രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണി വലിയതോതിൽ ശക്തമായിട്ടുണ്ട്. നല്ലൊരു വിഭാഗം ആൾക്കാർ ഉപയോഗത്തിനായി പെട്രോൾ ഡീസൽ ടൂവീലറുകൾ മാറ്റി ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് എത്തുന്നുണ്ട്. വലിയതോതിൽ ഇലക്ട്രിക് വാഹനങ്ങളുടെ കച്ചവടം കേരളത്തിൽ നടക്കുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇൻറർനാഷണൽ കമ്പനികൾ അടക്കം നിരവധി ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനികൾ ആണ് കേരളത്തെ ലക്ഷ്യം വച്ചുകൊണ്ട് പബ്ലിസിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കൾ കൂടുതൽ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവു കൊണ്ടാണ് ഈ കമ്പനികൾ കേരളത്തിലേക്ക് താല്പര്യപൂർവ്വം എത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഇലക്ട്രിക് വാഹന വിപണി ശക്തമായ തോടുകൂടി ഈ രംഗത്തും പുതിയ തട്ടിപ്പ് സംഘം കടന്നുവന്നതായി പോലീസ് അറിയിപ്പിൽ പറയുന്നു. ഉത്തരേന്ത്യയിൽ സംഘംചേർന്ന ചില തട്ടിപ്പ് ഇടപാടുകാരാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ഈ തട്ടിപ്പ് സംഘത്തിൻറെ പേരിൽ പോലീസിൽ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ശ്രദ്ധിക്കണം എന്ന അറിയിപ്പുമായി കേരളത്തിലെ ആഭ്യന്തരവകുപ്പ് നിർദ്ദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴി ആണ് ഈ തട്ടിപ്പ് സംഘം ജനങ്ങളെ കബളിപ്പിച്ച് പണം എടുത്തു കൊണ്ടിരിക്കുന്നത്. വലിയ പ്രചാരമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ കമ്പനിയുടെ വ്യാജ രേഖകൾ ടൂവീലറുകളുടെ പടങ്ങളോടുകൂടി സമൂഹമാധ്യമങ്ങളിൽ ഈ സംഘം പ്രചരിപ്പിക്കും. ഇപ്പോൾ ബുക്ക് ചെയ്താൽ പതിനായിരവും ഇരുപതിനായിരവും ഒക്കെ പ്രത്യേക വിലക്കുറവ് ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ആ പരസ്യത്തിന്റെ ലിങ്കിൽ കയറുന്നവർക്ക് കമ്പനികളുടെ ഇരുചക്രവാഹനങ്ങളുടെ വിശദവിവരങ്ങളും യഥാർത്ഥ വിലയും ഇപ്പോൾ ബുക്ക് ചെയ്താൽ കിട്ടുന്ന ഇളവുകളും ഒക്കെ ഉണ്ടായിരിക്കും. ഇത് കണ്ട് ആകർഷിക്കപ്പെട്ട അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നമ്മൾ കൈമാറിയാൽ കൃത്യമായ മറുപടി നൽകുകയും വിലക്കുറവിൽ വണ്ടി ലഭിക്കുന്നതിന്റെ ഭാഗമായി അഡ്വാൻസ് ബുക്കിംഗ് ഫീസ് എന്ന നിലയിൽ ഒരു തുക അക്കൗണ്ടിൽ നിക്ഷേപിക്കാൻ പറയുകയും ചെയ്യുകയാണ് രീതി. ഇത്തരത്തിൽ പണം കൈമാറി കഴിയുന്ന ആൾക്കാർക്ക് പിന്നീട് ഈ കമ്പനികളുമായി ബന്ധപ്പെടുവാൻ പോലും കഴിയുന്നില്ല. ടൂവീലർ കമ്പനികളുടെ എംബ്ലം അടക്കം വച്ചുകൊണ്ടാണ് പരസ്യങ്ങൾ പുറത്തുവിടുന്നത്. വണ്ടി ലഭിക്കുന്നതിനുവേണ്ടിയുള്ള അഡ്വാൻസ് ബുക്കിംഗ് ഫീസ് അക്കൗണ്ട് വഴി കൈമാറി കഴിഞ്ഞാൽ നമുക്ക് അതുവരെ ലഭിച്ചിരുന്ന സമൂഹമാധ്യമത്തിന്റെ അക്കൗണ്ട് തന്നെ ഡിലീറ്റ് ആയി പോകുന്ന സ്ഥിതിയാണ് ഉള്ളത്.
വർദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത മുതലെടുത്തുകൊണ്ടാണ് ഉത്തരേന്ത്യകേന്ദ്രീകരിച്ച് ഈ സംഘം ഇപ്പോൾ പ്രവർത്തിച്ചു മുന്നോട്ടുപോകുന്നത്. കേരളത്തിൽ നൂറുകണക്കിന് ആൾക്കാർ ഈ തട്ടിപ്പ് സംഘത്തിൻറെ വലയിൽ കുടുങ്ങിയത് ആയിട്ടാണ് പോലീസ് വകുപ്പ് പറയുന്നത്. ഏതായാലും ആകർഷകമായ പരസ്യങ്ങളും സാമ്പത്തിക വ്യവസ്ഥകളും വെച്ചുകൊണ്ടുള്ള ഏതു പരസ്യം വന്നാലും അതിന്റെയൊക്കെ പിറകെ പോകുവാനും അതിനുവേണ്ടി പണം ചെലവാക്കാനും ഒരു മടിയും കാണിക്കാത്ത മലയാളിയുടെ ശീലങ്ങൾ ഇപ്പോഴും തുടരുന്നതിന്റെ ഫലമായിട്ടാണ് ഈ ടൂവീലർ തട്ടിപ്പ് സംഘവും കേരളത്തിൽ വലവീശാൻ തുടങ്ങിയത്. നാട്ടിലും പുറത്തും ഉള്ള ഏതു തട്ടിപ്പ് സംഘത്തിന്റെയും വലയിൽ വീഴുന്ന മലയാളി ഇനിയെങ്കിലും വലിയ ആനുകൂല്യങ്ങൾ പറഞ്ഞുകൊണ്ട് വരുന്ന തട്ടിപ്പ് പരസ്യങ്ങളിൽ വിശദമായ പരിശോധന നടത്തുവാൻ തയ്യാറാകണം. അന്യായമായ രീതിയിൽ ആനുകൂല്യങ്ങൾ ഏത് പരസ്യത്തിൽ ആര് പ്രഖ്യാപിച്ചാലും അത് തട്ടിപ്പിന്റെ ഭാഗം ആയിരിക്കും എന്ന് തിരിച്ചറിവ് ഇനിയെങ്കിലും മലയാളി സ്വന്തമാക്കണം.