കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തൊഴിലാളി സംഘടനയാണ് ഐ എൻ ടി യു സി. ഈ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി 13 വർഷത്തിലധികമായി തുടരുന്ന ആളാണ് ആർ ചന്ദ്രശേഖരൻ. സംഘടനയിൽ നിയമപരമായി ഒരു തെരഞ്ഞെടുപ്പും നടത്താതെ പ്രസിഡണ്ട് പദവിയിൽ തുടർന്നുവരുന്ന ആളാണ് അദ്ദേഹം. മാത്രവുമല്ല, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കൊല്ലത്തെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആയിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന്റെ പേരിൽ ഇപ്പോൾ പ്രോസിക്യൂഷൻ നടപടി നേരിടുന്ന ആളു കൂടിയാണ് ഈ പറയുന്ന ചന്ദ്രശേഖരൻ.
ഐ എൻ ടി യു സി എന്ന കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനയിൽ കേരളത്തിലെ പല മേഖലകളിൽ പ്രവർത്തിക്കുന്ന 450ലധികം തൊഴിലാളി സംഘടനകൾ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകുന്നുണ്ട്. ഓരോ വർഷവും ഈ സംഘടനകൾ ഐ എൻ ടി യു സിയിൽ അഫിലിയേറ്റ് ചെയ്യുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ യൂണിയനിൽ നിന്നും വാങ്ങിയെടുക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളിൽ നിന്നും പിരിച്ചെടുക്കുന്ന വാർഷിക വരിസംഖ്യയിൽ ഒരു പങ്ക് ആണ് ഈ തരത്തിൽ കേന്ദ്ര സംഘടന എന്ന നിലയ്ക്ക് ഐ എൻ ടി യു സി വാങ്ങിയെടുക്കുന്നത്. വാർഷിക മെമ്പർഷിപ്പ് പുതുക്കൽ തെരഞ്ഞെടുപ്പിനു വേണ്ടി എന്നൊക്കെ പറയാറുണ്ടെങ്കിലും ഒരിക്കലും നിയമപരമായ തെരഞ്ഞെടുപ്പ് നടക്കാറില്ല. അവസാന ഘട്ടം എത്തുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സമവായ മുണ്ടാക്കി സ്വന്തക്കാരെ ഭാരവാഹികളാക്കി നിശ്ചയിച്ച് യൂണിയൻ കൊണ്ട് നടക്കുന്ന തട്ടിപ്പ് പരിപാടിയാണ് കാലങ്ങളായി ചന്ദ്രശേഖര സംഘം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് അഞ്ചുകൊല്ലം മുൻപ് ഐ എൻ ടി യു സി ക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിനായുള്ള ഫണ്ട് പിരിവ് നടത്തിയത്. അഞ്ചു കോടിയിലധികം രൂപ ഇതിനായി പിരിച്ചെടുത്തതായിട്ട് പറഞ്ഞിരുന്നു. സ്ഥലം വാങ്ങലിനും കെട്ടിടം നിർമ്മിക്കുന്നതിനും വേണ്ടിയാണ് ഫണ്ട് പിരിവ് നടത്തിയത്. തിരുവനന്തപുരം മുട്ടത്തറ പരുത്തിക്കുഴി റോഡിലാണ് ആസ്ഥാന മന്ദിരം എന്ന നിലയ്ക്ക് ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 2022 ൽ കെട്ടിടത്തിന്റെ പണികൾ ഏകദേശം പൂർത്തീകരിച്ചപ്പോൾ വലിയ ആഘോഷത്തോടുകൂടി ഉദ്ഘാടനം നടത്താൻ ചന്ദ്രശേഖരനും കൂട്ടരും തീരുമാനിച്ചു. അന്ന് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന രാഹുൽഗാന്ധിയെയാണ് ഉദ്ഘാടകനായി തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച നോട്ടീസുകളും പോസ്റ്ററുകളും ഒക്കെ പുറത്തിറങ്ങിയപ്പോൾ കെട്ടിടത്തെക്കുറിച്ച് പരാതി ഉയരുകയും കോർപ്പറേഷനിൽ നിന്നടക്കം നിയമപരമായ ഒരു അനുമതിയും വാങ്ങാതെ അനധികൃതമായാണ് കെട്ടിടം നിർമ്മിച്ചതെന്ന തരത്തിലുള്ള പരാതികൾ ഉയരുകയും- ഈ സംഭവം പുറത്തുവന്നതിൻറെ പേരിൽ രാഹുൽ ഗാന്ധി ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്ത സംഭവം ഉണ്ടായി.
ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് ഫണ്ട് പിരിവ് പൂർത്തീകരിച്ചപ്പോൾ തന്നെ സംഘടനയ്ക്കകത്ത് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കെട്ടിട നിർമ്മാണത്തിന് ഫണ്ട് പിരിവ് തീരുമാനിച്ച് ഫണ്ട് കളക്ഷൻ പൂർത്തീകരിച്ചു എങ്കിലും എത്ര തുക പിരിഞ്ഞു കിട്ടി എന്നോ കെട്ടിടത്തിന് എത്ര തുക ചിലവാക്കി എന്നോ കണക്ക് അവതരിപ്പിക്കാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. ഈ പ്രശ്നം രൂക്ഷമായപ്പോൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വലിയ വാക്കു തർക്കം ഉണ്ടാവുകയും ഒരു വിഭാഗം ഇറങ്ങി പോക്ക് നടത്തുകയും ചെയ്തു. വിമത വിഭാഗം യോഗം ചേർന്ന് ചന്ദ്രശേഖരനെ പ്രസിഡൻറ് സ്ഥാനത്തു നിന്നും പുറത്താക്കുന്ന പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. കെട്ടിട നിർമ്മാണത്തിൽ പ്രസിഡൻറ് ചന്ദ്രശേഖരനും ഒപ്പം നിൽക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറിയും ചേർന്നുകൊണ്ട് രണ്ടുകോടി രൂപയിലധികം തട്ടിയെടുത്തു എന്ന പരാതിയാണ് എതിർ വിഭാഗം ഉയർത്തിയത്. ഇത് സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
ഇതിനിടയിലാണ് യാതൊരുവിധ നിയമപരമായ അനുമതികളുമില്ലാതെ ബഹുനില കെട്ടിടം പണിതു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചന്ദ്രശേഖര വിരുദ്ധനായ ഒരു നേതാവ് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനോട് വിശദീകരണം ആവശ്യപ്പെടുകയും, യാതൊരു രേഖയും ഈ കെട്ടിടത്തിന് നൽകിയിട്ടില്ല എന്ന മറുപടി നൽകുകയും ചെയ്തപ്പോഴാണ് ഓം ബുഡ്സ്മാൻ്റെ നിർദ്ദേശപ്രകാരം കോർപ്പറേഷൻ കെട്ടിടം പൊളിപ്പിക്കൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആസ്ഥാന മന്ദിരത്തിന്റെ രണ്ടു നിലയുടെ പൊളിക്കൽ ഇപ്പോൾ നടത്തുന്നതെന്നാണ് അറിയുന്നത്.
കേരളത്തിലെ കോൺഗ്രസുകാരായ തൊഴിലാളി സംഘടനാ പ്രവർത്തകർ വിയർപ്പുഴുക്കി പണം ഉണ്ടാക്കി കൈമാറിയിട്ട് യാതൊരു ഉത്തരവാദിത്വബോധവും കാണിക്കാതെ കോടിക്കണക്കിന് രൂപയുടെ അനാവശ്യ വിനിയോഗം നടത്തുകയും അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ച് മറ്റു നേതാക്കളെ പറ്റിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് കൂടിയായ ചന്ദ്രശേഖരനെ പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കണമെന്ന ആവശ്യവുമായി ഐ എൻ ടി യു സി യുടെ സംസ്ഥാന നേതാക്കൾ സംയുക്തമായി കെപിസിസി പ്രസിഡണ്ടിന് പരാതി നൽകിയതായിട്ടും അറിയുന്നുണ്ട്. ഏതായാലും കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ജയിൽ കാത്തു കഴിയുന്ന ചന്ദ്രശേഖരന്റെ പേരിൽ ഉയർന്നിരിക്കുന്ന ആസ്ഥാനമന്ദിര ഫണ്ടിന്റെ തട്ടിപ്പും കൂടുതൽ കുരുക്കിലേക്ക് ചന്ദ്രശേഖരനെ തള്ളിവിടുന്ന സ്ഥിതി ഉണ്ടാക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.