ഇന്ത്യ അതിവേഗം കുതിക്കുകയാണ് എന്നും സാമ്പത്തിക കാര്യത്തിൽ ലോകത്തിലെ വൻശക്തിയായി ഇന്ത്യ മാറും എന്നും ഒക്കെ സ്ഥിരമായി വീരവാദം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പറയുന്ന കാര്യത്തിൽ വല്ല വാസ്തവവും ഉണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട പുതിയ ചില റിപ്പോർട്ടുകൾ പ്രസക്തമാകുന്നത്. ഇന്ത്യയിൽ ഇരുപത്തിമൂന്നര കോടിയിലധികം ജനങ്ങൾ രൂക്ഷമായ പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ് എന്നും ലോകത്തെ 127 രാജ്യങ്ങളിലെ പട്ടിണി ദാരിദ്ര്യ വിവരം പരിശോധിച്ച ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ നൂറ്റിയഞ്ചാം സ്ഥാനത്താണ് എന്നും പറഞ്ഞിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയുടെ കണക്കുകൾ ആണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടത്. ഗുരുതരമായ സ്ഥിതിയിൽ പട്ടിണി നിലനിൽക്കുന്ന രാജ്യങ്ങൾ ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ എത്യോപ്യ നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ആണ്. ലോക ദരിദ്രരിൽ പകുതിയിലധികം മനുഷ്യരും ഈ പറയുന്ന രാജ്യങ്ങളിൽ ആണ് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ലോകത്ത് ഒട്ടാകെയായി 630 കോടി ജനങ്ങൾ ഉള്ളതിൽ 110 കോടി ജനങ്ങളും കടുത്ത ദാരിദ്ര്യത്തിൽ കഴിയുകയാണ്. ഏറെ വേദനാജനകമായ മറ്റൊരു വസ്തുത ദാരിദ്ര്യം അനുഭവിക്കുന്ന ആൾക്കാരിൽ 58 ശതമാനത്തിൽ അധികം കുട്ടികളാണ് എന്നതാണ് .18 വയസ്സിൽ താഴെയുള്ളവരുടെ കണക്കാണ് ഇതിൽ പെടുത്തിയിട്ടുള്ളത്.
ലോകത്ത് അനിയന്ത്രിതമായി പട്ടിണിയും ദാരിദ്ര്യവും പെരുകി വരുന്നതിന് മുഖ്യ കാരണമായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത് ലോകത്ത് പല രാജ്യങ്ങളിലും തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളാണ്. ഇതിനു പുറമേ ചില രാജ്യങ്ങളിൽ ആഭ്യന്തര കലഹങ്ങളും നടക്കുന്നുണ്ട്. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ സ്വാഭാവികമായും ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലാതെ വരികയും ലഭിക്കുന്ന വസ്തുക്കൾക്ക് വൻ വില നൽകേണ്ടി വരുന്നതും ദാരിദ്ര്യം വർദ്ധിപ്പിക്കുന്നുണ്ട്. ഓരോരോ കാരണങ്ങളുടെ പേരിൽ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരകളായി മാറുന്നത് ഈ രാജ്യങ്ങളിലെ ജനങ്ങളാണ്. ജനങ്ങൾ കാലങ്ങളായി അധ്വാനിച്ച് സ്വരൂപിച്ച എല്ലാ സമ്പാദ്യവും ഒരു സുപ്രഭാതത്തിൽ തച്ചു തകർക്കുന്ന രീതിയാണ് ഇത്തരം യുദ്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 10 വർഷത്തിനിടയിൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം നടത്തിയിട്ടുള്ള ചില പരിഷ്കരണ തീരുമാനങ്ങൾ രാജ്യത്തിൻറെ പൊതു സാമ്പത്തിക വളർച്ച