തുഷാറിന് പണികൊടുത്ത് വെള്ളാപ്പള്ളി

ബിഡിജെഎസ് പിരിച്ചുവിടില്ലെന്ന് തുഷാർ

എസ്എൻഡിപി യോഗത്തിന്റെ പരമാധികാരിയായി വെള്ളാപ്പള്ളി നടേശൻ എത്തിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. ആവേശത്തോടുകൂടി ഈഴവ സമുദായത്തെ നയിക്കുന്ന അവസരത്തിലാണ് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നത് .അങ്ങനെ രൂപീകരിച്ചതാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി. സ്വന്തം മകനായ തുഷാർ വെള്ളാപ്പള്ളിയെയാണ് പാർട്ടിയുടെ പ്രസിഡണ്ടായി വെള്ളാപ്പള്ളി തന്നെ നിയോഗിച്ചത്. കണക്കുകൾ പ്രകാരം, തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ഭാരതീയ ധർമ്മജന സേന എന്ന ബിഡിജെഎസ് പാർട്ടിക്ക് 10 വയസ്സ് തികഞ്ഞിരിക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയായി കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ സഹകരിച്ചു പലതരത്തിലുള്ള ശ്രമങ്ങളും നടത്തി ഒടുവിൽ തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ് പാർട്ടിയും ചെന്നെത്തിയത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ആയിരുന്നു.

മുന്നണി പ്രവേശം വലിയ ഗംഭീരമായി. ബിജെപിയുടെ ദേശീയ നേതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുകയും ചെയ്തിരുന്നു. പാർട്ടിയുടെ പ്രസിഡണ്ടായ തുഷാർ വെള്ളാപ്പള്ളി ഇതോടുകൂടി ഒരുപാട് വലിയ സ്വപ്നങ്ങൾ കാണുവാനും തുടങ്ങി. കേന്ദ്രമന്ത്രി കസേര മുതൽ കേന്ദ്രസർക്കാരിൻറെ കൈയിലുള്ള പൊതുമേഖലാ സ്ഥാപനത്തിൻറെ ചെയർമാൻ പദവി വരെ തുഷാർ വെള്ളാപ്പള്ളിയുടെ മോഹങ്ങളിൽ കടന്നുകയറി. നിർഭാഗ്യവശാൽ 10 വർഷമായിട്ടും ഒന്നും കിട്ടാത്ത ഗതികേടിലാണ് തുഷാർ വെള്ളാപ്പള്ളിയും സ്വന്തം പാർട്ടിയും എത്തിനിൽക്കുന്നത്.

ബിജെപി മുന്നണിയിൽ ചേർന്നു നിന്നതുകൊണ്ട് ബിഡിജെഎസ് പാർട്ടിക്ക് സാമ്പത്തിക നേട്ടം അല്ലാതെ മറ്റൊന്നും നേടാൻ കഴിയില്ല എന്ന് ബോധ്യമായ അവസ്ഥയിലാണ്, തുഷാറിൻറെ അച്ഛനായ വെള്ളാപ്പള്ളി നടേശൻ ബി ഡി ജെ എസ് എന്ന പാർട്ടി എത്രയും വേഗം പിരിച്ചു വിടണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. കേരളത്തിൽ ഒരു കാലത്തും ബിജെപി പച്ചപിടിക്കില്ല എന്നും പരസ്പരം തമ്മിൽ തല്ലുകയും അഴിമതി നടത്തുകയും ചെയ്യുന്ന നേതാക്കൾ മാത്രമാണ് കേരളത്തിലെ ബിജെപിയിൽ ഉള്ളത് എന്നും വരെ വെള്ളാപ്പള്ളി നടേശൻ തുറന്നു പറഞ്ഞു. ഇതെല്ലാം ബോധ്യമായ സാഹചര്യത്തിലാണ് ബിഡിജെഎസ് ബിജെപി മുന്നണി വിടണം എന്നും അതല്ലായെങ്കിൽ ഈഴവ സമുദായത്തിന് തന്നെ നാണക്കേടായി മാറിയ പാർട്ടി പിരിച്ചു വിടണം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

