പ്രതിസന്ധികൾ മറികടക്കാൻ നിരന്തരം ശബ്ദമുയർത്തിയ എസ്. ശർമ

ജനങ്ങളുടെ ഉൽക്കണ്ഠകൾ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാൻ ശ്രമിച്ച രാഷ്ട്രീയം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സംബന്ധിച്ചുള്ള ഏത് ചർച്ചയിലും ഉയർന്ന് വരാറുള്ള ഒരു പേര് മുൻ മന്ത്രി കൂടിയായ എസ്. ശർമയുടെയാണ്. എന്റെ നെഞ്ചത്ത് കൂടിയല്ലാതെ നെടുമ്പേശേരിയിൽ വിമാനമിറങ്ങില്ല എന്നൊരു പഞ്ച് ഡയലോഗ് കൂടി അദ്ദേഹത്തിന്റെ പേരിൽ ടാഗ് ചെയ്ത് എല്ലാ കാലത്തേക്കുമായി വെച്ചിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയോ നവമാധ്യമങ്ങളോ ഇന്നത്തെ പോലെ ഫാക്ട് ചെക്കിന് ഉപയോഗിക്കാൻ സാധിക്കാത്ത ഒരു കാലത്ത് നടന്ന സംഭവമായതിനാൽ ഏതോ മാധ്യമം ചാർത്തിനൽകിയ ഈ ചാപ്പ എസ്. ശർമ്മക്ക് മേൽ ഇന്നും തുടരുന്നു എന്നതാണ് വാസ്തവം. 91-96 കാലയളവിൽ എസ്. ശർമ്മ വടക്കേക്കര എംഎൽഎ ആയിരുന്നു. നെടുമ്പാശേരിയിൽ ഒരു എയർ പോർട്ട് എന്ന ആശയം 1993 മുതലാണ് സജീവമാകുന്നത്.

നിയമസഭാ സാമാജികനായതിനാൽ തന്നെ നിയമസഭയുടെ ഡിജിറ്റൽ ആർക്കൈവിൽ ഇതുമായി ബന്ധപ്പെട്ട് എസ്. ശർമ നടത്തിയ ഇടപെടലുകളുടെ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അത് പരിശോധിച്ചത്. അങ്ങനെ കിട്ടിയ  രേഖകളുടെ ഇമേജ് ഇതോടൊപ്പം ചേർക്കുന്നു.
ആ ഇമേജുകളിൽ രണ്ട് സബ്മിഷനുകളാണ് പ്രതിപാദിക്കുന്നത്. ഒരെണ്ണം 1993 ജൂൺ 26ലെയും മറ്റൊന്ന് 1996 മാർച്ച് 13ലെയും. എന്താണ് ഈ സബ്മിഷനുകളിലൂടെ എസ്. ശർമ ഉന്നയിച്ചത് എന്ന് നോക്കാം.

1993 ജൂൺ 26……………
സർ, നിർദിഷ്ട അന്താരാഷ്ട്ര വിമാനത്താവളം നെടുമ്പാശ്ശേരിയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുന്നതിന് മുൻകയ്യെടുത്തു വരികയാണ്. വളരെ സന്തോഷം ഉളളതും ആ പ്രദേശത്തെ ജനങ്ങൾ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതുമായ മഹത്തായ ഒരു ശ്രമം തന്നെയാണ്. ഇതിനുവേണ്ടി ഏകദേശം 1500 ഏക്കർ സ്ഥലം അക്വയർ ചെയ്യേണ്ടി വരുമെന്നാണ് പ്രോജക്ട് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് ഞാൻ മനസിലാക്കുന്നത്. സ്വാഭാവികമായും ആ പ്രദേശത്തുനിന്നും ഒഴിഞ്ഞു പോകേണ്ട സ്ഥലവാസികൾക്ക് ചില ഉൽക്കണ്ഠ, എതിർപ്പല്ല, ഉയർന്നു വന്നിട്ടുണ്ട്. അവരെക്കൂടി വിശ്വാസത്തിലെടുക്കുകയെന്നുള്ളത് ഈ പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ ഉൽക്കണ്ഠ ദുരീകരിക്കാനും അവരെ വിശ്വാസത്തിലെടുക്കാനും കഴിയും വിധത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് വിനയപൂർവ്വം അപേക്ഷിക്കുകയാണ്.

1996 മാർച്ച് 13………….
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺ വേയുടെ സ്ഥലമെടുപ്പ് പൂർത്തീകരിച്ചു വരികയാണ്. ടെർമിനലിന്റെ സ്ഥലമെടുപ്പ് റദ്ദ് ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നതായി അറിയുന്നു. കോടതിയെ സമീപിക്കാനിടവന്ന സാഹചര്യം ഭൂമി ഒഴിഞ്ഞുപോകുന്നവർക്കു മതിയായ വില ലഭിക്കാതെ വരുന്നതുകൊണ്ടുള അതൃപ്തിയും അമർഷവും കൊണ്ടാണ്. കോടതി വിധിയിൽ നിയമപരമായ അധികാരം ഈ സംഘത്തിന് ഇല്ലെന്ന് പറഞ്ഞിരിക്കുന്നു. അത് മനസ്സിലാക്കാതെ ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധിയെ തരണം ചെയ്യാൻ ആ ഉടമസ്ഥൻമാർക്ക് മതിയായ വില ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്താൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുകയാണ്.