തകർത്തിട്ടുണ്ട്. രാജ്യത്തിൻറെ സ്വത്തായിരുന്ന വൻകിട സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് വിൽപ്പന നടത്തിയത് അടിസ്ഥാന സാമ്പത്തിക നിലവാരത്തിൽ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ എന്നത് സ്വാതന്ത്ര്യാനന്തരം ഒരു കാർഷിക രാജ്യം എന്ന നിലയിലാണ് വിലയിരുത്തിയിട്ടുള്ളത്. കർഷകർക്കും കൃഷിയ്ക്കും പ്രാധാന്യം നൽകിയുള്ള നിയമനിർമ്മാണങ്ങളും ആനുകൂല്യ പ്രഖ്യാപനങ്ങളും ആണ് സ്വാതന്ത്ര്യത്തിനുശേഷം രാജ്യം ഭരിച്ച എല്ലാ സർക്കാരുകളും കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ കർഷകരെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയ കേന്ദ്രസർക്കാരിന്റെ നീക്കം കർഷക ജനതയെ ഒന്നടങ്കം തകർച്ചയിൽ വീഴിച്ചു. ഉത്തരേന്ത്യൻ കാർഷികരംഗം പൂർണമായും പ്രതിസന്ധിയിലാണ്. കർഷകർ കൃഷി നടത്തുന്നതിന് നൽകിയിരുന്ന ആനുകൂല്യങ്ങളും സബ്സിഡികളും കുറഞ്ഞ വിലയ്ക്കുള്ള വളം വിതരണവും കേന്ദ്രസർക്കാർ ഇല്ലാതെയാക്കി. കാർഷിക രംഗത്തേക്ക് ഇത് മൂലം ആൾക്കാർ കടന്നുവരുന്നത് കുറയുന്ന സാഹചര്യം ഉണ്ടാക്കി. കഴിഞ്ഞകാലങ്ങളിൽ റിക്കാർഡ് ഉത്പാദനം വഴി ഗോതമ്പ് ഉത്പാദനം വർദ്ധിച്ചപ്പോൾ രാജ്യത്ത് ഗോഡൗണുകൾ പോരാതെ വരുന്ന സ്ഥിതിയുണ്ടായി. ആ സന്ദർഭത്തിലാണ് വിദേശരാജ്യങ്ങളിലേക്ക് വലിയതോതിൽ ഗോതമ്പ് കയറ്റി അയക്കുന്ന സ്ഥിതി വന്നത്. എന്നാൽ ഇപ്പോൾ സ്വദേശ ഉപഭോഗത്തിനുള്ള ഗോതമ്പു പോലും ഉൽപാദിപ്പിക്കപ്പെടാത്ത സ്ഥിതി വന്നിട്ടുണ്ട്. ഇത് രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥിതിയെ തകർത്തു.
തൊഴിൽ മേഖല എല്ലാത്തരത്തിലും പ്രതിസന്ധിയിൽ കുടുങ്ങുന്ന സ്ഥിതി വന്നു. അസംഘടിത തൊഴിൽ മേഖല കോവിഡ് വ്യാപനത്തിനുശേഷം ഇപ്പോഴും തകർന്ന നിലയിൽ കിടക്കുകയാണ്. രാജ്യത്തിൻറെ വ്യാവസായിക മേഖലയിലും തളർച്ച അല്ലാതെ വളർച്ചയുടെ ലക്ഷണങ്ങൾ ഉണ്ടായില്ല. ഈ വിധത്തിൽ തൊഴിൽ ലഭ്യമല്ലാത്ത സാഹചര്യം വ്യാപകമായതാണ് നമ്മുടെ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പെരുക്കാൻ കാരണമായത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഏതായാലും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും മറ്റു ബിജെപി നേതാക്കളും കുട്ടി ഘോഷിക്കുന്നതുപോലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മുന്നോട്ടു പോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഏതു രാജ്യത്തും പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത ജനങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ആ രാജ്യം വികസനത്തിലേക്ക് മാറുവാനുള്ള വഴി ഒരുങ്ങുക. ഇന്ത്യയിൽ ഇപ്പോഴും അത് സാധ്യമായിട്ടില്ല എന്ന് വെളിപ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ.