സംസ്ഥാന സ്കൂൾ കലോൽസവം സമയബന്ധിതമായി ക്രമീകരിക്കണം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവം സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടൽ തേടി ജവഹർ ബാൽമഞ്ച്. കലോത്സവത്തിലെ എല്ലാ മത്സരങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ നടത്താനും പരിപാടികൾ രാത്രി പത്തുമണിക്ക് മുമ്പ് സമാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സർക്കാരിന് നിർദ്ദശം നൽകണണെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാന് കത്ത് നൽകി. ശരിയായ ആസൂത്രണമില്ലാതെ നടത്തുന്നതിനാൽ സ്കൂൾ കലോത്സവത്തിലെ പല മത്സരങ്ങളും പുലർച്ചെ വരെ നീളുന്ന സാഹചര്യം സംസ്ഥാനത്തുണ്ടെന്നും ആനന്ദ് കണ്ണശ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ മറഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കലോത്സവങ്ങൾ ഇപ്പോൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളിൽ കടുത്ത മാനസിക സംഘർഷം സൃഷ്ടിക്കാനാണ് കാരണമാകുന്നതെന്നും ജവഹർ ബാൽമഞ്ച് ചൂണ്ടിക്കാട്ടുന്നു. മത്സരങ്ങൾ സമയക്ലിപ്തത പാലിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാംസ്കാരിക സംരക്ഷണവും മത്സരാധിഷ്ടിത പ്രവർത്തനങ്ങളിൽ കഴിവ് വളർത്തുകയും വ്യക്തിത്വ വികസനവും യുവ പ്രതിഭകളെ കണ്ടെത്തലുമാണ് കലോത്സവത്തിന്റെ ലക്ഷ്യങ്ങളെന്നും ജവഹർ ബാൽമഞ്ച് ചെയർമാൻ കത്തിൽ ഓർമ്മിപ്പിക്കുന്നു., എന്നാൽ, സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം ലക്ഷ്യങ്ങളൊന്നും നേടാനാകുന്നില്ലെന്നാണ്. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാത്തതാണ് പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാൻ ബാലാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.