ഈ സബ്മിഷനുകളിൽ നിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാണ്.
1. ഇവിടെ പൊതുബോധത്തിൽ കുത്തിവെച്ചിട്ടുള്ളത് പോലെ സിയാൽ എന്ന ആശയത്തെ ഇല്ലാതാക്കാൻ മുന്നിൽ നിന്ന ആളല്ല എസ്. ശർമ്മ. പദ്ധതിയെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
2. ഭൂമി ഏറ്റെടുക്കുന്നതിൽ ആ പ്രദേശത്തെ ജനങ്ങളുടെ ഉൽക്കണ്ഠകൾ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാൻ ശ്രമിച്ച ശർമ്മ അതുമൂലം ഉണ്ടാകുന്ന തടസ്സങ്ങളെ മറികടക്കാൻ, രാഷ്ട്രീയം നോക്കാതെയുള്ള പിന്തുണ അന്നത്തെ സർക്കാരിന് എംഎൽഎ എന്ന നിലയിൽ അദ്ദേഹം നൽകുന്നുണ്ട്.

ഈ കാര്യം സിയാലിന്റെ സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. സിയാലിന്റെ ചരിത്രം വിശദമാക്കുന്ന ലിങ്കിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾ തരണം ചെയ്യാനായി കമ്പനി മാനേജ്മെന്റിനെ സഹായിച്ച മൂന്ന് എംഎൽഎമാരിൽ ഒരാളായാണ് എസ്. ശർമ്മയുടെ പേര് പരാമർശിക്കുന്നത്. അച്ചടി മാധ്യമങ്ങളിൽ വരുന്നതെന്തും പൊതുബോധമായി മാറുന്ന ഒരു കാലത്തെ കാര്യങ്ങളാണിതൊക്കെ. കുപ്പിയും കോഴിക്കാലും കിട്ടാൻ വേണ്ടി ഒരാളെ രാജ്യദ്രോഹിയാക്കാൻ പോലും മടിയില്ലെന്ന് നമ്പി നാരായണൻ പറഞ്ഞ അതേ കാലത്തെ പത്രക്കാർ പൊതുബോധം സൃഷ്ടിക്കുന്ന കാലം. അങ്ങനെ സൃഷ്ടിച്ച പൊതുബോധങ്ങളിൽ ഒന്നാണ് ശർമ്മക്ക് പതിച്ചുകൊടുത്ത സിയാൽ വികസനവിരുദ്ധചാപ്പയും. ആടിനെ പട്ടിയാക്കുന്ന പണിയാണ് മാധ്യമങ്ങൾ ചെയ്തതെന്ന് മുകളിൽ പറഞ്ഞ നിയമസഭാരേഖകൾ തന്നെ സാക്ഷി.

സിയാലിന്റെ ഭൂരിഭാഗം നിർമ്മാണപ്രവൃത്തികളും നടന്നിട്ടുള്ളത് 1996ന് ശേഷമാണ്. 1999ൽ നാടിന് സമർപ്പിക്കപ്പെട്ട സിയാൽ റെക്കോഡ് വേഗതയിലാണ് പൂർത്തീകരിച്ചത്. ഈ കാലത്തെ കുറിച്ച് സിയാൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള കോഫി ടേബിൾ ബുക്കിൽ പരാമർശിക്കുന്നുണ്ട്.1996ൽ പദ്ധതിയെ പ്രതിസന്ധികളുടെ നടുവിൽ നിന്നും 1999 മെയ് 25ന് ഉദ്ഘാടനം ചെയ്യുന്നതിലേക്ക് എത്തിച്ച ഭരണാധികാരിയുടെ പേര് ഇ.കെ. നായനാർ എന്നാണ് സിയാൽ തന്നെ രേഖപ്പെടുത്തുന്നത്. പദ്ധതി കെട്ടിപ്പൂട്ടാൻ പറഞ്ഞ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളൊന്നും സ്വീകരിക്കാതെ സിയാൽ ടീമിനൊപ്പം നായനാർ സഞ്ചരിച്ചതിന്റെ ഫലം കൂടിയായിരുന്നു സിയാൽ.

ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം അന്താരാഷ്ട്ര സർവീസുകൾ ലഭിക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങളിലും നായനാർ സർക്കാർ പ്രതിജ്ഞാബദ്ധമായിരുന്നു. വിദേശ വിമാന സർവീസുകൾ ലഭിക്കുന്നത് സംബന്ധിച്ചുള്ള 2000 മാർച്ചിലെ ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി വിമാനത്താവള ഉദ്ഘാടന ദിവസമായ 25-5-1999 നും തുടർന്ന് 9-11-1999-ലും 25-1-2000-ലും മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്ര സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ മറ്റു ചില വിമാനത്താവളത്തോടൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിനും അന്താരാഷ്ട്ര പദവി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടി ഉടനെ ഉണ്ടാകുമെന്ന് കേന്ദ്ര സിവിൽ നാവിയേഷൻ വകുപ്പുമന്ത്രിയുടെ അറിയിപ്പു ലഭിച്ചിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി ഇ.കെ. നായനാർ സഭയിൽ പറയുന്നത്.

എറണാകുളത്തെ നേവി എയർപോർട്ടിന് ബദലായി ഒരു എയർപോർട്ട് സ്ഥാപിക്കണം എന്ന ആവശ്യം കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞപ്പോഴാണ് സിയാൽ എന്ന ആശയം രൂപം കൊള്ളുന്നത്. അങ്ങനെയാണ് പുതിയ ഒരു സംരംഭകരീതി അന്നത്തെ എറണാകുളം ജില്ലാ കളക്ടർ കൂടിയായിരുന്ന വി.ജെ. കുര്യൻ സർക്കാരിന് മുമ്പിൽ സമർപ്പിക്കുന്നത്. ആറു വർഷങ്ങൾക്കപ്പുറം ആ ആശയം യാഥാർത്ഥ്യമായി മാറുന്നതിനിടയിൽ കേരളത്തിലെ സർക്കാരുകളെ നയിച്ച രണ്ട് മുന്നണികളുടെയും അകമഴിഞ്ഞ പിന്തുണ സിയാലിന് ലഭിച്ചിട്ടുണ്ട്. അത് മറച്ചുവെച്ച് ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും വികസനവിരുദ്ധരായി ചാപ്പ കുത്താനുള്ള സ്ഥിരം കുപ്രചാരണതന്ത്രമാണ് ഈ വിഷയത്തിലും സംഭവിച്ചത്. മലബാറിൽ വിമാനത്താവളം സ്ഥാപിക്കണമെന്ന് 1956ൽ പാലക്കാട് വെച്ച് നടന്ന നാലാം പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കിയതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പാരമ്പര്യം. 1996ലെ നായനാർ സർക്കാരാണ് കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കുന്ന നടപടികളും ആരംഭിക്കുന്നത്. അന്ന് ഏറ്റെടുത്ത ഭൂമിയിൽ വിമാനത്താവളത്തിനുള്ള തുടർനടപടികൾ സ്വീകരിക്കാതെ കല്ല് വെട്ടാൻ കൊടുക്കുകയാണ് 2001ൽ അധികാരത്തിൽ വന്ന എംകെ ആന്റണി സർക്കാൻ സ്വീകരിച്ചത്.

കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പിലാക്കിയ എല്ലാ പദ്ധതികളും വലിയ പിന്തുണ നൽകി പൂർത്തിയാക്കിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇടതു വിരുദ്ധത പേറുന്ന പത്രങ്ങൾ ഉണ്ടാക്കിയെടുത്ത, പൊതുബോധ നിർമ്മിതികൾ ശരിയല്ല എന്ന് ഇന്നത്തെ കാലത്ത് ജനം മനസ്സിലാക്കുന്നുണ്ട്. ആ പൊതുബോധത്തെ തിരുത്താൻ കഴിഞ്ഞതുകൊണ്ടു കൂടിയാണ് ഭരണത്തുടർച്ച കേരളത്തിൽ സംഭവിച്ചത്. മാധ്യമ അജണ്ടകൾ കൃത്യമായി തുറന്നുകാണിക്കാനുള്ള ഉപാധികൾ ഉണ്ടായിരുന്നെങ്കിൽ എന്നോ നടക്കേണ്ടിയിരുന്നതാണ് ഈ ഭരണത്തുടർച്ച.

പ്രതിപക്ഷത്താകുമ്പോഴും പശ്ചാത്തലവികസന പദ്ധതികൾക്ക് വേണ്ടി അടിയന്തരപ്രമേയവും സബ്മിഷനുകളും ഉന്നയിക്കുന്ന ഇടതുപക്ഷ എംഎൽഎമാരെ കണ്ടെങ്കിലും വിഡി സതീശനും മറ്റും നന്നായാൽ മതിയായിരുന്നു. കേരളത്തിലെ ഒരു പദ്ധതിക്കെതിരെ ദില്ലിയിൽ സമരം നടത്തുന്ന എംപിമാരെ കാണുന്ന ഈ കാലത്ത് സിയാലിന്റെ പ്രതിസന്ധികൾ മറികടക്കാൻ സർക്കാരിന്റെ ഇടപെടലുകൾക്കായി നിരന്തരം ശബ്ദമുയർത്തിയ എസ്. ശർമയെ പോലുള്ള രാഷ്ട്രീയക്കാർ മാതൃകയാണ്. നാടിന്റെ വികസനത്തിന് എങ്ങനെ പിന്തുണ നൽകണമെന്ന മാതൃക.