ഇതൊക്കെയാണെങ്കിലും സ്വന്തമായി മറ്റു പദവി കസേരകൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന തുഷാർ വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം ആകെയുള്ള ആശ്രയം ബിഡിജെഎസ് എന്ന പാർട്ടി മാത്രമാണ്. ഈ പാർട്ടിക്ക് മധ്യകേരളത്തിൽ പല ജില്ലകളിലും ഇപ്പോഴും കുറച്ചൊക്കെ പ്രവർത്തകരുണ്ട്. സാക്ഷാൽ തുഷാർ വെള്ളാപ്പള്ളിതന്നെ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ബിജെപി മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കാര്യമായി വോട്ടു നേടാൻ കഴിഞ്ഞില്ല. കേരളത്തിലെ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ വന്നതിൽ യുഡിഎഫിൽ നിൽക്കുക അല്ലെങ്കിൽ എൽഡിഎഫിൽ നിൽക്കുക എന്നത് മാത്രമാണ് രാഷ്ട്രീയ നേട്ടത്തിന് സാധ്യത നൽകുന്നത്
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും പിന്നീട് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ബിജെപി ഇപ്പോൾ ഉള്ളതിനേക്കാൾ താഴോട്ട് പോകും എന്നൊരു വിലയിരുത്തലാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്. ഇതിൻറെ മുഖ്യകാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ അഴിമതി കഥകളും പരസ്പരമുള്ള തമ്മിലടിയും തന്നെയാണ്. പാർട്ടിയിൽ എന്തെങ്കിലും തരത്തിൽ, നേതൃത്വത്തിൽ അഴിച്ചു പണി നടത്തി പ്രവർത്തന സജ്ജമാക്കാൻ കേന്ദ്ര നേതൃത്വം പല ആലോചനകളും നടത്തിയെങ്കിലും അതൊന്നും ഫലം കാണുന്നില്ല. ഏത് നേതാവിനെ കേരളത്തിലെ പാർട്ടിയെ ഏൽപ്പിക്കാം എന്ന് ആലോചിക്കുമ്പോഴും ആ നേതാവിനെതിരെ ഇവിടുത്തെ മുതിർന്ന നേതാക്കൾവരെ പാരയുമായി എത്തുന്നു എന്നതാണ് വാസ്തവം.

ഇതൊക്കെയാണെങ്കിലും അച്ഛനും എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് സംബന്ധിച്ച കാര്യത്തിലുള്ള നിർദ്ദേശങ്ങൾ എല്ലാം മകനായ തുഷാർ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതിന് കാരണമായി തുഷാർ പറയുന്നത് സ്വന്തം പാർട്ടിയെ ഇടതുമുന്നണിയും യുഡിഎഫും ഗുരുതരത്തിലും അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ്. ഈ രണ്ടു മുന്നണികളും യഥാർത്ഥത്തിൽ ബിഡിജെഎസ് എന്ന പാർട്ടിയുടെ നിലവിലെ ശക്തിയെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ളവരാണ്. കാര്യമായ പ്രവർത്തകരോ അനുഭാവികളോ ഇല്ലാത്ത വെറും ഒരു ചെറിയ ലെറ്റർ ഹെഡ് പാർട്ടിയായി ആണ് ബിഡിജെഎസ് മുന്നോട്ടുപോകുന്നത് എന്ന വിലയിരുത്തലാണ് രണ്ടു മുന്നണികളെയും നയിക്കുന്ന കോൺഗ്രസ് പാർട്ടിക്കും സിപിഎമ്മിനും ഉള്ളത്. അതുകൊണ്ടുതന്നെയാണ് ബിഡിജെഎസ് എന്ന പാർട്ടിയെ ഒപ്പം നിർത്താൻ ഇരുമുന്നണികളും ഒരു താല്പര്യവും കാണിക്കാത്തത്.