NCD അഥവ Non Convertable Debunture വാങ്ങുന്നവർ സൂക്ഷിക്കണം. നിങ്ങൾ നൽകുന്നത് ക്യാഷായിട്ടാണെങ്കിൽ കൂടുതൽ ജാഗ്രത വേണം. NCD ക്ക് പണം ബാങ്ക് വഴി നൽകണമെന്നതാണ് ചട്ടം. എന്നാൽ പല NBFC കളും അതിനെ പ്രോൽസാഹിപ്പിക്കാറില്ല. അതിന് കാരണം അവരുടെ കഴുകൻ കണ്ണുകൾ തന്നെയാണ്. ബാങ്ക് വഴി പണം നൽകിയാൽ അതിന് തെളിവുണ്ടാകും. എന്നാൽ ക്യാഷായിട്ടാണ് നിക്ഷേപകൻ പണം നൽകുന്നതെങ്കിൽ NBFC കൾ നൽകുന്ന ഒരു കടലാസു കഷണം മാത്രമാകും തെളിവ്. NCD ക്ക് യാതൊരു തരത്തിലുമുള്ള ഗ്യാരണ്ടിയില്ല. അതിൻ്റെ കൂടെ നിങ്ങൾ പണം നൽകിയതിന് തെളിവുമില്ലെങ്കിൽ നിങ്ങളുടെ പണത്തിൻ്റെ കാര്യം വെള്ളത്തിൽ വരച്ച വരയാകും.വൻ തട്ടിപ്പു ലക്ഷ്യമിട്ടാണ് പല NBFC കളും NCD ക്ക് പണം ക്യാഷായിട്ട് വാങ്ങുന്നത്. NCD വഴി നിക്ഷേപം കുന്നുകൂടി കഴിയുമ്പോൾ ഇക്കൂട്ടർ നിക്ഷേപർക്ക് നേരെ കൈമലർത്തിക്കാണിക്കും. വേണമെങ്കിൽ പണം നൽകിയപ്പോൾ നിങ്ങൾക്ക് നൽകിയ കടലാസുകഷണം വ്യാജമാണെന്ന് വരെ വാദിക്കും. പിന്നെ പണം നൽകിയതിന് തെളിവുണ്ടാക്കേണ്ട ഉത്തരവാദിത്വം നിക്ഷേപകൻ്റെ തലയിലാകും. ഇവിടെയാണ് ബാങ്ക് വഴി പണം നൽകുന്നതിൻ്റെ പ്രസക്തി. NBFC കളിൽ മാത്രമല്ല എവിടെ നിക്ഷേപം നടത്തിയാലും ബാങ്ക് വഴിയെ പണം കൈമാറ്റം ചെയ്യാവൂ. ഗ്യാരണ്ടിയില്ലാത്ത NCD യുടെ പിറകെ പോകണോ?NCD ക്ക് ആകെയുള്ള ഗ്യാരണ്ടി ഒരു കഷണം കടലാസും കമ്പനി മുതലാളിയുടെ ഉറപ്പും മാത്രമാണ്. NCD വഴി നിക്ഷേപം നടത്തുന്നവർ സ്വന്തം റിസ്കിൽ വേണം നിക്ഷേപം നടത്തേണ്ടതെന്നാണ് റിസർവ്വ് ബാങ്കും സെബിയും നൽകുന്ന നിർദ്ദേശം. NBFC കൾ പ്രചരിപ്പിക്കുന്നതു പോലെ NCD ക്ക് RBIയോ സെബിയോ ഗ്യാരണ്ടി നൽകുന്നില്ല. നിങ്ങളുടെ പണം നിങ്ങളുടെ ഉത്തരവാദിത്വം എന്നാണ് RBI യും SEBIയും പറയുന്നത്. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വ്യാജ പ്രചരണങ്ങൾ നടത്തിയും, വൻ പരസ്യങ്ങളിലൂടെയും, മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് പല NBFC കൾ നിക്ഷേപകരെ ആകർഷിക്കുന്നത്. ഈയടുത്തിടെ തകർന്ന NBFC കളുടെ ചരിത്രം പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. പല കമ്പനികളും അവകാശപ്പെടുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം വെറും തട്ടിപ്പാണ്. വലിയ ചതിയുടെയും തട്ടിപ്പിൻ്റെയും കഥകൾ ഇത്തരം പാരമ്പര്യ വാദങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും. “പണം വിവേകത്തോടെ കൈകാര്യം ചെയ്യുക, ജാഗ്രതയോടെ നിക്ഷേപം നടത്തുക. “