സിപിഐ പ്രതിഷേധം തള്ളി

വമ്പൻ അഴിമതിക്ക് കളമൊരുക്കി ഹെലികോപ്റ്റർ ടൂറിസം

ർക്കാർ – സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്നതിന് പദ്ധതിയിട്ട ഹെലി ടൂറിസം പരിപാടിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐഎം മാണി കേരള കോൺഗ്രസും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതാണ്. കേരളത്തിൻറെ ഭൂമിശാസ്ത്രപരമായ പരിതസ്ഥിതികളിൽ ഹെലി ടൂറിസം പദ്ധതി അനുയോജ്യമല്ല, എന്ന വിവിധ വകുപ്പുകളുടെ അഭിപ്രായപ്രകടനങ്ങളെ എല്ലാം തള്ളി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതി നടപ്പിൽ വരുത്തുന്നതിന് അടിയന്തരമായി വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുക എന്നതാണ് സർക്കാരിൻറെ നിലപാട്. ഈ പദ്ധതിയെ എതിർത്തുകൊണ്ട് വനംവകുപ്പിന്റെ ശക്തമായ വിയോജിപ്പ് സർക്കാരിന് കൈമാറിയിരുന്നതാണ്. കഴിഞ്ഞദിവസം കൊച്ചിയിൽ ജലവിമാനം ഇറക്കിക്കൊണ്ട് ടൂറിസത്തിന്റെ മറ്റൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനും സർക്കാർ തീരുമാനമെടുത്തിരുന്നു.

ഈ ജലവിമാനം പദ്ധതിയെയും സിപിഐ രൂക്ഷമായ ഭാഷയിൽ എതിർത്തിട്ടുണ്ട്. എന്നാൽ ഘടകകക്ഷികളുടെ എല്ലാ വിയോജിപ്പുകളെയും തള്ളിക്കളഞ്ഞുകൊണ്ട് രണ്ടു പദ്ധതികളുമായി മുന്നോട്ടു പോകുവാൻ ആണ് ടൂറിസം മന്ത്രിയുടെയും മറ്റും തീരുമാനം. ഇതിനിടയിലാണ് ഹെലി ടൂറിസം പദ്ധതി സർക്കാർ സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്നത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് എന്ന് ആക്ഷേപവുമുണ്ട്. നൂറുകണക്കിന് കോടി രൂപയുടെ മുതൽമുടക്കിലൂടെ സ്വകാര്യപങ്കാളിത്തത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിമാന സർവീസ് നടത്തുന്നതിന് അനുമതി ലഭിക്കുന്ന ഏജൻസികൾക്ക് വലിയ തോതിൽ ഇളവുകൾ അനുവദിക്കുന്ന തീരുമാനവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ പിന്നിൽ അഴിമതിയുടെ കഥകളാണ് ഉള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പദ്ധതി സംബന്ധിച്ച് ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തത്വത്തിലെ അനുമതി നൽകുന്നതിന് തീരുമാനമായത്. ഏറെക്കാലമായി പരിസ്ഥിതിയുടെ പേരിൽ വിവാദത്തിൽ നിൽക്കുന്ന അതിരപ്പിള്ളി ടൂറിസം കേന്ദ്രം മാത്രം ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്തെ മറ്റു പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങളാണ് കൈകൊണ്ടിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ കേരളത്തിലെ 11 ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് പ്രകാരം പൊന്മുടി, വർക്കല, ചടയമംഗലം, കൊല്ലം, മൂന്നാർ, ആലപ്പുഴ, കുമരകം, തേക്കടി, മലമ്പുഴ, ബേക്കൽ, വയനാട്, എന്നിവിടങ്ങളിലേക്കാണ് ഹെലികോപ്റ്റർ ടൂറിസം സജ്ജീകരണങ്ങൾ പൂർത്തീകരിക്കുക. ഇതിനുവേണ്ടി ഹെലി സ്റ്റേഷനുകളും ഹെലി പാഡുകളും സ്ഥാപിക്കും. ഹെലി സ്റ്റേഷനുകളിലേക്ക് ടൂറിസം കേന്ദ്രങ്ങളിൽ നിന്നും യാത്ര സൗകര്യം സജ്ജീകരിക്കുന്നതിന് പുതിയ റോഡുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. മാത്രമല്ല, ഇത്തരം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരത്തിന് എത്തുന്ന ആൾക്കാർക്ക് താമസിക്കുന്നതിനുള്ള വൻകിട ഹോട്ടലുകളും മറ്റു വിശ്രമ കേന്ദ്രങ്ങളും പദ്ധതിയിൽ പറയുന്നുണ്ട്.

ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ ഓരോ വർഷം കഴിയുന്തോറും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കാര്യമായി വർദ്ധിക്കുന്നുണ്ട്. രാജ്യത്തിൻറെ അകത്തുനിന്നും വരുന്ന ആഭ്യന്തര ടൂറിസവും വിദേശരാജ്യങ്ങളിൽ നിന്നും ഉള്ള ടൂറിസ്റ്റുകളും ഇതിൽപ്പെടുന്നുണ്ട്. ഇത്തരത്തിൽ വിനോദസഞ്ചാരത്തിനായി എത്തുന്ന ആൾക്കാർക്ക് വിമാനത്താവളം റെയിൽവേ സ്റ്റേഷൻ മറ്റു കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഹെലി സ്റ്റേഷനുകളിലേക്ക് എത്തുന്നതിനുള്ള യാത്രാസൗകര്യവും പദ്ധതി പ്രകാരം പൂർത്തീകരിക്കുന്നതാണ്.
ടൂറിസം വികസനത്തിന്റെ ഭാഗമായി കൊണ്ടുവന്ന ജലവിമാനം പദ്ധതി ട്രയൽ റൺ നടത്തിയത് തേക്കടിയിലേക്ക് ആയിരുന്നു. ഈ വിമാനം പറക്കൽ തുടങ്ങിയ കൊച്ചിയിലും അവസാനിച്ച തേക്കടിയിലും അന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നതാണ്. വനമേഖലയിൽ ഘോരമായ ശബ്ദത്തോടുകൂടി വിമാനങ്ങൾ പറന്നിറങ്ങുന്ന സ്ഥിതി വന്നാൽ ആന അടക്കമുള്ള കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതി വരുമെന്നതാണ് പ്രധാനമായി പറയുന്ന പ്രതിസന്ധി. എന്നാൽ, വനം വകുപ്പ് തന്നെ ഈ കാര്യത്തിൽ ആശങ്ക അറിയിച്ചു എങ്കിലും ഇതൊന്നും പരിഗണിക്കാതെ എല്ലാ നിർദ്ദേശങ്ങളും തള്ളിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഹെലി ടൂറിസം നയം സംസ്ഥാന സർക്കാർ അംഗീകരിച്ചിരിക്കുകയാണ്.

മറ്റു പല കൊട്ടിഘോഷിച്ച വികസന പദ്ധതികളും എന്തെങ്കിലുമൊക്കെ തകരാറുകളുടെ പേരിൽ നിർത്തിവയ്ക്കേണ്ടി വരികയും, ഏതു പദ്ധതിയുടെയും പിന്നിൽ മന്ത്രിമാരും സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ നേതാക്കളും അഴിമതിക്കുള്ള വഴികൾ കണ്ടെത്തുന്നത് പുറത്തുവരുന്നതുമാണ് പ്രതിസന്ധികൾ ഉണ്ടാക്കുവാനും പദ്ധതികൾ തടയപ്പെടാനും വഴിയൊരുക്കിയത്. മുഖ്യമന്ത്രി തന്നെ വലിയ ആവേശത്തോടെ കൂടി കേരളത്തിൽ നടപ്പിലാക്കും എന്ന് പറഞ്ഞ അതിവേഗ തീവണ്ടിയുടെ യാത്രയ്ക്കുള്ള സിൽവർ ലൈൻ പദ്ധതി ബഹുജനപ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഉപേക്ഷിക്കേണ്ടി വന്നതാണ്. രണ്ടാം പിണറായി സർക്കാരിൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ മിക്കവാറും എല്ലാ വകുപ്പുകളിലുംപെട്ട അഴിമതി ആരോപണങ്ങളും മറ്റു പ്രശ്നങ്ങളും ഉയർന്നു വന്നിട്ടുള്ളതുമാണ്. ഇതെല്ലാം ചർച്ചയായി ഇപ്പോഴും നിലനിൽക്കുന്നതിനിടയിലാണ് വമ്പൻ അഴിമതിക്ക് വഴിയൊരുക്കും എന്ന് സംശയിക്കുന്ന ഹെലി ടൂറിസം പദ്ധതിയുമായി ഇപ്പോൾ സർക്കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.