അയ്യപ്പന്മാരെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നു

ശബരിമല കേന്ദ്രീകരിച്ച് പുതിയ കൊള്ള സംഘം

മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയതോതിൽ ഭക്തജനങ്ങളുടെ വരവ് ശബരിമലയിൽ വർദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന് ലഭിക്കുന്ന ശബരിമലയിലെ വരുമാനവും കുത്തനെ ഉയർന്നിട്ടുണ്ട് .ദിവസേന മുക്കാൽ ലക്ഷത്തോളം ഭക്തന്മാർ സന്നിധാനത്ത് എത്തി ദർശനം നടത്തി മടങ്ങുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് സമീപകാലത്ത് കഴിഞ്ഞ വർഷങ്ങളിൽ ശബരിമലയിൽ വലിയ തോതിൽ തർക്കങ്ങളും വിഷമതകളും പ്രതിസന്ധിയും ഒക്കെ ഉണ്ടായിരുന്നു.

എന്നാൽ, ഈ കൊല്ലത്തെ മണ്ഡലകാല സമയത്ത് ഭക്തജനങ്ങൾക്ക് യാതൊരു വിഷമവും ഉണ്ടാകാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ശബരിമലയിൽ തുടരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അയ്യപ്പന്മാർക്ക് വിഷമതകൾ ഒന്നുമില്ലാതെ തീർഥാടനം തുടർന്ന് പോകുന്നുവെങ്കിലും പുതിയതായി ശബരിമലയിലും സന്നിധാനത്തും നടക്കുന്ന ചില വഴിപാട് തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവരികയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന ഭക്തന്മാരെ വലവീശിയാണ് വഴിപാട് ഏജൻറ് സംഘങ്ങൾ വലിയ തോതിലുള്ള തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

 

ശബരിമലയിൽ നട തുറന്ന് ഭക്തർക്ക് ദർശന സൗകര്യം നൽകുന്ന സമയങ്ങളിൽ പലതരത്തിലുള്ള വഴിപാടുകളും ഒപ്പം നടക്കുന്നുണ്ട് . ഇത്തരത്തിൽ വഴിപാടുകളുടെ നടത്തിപ്പിനിടയിൽ കടന്നുകയറിയാണ് ഈ കമ്മീഷൻ സംഘം സാമ്പത്തികമായി അയ്യപ്പ ഭക്തന്മാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന ഭക്തന്മാരെ കേരളത്തിലെ പല കേന്ദ്രങ്ങളിൽ വെച്ച് ബന്ധപ്പെടുകയും വഴിപാടുകൾ മുൻകൂട്ടി റിസർവ് ചെയ്ത് കൊടുക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് വലിയ തുകകൾ ഈ സംഘം ഭക്തരിൽ നിന്നും തട്ടിയെടുക്കുന്നത്.

സന്നിധാനത്ത് അയ്യപ്പ സന്നിധിയിൽ നിരവധി ഇനങ്ങളിലായി പലതരം വഴിപാടുകൾ നിത്യേന നടക്കുന്നുണ്ട്. ഏറ്റവും പ്രാധാന്യമുള്ള പടിപൂജ വർഷങ്ങളോളം മുൻകൂട്ടി ബുക്ക് ചെയ്ത് കിടക്കുകയാണ്. അതുകൊണ്ട് ആ വഴിപാടിന് പുതിയ ബുക്കിങ്ങിനുള്ള സാധ്യത ഇല്ല. മറ്റുതരത്തിലുള്ള വഴിപാടുകളാണ് തട്ടിപ്പിന് വേണ്ടി ഉപയോഗിക്കപ്പെടുന്നത്. പ്രഭാതപൂജ മുതൽ അത്താഴപൂജ വരെയുള്ള ചടങ്ങുകളിൽ ആയിരക്കണക്കിന് രൂപയുടെ ചാർജ് ഈടാക്കുന്ന ഇനങ്ങളാണുള്ളത്. ശബരിമലയിലെ പ്രധാന വഴിപാടുകൾക്ക് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തന്മാർക്ക് കൃത്യമായി അറിയാതെ പോകുന്നുണ്ട്. അതുകൊണ്ട് തന്നെ അറിവില്ലായ്മ മുതലെടുത്തുകൊണ്ടും കൃത്യസമയത്ത് വഴിപാട് നടത്തുന്നതിന് സൗകര്യം ഒരുക്കും എന്ന വാക്കുകൾ പറഞ്ഞു കൊണ്ടും ആണ് തട്ടിപ്പ് സംഘം വലിയ തുകകൾ ഭക്തന്മാരിൽ നിന്നും തട്ടിയെടുക്കുന്നത്. ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള ഒരു വഴിപാടിന് 5000 രൂപയാണ് നൽകേണ്ടത്. എങ്കിൽ ഈ തുക പതിനായിരവും പതിനയ്യായിരവും ഒക്കെയായി ഏജൻറ്മാർ വാങ്ങിയെടുക്കുന്നതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ.

അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തന്മാർ പരിധികൾ ഇല്ലാത്ത വിധത്തിലുള്ള അയ്യപ്പഭക്തിയിൽ മുഴുകിയാണ് ശബരിമലയിൽ എത്തുക . അയ്യപ്പസ്വാമിയെ വലിയ വിശ്വാസത്തിൽ എടുക്കുന്ന പതിനായിരക്കണക്കിന് അന്യസംസ്ഥാന ഭക്തന്മാരുണ്ട് . ഇവർക്ക് ക്ഷേത്രത്തിൽ ദർശനത്തിന് എത്താൻ കഴിയുന്ന ദിവസത്തിൽ തന്നെ വഴിപാട് ബുക്ക് ചെയ്ത് അത് നടത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ശബരിമലയിൽ വഴിപാടുകൾ അർപ്പിക്കുന്ന ഭക്തന്മാരുടെ എണ്ണം വലിയതോതിൽ ഉള്ളതിനാൽ, എത്തുന്ന എല്ലാ ഭക്തർക്കും കൃത്യമായി വഴിപാടുകൾ നടത്തി മടങ്ങുവാൻ കഴിയാതെ വരുന്നുണ്ട്. ഈ സാധ്യത മുതലെടുത്താണ് വഴിപാട് ബുക്കിംഗ് ഏജൻറ്മാർ അയ്യപ്പന്മാരെ കൊള്ളയടിക്കുന്നത്.

വഴിപാടിന്റെ കാര്യത്തിൽ മാത്രമല്ല ശബരിമലയിലെ മേൽശാന്തി, തന്ത്രി തുടങ്ങിയവരുടെ അനുഗ്രഹം വാങ്ങുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കൊടുക്കും എന്ന് പറഞ്ഞുകൊണ്ടും ഈ ഏജൻറ്മാർ അന്യസംസ്ഥാന അയ്യപ്പന്മാരിൽ നിന്നും വലിയ തുക കൈപ്പറ്റുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.ഇത്തരത്തിൽ സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള ഏജൻറ്മാരെക്കുറിച്ച് പോലീസ് അന്വേഷണത്തിൽ ലഭിക്കുന്നത്, പമ്പയിലും സന്നിധാനത്തിലും ഉള്ള കടകളിലെ ജീവനക്കാരാണ് തങ്ങൾ എന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ പോലീസിന് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ കഴിയാതെ വരുന്നുണ്ട്. സന്നിധാനത്തും പമ്പയിലും നിലക്കലിലും മാത്രമല്ല കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള സ്ഥലങ്ങളിൽ അന്യസംസ്ഥാന അയ്യപ്പഭക്തന്മാർ കൂടുതലായി എത്തുന്ന ക്ഷേത്രപരിസരങ്ങളിൽ ഈ വഴിപാട് ബുക്കിംഗ് ഏജൻറ്മാർ ക്യാമ്പ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായിട്ടാണ് വിവരങ്ങൾ പുറത്തുവരുന്നത്.