പഞ്ചായത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുവാൻ വോട്ടർക്ക് അധികാരമുണ്ടോ?
നിജപ്പെടുത്തിയ ഫീസ് അടച്ചാൽ ഏതു പൗരനും അവകാശമുണ്ട്.
കേരള പഞ്ചായത്ത് രാജ് ( എക്സിക്യൂഷൻ ഓഫ് പബ്ലിക് വർക്സ് ) റൂൾസ്,1997 ചട്ടം 14 പ്രകാരം പഞ്ചായത്തിന്റെ കീഴിലുള്ള വാർഡിൽ നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുവാനുള്ള അധികാരം, ആ പഞ്ചായത്തിലെ എല്ലാ വോട്ടർമാർക്കുമുള്ളതാണ്. ഒരു വാർഡിലെ വോട്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇത്തരം നിർമ്മാണ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുവാനായി പ്രത്യേകമായി ഒരു സബ് കമ്മിറ്റിയെ നിയമിക്കുവാനുള്ള അധികാരം വാർഡിലെ ഗ്രാമ സഭക്കുള്ളതാണ്.
Rule 15(6) അനുസരിച്ച് പൂർത്തിയായ നിർമ്മാണ പ്രവർത്തികളുടെ നിലവാരം ഉറപ്പുവരുത്താതെയും, പ്രവർത്തികളുടെ കൃത്യമായ അളവ് Measurement ബുക്കിൽ രേഖപ്പെടുത്താതെയും പഞ്ചായത്ത് പണി നടത്തിയ കോൺട്രാക്ടർക്ക് പണം നൽകുവാൻ പാടുള്ളതല്ല.
ഒരിക്കൽ പൂർത്തിയായ നിർമ്മാണ പ്രവർത്തികളെ സംബന്ധിച്ചിട്ടുള്ള അളവുകൾ കോൺട്രാക്ടർ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നതാണ് ചട്ടം. ഈ അളവും, പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവർത്തി സ്ഥലത്തിന്റെ അളവും കൃത്യമാണോയെന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. അതായത് ആസ്തി രജിസ്റ്ററിൽ ഒരു കിലോമീറ്റർ നീളമെന്ന് മാത്രം രേഖപ്പെടുത്തിയ റോഡിന്റെ അളവ് Measurement ബുക്കിൽ ഒന്നര കിലോമീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരാതികൾ വിജിലൻസിനെ അറിയിക്കുക. ചട്ടം 17(4) അനുസരിച്ചു ടെൻഡർ, എസ്റ്റിമേറ്റ്, പഞ്ചായത്ത് തീരുമാനിച്ചുറപ്പിച്ച പ്രവർത്തിയുടെ തുക, ക്വാളിറ്റി, ആസ്തി രജിസ്റ്റർ, Measurement book, പ്രവർത്തിക്ക് വേണ്ട സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ബില്ലുകൾ എന്നിവ പൊതു രേഖകളായി കണക്കാക്കപ്പെടുന്നു. നിജപ്പെടുത്തിയ ഫീസ് അടച്ചാൽ ഏതു പൗരനും മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് പഞ്ചായത്തിൽ നിന്ന് ലഭിക്കുവാനുള്ള അവകാശമുണ്ട്.