്രസ് നേതാക്കൾ തന്നെ ആയിരുന്നു എന്ന് തിരിച്ചറിവാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. തോൽവിയുടെ ആഘാതം താങ്ങാവുന്നതിനും അപ്പുറമായപ്പോഴാണ് മുരളീധരൻ മനസ്സ് തുറന്ന് ചില കാര്യങ്ങൾ പറഞ്ഞത്. താൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്നും മത്സരങ്ങളിൽ ഇനി ഉണ്ടാവില്ല എന്നും ഒക്കെ അദ്ദേഹം വിലപിച്ചത് നാം കണ്ടതാണ്.

ഇപ്പോൾ വയനാട് ലോകസഭ മണ്ഡലത്തിലും പാലക്കാട് ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തിൽ മുരളീധരൻ മത്സരിക്കണം എന്ന ആലോചന മാത്രമല്ല നിർദേശം പോലും കോൺഗ്രസിന്റെ പല നേതാക്കളും ഉയർത്തിക്കൊണ്ടിരുന്നു. ആദ്യഘട്ടത്തിൽ മടുത്തുനിന്ന മുരളീധരൻ ക്രമേണ മത്സരത്തിന് തയ്യാറായ മാനസികാവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം മുരളീധരൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹവുമായി ഒരു വിധത്തിലും ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതാവും മറ്റുചിലരും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ കൂട്ടത്തിൽ എന്നയാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.മുരളീധരൻ എന്ന കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് മനസ്സുകൊണ്ട് ഒരു തീരുമാനത്തിൽ എത്തി എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. രാഹുൽ ഗാന്ധി ഒഴിയുകയും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്ത വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എത്തുന്നത് കോൺഗ്രസിന്റെ മറ്റൊരു നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയാണ്. അതുകൊണ്ടുതന്നെ പ്രിയങ്ക ഗാന്ധിയുടെ വലിയ ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പാക്കുന്നതിന് ആ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ മുഴുവൻ സമയവും പങ്കെടുക്കുക എന്ന ഒരു തീരുമാനമാണ് മുരളീധരൻ ഇപ്പോൾ എടുത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന പാലക്കാട് ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ എന്തായാലും മുരളീധരൻ എന്ന നേതാവിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയില്ല. പ്രത്യേകിച്ചും ചേലക്കര മണ്ഡലം മുരളീധരൻ മത്സരിച്ച തൃശ്ശൂർ മണ്ഡലത്തിലെ ഒരു നിയമസഭ മണ്ഡലം ആണ്. ആ മണ്ഡലത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരനെ തോൽപ്പിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ ഉണ്ടായതാണ്. അത്തരത്തിൽ തന്നെ തോൽപ്പിക്കാൻ രഹസ്യ നീക്കം നടത്തിയ നേതാക്കളോടൊപ്പം വേദി പങ്കിടാൻ മുരളീധരൻ തയ്യാറാകില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

 

പ്രതിഷേധവും പരിഭവവും ഉള്ളിൽ ഒതുക്കി വയനാട് ലോകസഭാ മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനുള്ള മുരളീധരന്റെ തീരുമാനം പാർട്ടിയുടെ ഇടയിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. മുരളീധരൻ എന്ന മുതിർന്ന നേതാവിനെ അനുനയിപ്പിക്കാനും മുൻനിരയിലേക്ക് കൊണ്ടുവരുവാനും കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാന്റെ അടക്കമുള്ള സംവിധാനങ്ങൾ ബന്ധപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ ദേശീയ പ്രസിഡണ്ടും മറ്റും ഈ കാര്യത്തിൽ മുരളീധരനുമായി സംസാരിച്ചിട്ടുള്ളതായാണ് അറിയുന്നത്.മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചരണം ഊർജിതമാവുകയും ചെയ്തു എങ്കിലും ഇപ്പോഴും മുരളീധരൻ എല്ലാം മറന്ന് രംഗത്ത് വരാൻ തയ്യാറായിട്ടില്ല. എന്നാൽ 23 ആം തീയതി വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഒപ്പം രാഹുൽഗാന്ധിയും വരികയാണെങ്കിൽ രാഹുൽ മുരളീധരന്റെ കാര്യത്തിൽ നേരിട്ട് തന്നെ ചർച്ച നടത്തി അദ്ദേഹത്തിൻറെ പ്രതിഷേധം അകറ്റാനും പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ ഇത്തരത്തിലുള്ള ഇടപെടൽ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും ഇടഞ്ഞു നിൽക്കുന്ന മുരളീധരനെ ഏതുവിധത്തിലും മനസ്സുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുഖ്യ നേതാവായി മാറ്റുവാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്.