മാണി കേരള കോൺഗ്രസ് പിളർപ്പിലേക്ക്

മുന്നണി മാറ്റത്തിൽ തമ്മിലടി രൂക്ഷം

കേരളത്തിലെ ഇടതുമുന്നണിയിലെ മൂന്നാമത്തെ ഘടകകക്ഷിയാണ് മാണി ഗ്രൂപ്പ് കേരള കോൺഗ്രസ്. അന്തരിച്ച കെഎം മാണി വളർത്തിയെടുത്ത ആ പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് മാണിയുടെ മകൻ ജോസ് കെ മാണിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് യുഡിഎഫിൽ നിന്നിരുന്ന മാണി കേരള കോൺ​ഗ്രസ്സ് എന്ന പാർട്ടി. ആ മുന്നണി വിട്ട് ഇടതുപക്ഷ മുന്നണിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ മത്സച്ചെങ്കിലും അഞ്ചുപേർ മാത്രമാണ് പാർട്ടിക്ക് എം എൽ എ മാരായുള്ളത്. ഇതിൽ ഒരു എംഎൽഎ റോഷി അഗസ്റ്റിൻ ഇപ്പോൾ മന്ത്രിയുമാണ്. മറ്റൊരു എംഎൽഎ എൻ ജയരാജ് ചീഫ് വിപ്പും. പിണറായിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ഇടതുമുന്നണി സർക്കാർ, കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ, മാണി കേരള കോൺ​ഗ്രസ്സ് പാർട്ടി ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിലേക്ക് ചേരണം എന്ന ചർച്ചകൾ ഇപ്പോൾ ഗൗരവമായി നടക്കുകയാണ് .മുന്നണി മാറ്റം ആലോചിച്ചിട്ടില്ല എന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ. കെ മാണി പ്രതികരിച്ചത് .എങ്കിലും ഇതൊന്നുമല്ല വാസ്തവമെന്നും, പാർട്ടിയിൽ ഭാരവാഹികളായ മുതിർന്ന നേതാക്കൾ പലരും ഇടതുമുന്നണിയിൽ പാർട്ടി തുടരുന്നതിൽ അർത്ഥമില്ല എന്ന് അഭിപ്രായമുള്ളവരാണ്. കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ മകളുടെ വിവാഹത്തിന് മുഴുവൻ നേതാക്കളും പാലായിൽ എത്തിയിരുന്നു. അതിനുശേഷം മുതിർന്ന നേതാക്കളും പാർട്ടി ഭാരവാഹികളും നടത്തിയ കൂട്ടായ ചർച്ചയിലാണ് ഇടതുമുന്നണി വിടുക എന്ന ഒരു ആശയം ഉരുത്തിരിഞ്ഞത്. ഇപ്പോൾ മന്ത്രി പദവിയിൽ ഇരിക്കുന്ന റോഷി അഗസ്റ്റിനും ഇടതുമുന്നണി ഔദാര്യമായി നൽകിയ രാജ്യസഭാ എംപി സ്ഥാനത്ത് ഇരിക്കുന്ന ജോസ് മാണിയും മാത്രമാണ് മുന്നണി വിടേണ്ടതില്ല എന്ന വാശിയിൽ നിൽക്കുന്നത്. എന്നാൽ, അടുത്ത പാർട്ടിയുടെ മേഖലാ യോഗത്തിൽ മുന്നണിമാറ്റ വിഷയം ഗൗരവമായി കടന്നുവരുമെന്നും ഭൂരിപക്ഷം നേതാക്കളും മുന്നണി വിടുന്ന കാര്യത്തിൽ യോജിപ്പിലാണ് എന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

മാണി കേരളകോൺ​ഗ്രസ്സ് പാർട്ടിക്ക്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നീ മൂന്ന് എംഎൽഎമാർ കൂടിയുണ്ട്. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സ്റ്റീഫൻ ജോർജ് ആണ് ഇപ്പോൾ മുന്നണി മാറ്റം വേണ്ട എന്ന് നിലപാടെടുക്കുന്ന ഏക പാർട്ടി ഭാരവാഹി. മറ്റുള്ള മുതിർന്ന നേതാക്കളെല്ലാം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരണം എന്ന അഭിപ്രായക്കാരാണ്. ഇതിന് അവർ പറയുന്ന ന്യായങ്ങൾ നിരവധിയാണ്. ഇടതുപക്ഷ മുന്നണി സർക്കാർ റബ്ബർ കർഷകരെ പൂർണ്ണമായും അവഗണിച്ചുവെന്നും റബ്ബറിന്റെ വിലയിൽ സ്ഥിരത നയം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്നതും എതിർപ്പിന്റെ മുഖ്യകാരണമാണ്. കേരളത്തിലെ റബ്ബർ കൃഷിക്കാർ മാത്രമല്ല മുഴുവൻ കർഷകരും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്നും ഈ സർക്കാരിൽ നിന്നും കർഷകർ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ വിജയം ആവശ്യപ്പെട്ട് ജനങ്ങൾക്ക് മുന്നിൽ ചെന്നാൽ ആട്ടിയോടിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും വിമർശനം ഉയർത്തുന്നവർ വാദിക്കുകയാണ്.

മാണികേരള കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അടുത്തു നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവരുടെ നിലനിൽപ്പിന്റെ ഘടകം കൂടിയാണ്. പാർട്ടിയുടെ പ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ കഴിയണമെങ്കിൽ യുഡിഎഫിൽ ചേരുകയല്ലാതെ മാർഗ്ഗമില്ല എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. മറ്റൊരു കാരണം കൂടി ഈ നേതാക്കൾ ഉയർത്തുന്നുണ്ട് ,ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം കൊടുക്കുന്നത് സി പി എം എന്ന പാർട്ടിയാണ്. ഈ പാർട്ടി ആഭ്യന്തര കലഹങ്ങൾ മൂലം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. തമ്മിലടി എല്ലായിടത്തും വ്യാപിച്ചിട്ടുള്ള സിപിഎമ്മിന്റെ നേതൃത്വത്തിൽ, ഇടതുമുന്നണി തെരഞ്ഞെടുപ്പുകളെ നേരിട്ടാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ തുടർച്ചയാകും ഉണ്ടാവുക എന്നും ഈ നേതാക്കൾ പറയുന്നുണ്ട് .

മാണി കേരള കോൺഗ്രസ് പാർട്ടി ഇടതുമുന്നണി വിട്ടാൽ സ്വീകരിക്കാൻ യുഡിഎഫ് നയിക്കുന്ന കോൺഗ്രസിന്റെ നേതാക്കൾ തയ്യാറാകും. എം എം ഹസ്സൻ ,കെ സുധാകരൻ എന്ന നേതാക്കൾ ചില കേരള കോൺഗ്രസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. മറ്റൊരു രഹസ്യ നീക്കം നടത്തിയിരിക്കുന്നത് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിൻറെ നേതാക്കൾ ആണ് .മാണി കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവന്നാൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയും എന്നാണ് ലീ​ഗ് നേതാക്കളും കരുതുന്നത്.മുന്നണി മാറ്റത്തെ അംഗീകരിക്കാതെ നിലപാട് എടുക്കുന്ന ജോസ് കെ മാണിയുടെ മുന്നിലെ വലിയ പ്രശ്നം പാല നിയമസഭ സീറ്റാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ വലിയ തോൽവിയാണ് ജോസ് കെ മാണിക്ക് ഉണ്ടായത്. അവിടെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മാണി സി. കാപ്പനാണ് ജയിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പാലായിൽ ജയിക്കാൻ സാധ്യതയില്ല എന്ന ഒരു തോന്നൽ ജോസ് മാണിക്കുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി മലബാർ മേഖലയിലെ വിജയസാധ്യത ഉറപ്പുള്ള ഒരു സീറ്റ് വിട്ടുകൊടുക്കാൻ മുസ്ലിം ലീഗ് സന്നദ്ധത പ്രകടിപ്പിച്ചതായും വാർത്തയുണ്ട്.

ഈ മാസത്തിൽ നടക്കുന്ന മാണി കേരള കോൺഗ്രസിൻറെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുന്നണി മാറ്റം ആയിരിക്കും ഗൗരവമായി കടന്നു വരിക ഭൂരിഭാഗം നേതാക്കളും ഇടതുമുന്നണി വിടുന്ന തീരുമാനത്തിലേക്ക് എത്താനാണ് സാധ്യത എന്നാൽ ഇതിനെ തൽക്കാലം അംഗീകരിക്കാൻ ജോസ് കെ മാണി റോഷി അഗസ്റ്റിൻ സംഘം തയ്യാറാവില്ല. ജോസ് കെ മാണിയുടെ വലംകൈ ആയിരുന്ന മുൻ എംപി തോമസ് ചാഴിക്കാടനും വാശിയോടെ മുന്നണി വിടുന്നതിന് നിലപാട് എടുത്തിട്ടുണ്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ തൻറെ പരാജയത്തിന് കാരണമായത്, തന്നെ മോശപെടുത്തി മണ്ഡലത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് എന്ന് ഇപ്പോഴും പരാതി പറയുന്ന ആളാണ് തോമസ് ചാഴിക്കാടൻ.

ഏതായാലും വരുന്ന രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽ മാണി കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിന്റെ വേദിയിലേക്ക് കടക്കും എന്നാണ് കോട്ടയം മാധ്യമ സംഘത്തിന്റെ അഭിപ്രായം. മുന്നണി മാറ്റം കൊണ്ടു മാത്രമേ മധ്യകേരളത്തിൽ കേരള കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കഴിയൂ എന്നു വാദിക്കുന്ന പ്രവർത്തകരും കോട്ടയം ജില്ലയിൽ വ്യാപകമാണ്. മാത്രവുമല്ല മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടി ആയിട്ടും ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും തങ്ങളെ വലിയതോതിൽ അവഗണിക്കുകയാണെന്നും മുന്നണിയിൽ പാർട്ടി അർഹിക്കുന്ന ഒരു പരിഗണനയും സിപിഎം നേതൃത്വം തരുന്നില്ല എന്നും സാധാരണ പ്രവർത്തകർക്ക് വരെ പരാതിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒന്നുകിൽ എല്ലാരും ഒരുമിച്ച് ഇടതുമുന്നണി വിടുക അതല്ലെങ്കിൽ മാണി കേരള കോൺഗ്രസ് പിളർന്ന് ഒരു ഭാഗം യുഡിഎഫിൽ ചേരുക. ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് കോട്ടയത്ത് നിന്ന് വാർത്തയായി പുറത്തു വരാനാണ് സാധ്യത.