പൊട്ടി പൊളിയുന്ന മലയാള സിനിമാലോകം

ജനുവരിയിൽ മാത്രം 110 കോടി നഷ്ടം

രു നൂറ്റാണ്ടോളം പഴക്കമുള്ള മലയാള സിനിമയുടെ കഴിഞ്ഞ കാല ചരിത്രങ്ങളിൽ ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള നഷ്ട കണക്കുകളിലേക്കാണ് മലയാള സിനിമാ മേഖലാ എത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്ന സൂപ്പർ താരങ്ങളുടെ സിനിമകൾ അടക്കം വമ്പൻ പരാജയമാണ് ഏറ്റുവാങ്ങുന്നത് എന്നാണ് നിർമ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും തിയേറ്റർ ഉടമകളുടെ സംഘടനയും ഒക്കെ ചേർന്നുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. ഈ തരത്തിൽ മുന്നോട്ടുപോയാൽ പുതിയ സിനിമ നിർമ്മിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 2025 പിറന്നതിനു ശേഷം ജനുവരി മാസത്തിൽ ആകെ 28 ചിത്രങ്ങൾ പുറത്തിറങ്ങുകയും ഈ സിനിമകളെല്ലാം വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്തു- എന്നാണ് കണക്കുകൾ നിരത്തി സിനിമ സംഘടനകളും പറഞ്ഞിരിക്കുന്നത്. ജനുവരി മാസത്തിൽ മാത്രം തീയറ്ററുകളിൽ എത്തിയ സിനിമകൾക്ക് 110 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് സംഘടനാ നേതാക്കൾ പറയുന്നത്.

വലിയ തോതിൽ പബ്ലിസിറ്റി നടത്തി- കൊട്ടിഘോഷിച്ച മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഡോമിനിക് എന്ന ചിത്രവും നഷ്ടത്തോടെ മുഖം കുത്തി വീണു. അതുപോലെതന്നെ വലിയ കളക്ഷൻ പ്രതീക്ഷിച്ച് പുറത്തിറക്കിയ നടൻ ടോവിനോയുടെ 30 കോടി മുതൽ മുടക്കുള്ള ചിത്രം തീയറ്ററിൽ എത്തി. ഇതിനകം കളക്ട് ചെയ്തത് വെറും മൂന്നരക്കോടി രൂപ മാത്രമാണെന്ന് സംഘടനകൾ പറയുന്നു. നടൻ ആസിഫ് അലി നായക വേഷത്തിലെത്തിയ രേഖാചിത്രം എന്ന സിനിമ മാത്രമാണ് ജനുവരി മാസത്തിൽ കഷ്ടിച്ച് വിജയം നേടിയെടുത്തത് എട്ടരക്കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം ഇതിനകം പന്ത്രണ്ടര കോടി രൂപ കളക്ട് ചെയ്തതായും സംഘടനാ നേതാക്കൾ അറിയിച്ചു. ജനുവരി മാസത്തിൽ പുറത്തിറങ്ങിയ പൊന്മാൻ അതുപോലെ വിനീതിന്റെ ചിത്രമായ ഒരു ജാതി ജാതകം, കമ്മ്യൂണിസ്റ്റ് പച്ച, മലബാർ ടൈൽസ്, ഒരുമ്പെട്ടവൻ, സ്വന്തം പുണ്യാളൻ, പ്രാവിൻ കൂട് ഷാപ്പ്, തുടങ്ങിയ എല്ലാ ചിത്രങ്ങളും തിയേറ്ററിൽ എത്തി പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സംഘടനാ നേതാക്കൾ അറിയിച്ചു.

മലയാള സിനിമ മേഖല കഴിഞ്ഞ കുറച്ചു നാളുകളായി വലിയ പ്രതിസന്ധിയും ദുരിതങ്ങളും നേരിട്ടുകൊണ്ട് മുന്നോട്ടു പോവുകയാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വലിയതോതിൽ പീഡനങ്ങൾ നേരിടേണ്ടിവന്ന സാഹചര്യം ഉണ്ടായപ്പോൾ- അത് പരാതിയായി സർക്കാരിന് മുന്നിൽ എത്തുകയും ചെയ്തു. അപ്പോഴാണ് ഈ പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് മലയാള സിനിമാലോകം തലകുത്തി വീഴുന്ന സ്ഥിതി ഉണ്ടായത്. ഇതിൽ കുറ്റക്കാരായി പേരുചേർക്കപ്പെട്ടവരിൽ ഭൂരിഭാഗവും പ്രമുഖർ അടക്കമുള്ള പുരുഷ നടന്മാർ ആയിരുന്നു. നടന്മാർക്കു നേരെ നടികൾ അടക്കമുള്ളവർ കമ്മീഷന് നൽകിയ പരാതിയിൽ പോലീസ് നടപടി ഉണ്ടാവുകയും, മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയ താരങ്ങളും പ്രമുഖ സംവിധായകരും പോലീസിന് മുന്നിൽ കീഴടങ്ങുന്ന സാഹചര്യവും ഉണ്ടായി. മാത്രവുമല്ല മലയാള സിനിമ നിർമ്മാണത്തെ തന്നെ പ്രതിസന്ധിയിൽ ആക്കുന്ന വിധത്തിൽ താരസംഘടനയായ അമ്മയുടെ ഭാരവാഹികൾ മൊത്തത്തിൽ രാജിവച്ചൊഴിയുന്ന സ്ഥിതിയും വന്നു. ഇപ്പോൾ യഥാർത്ഥത്തിൽ താര സംഘടനയായ അമ്മ പൂർണ്ണമായും അനാഥമായി അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ഉള്ളത്.

പ്രമുഖതാരങ്ങൾ പീഡന കേസുകളിൽ പ്രതികളായതോടുകൂടി ഈ താരങ്ങളെ ബുക്ക് ചെയ്തുകൊണ്ട് സിനിമ നിർമ്മാണത്തിന് മുന്നോട്ടുവരാൻ നിർമ്മാതാക്കൾ മടിക്കുന്ന സ്ഥിതിയും ഉണ്ടായി. വലിയ തുക പ്രതിഫലമായി നൽകി പ്രമുഖ താരങ്ങളെ ബുക്ക് ചെയ്താൽ ചിത്രീകരണം നടക്കുന്നതിനിടയിൽ താരങ്ങൾ പോലീസ് പിടിയിൽ ആകുന്ന സ്ഥിതി വന്നാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് പല നിർമാതാക്കളും പുതിയ പടത്തിന്റെ വർക്കുകൾ മാറ്റിവെക്കാൻ തയ്യാറായത്. നടീനടന്മാർ, ടെക്നീഷ്യന്മാർ, സംവിധായകർ, സഹ സംവിധായകർ, പ്രൊഡ്യൂസർമാർ, പ്രൊഡക്ഷൻ കൺട്രോളർമാർ, സെറ്റിലെ ജീവനക്കാർ തുടങ്ങി കാൽ ലക്ഷത്തോളം ആൾക്കാർ പണിയെടുക്കുന്ന ഒരു മേഖലയാണ് സിനിമ ലോകം. മാത്രവുമല്ല കേരളത്തിലെ വ്യവസായ മേഖലയിൽ വലിയ തോതിൽ മുതൽമുടക്കു നടക്കുന്ന ഒരു വ്യവസായം കൂടിയാണ് സിനിമ. ഇത്തരത്തിൽ വലിയ തോതിൽ മുതലിറക്കു നടക്കുന്നതും വലിയ തൊഴിൽ സാധ്യത ഉള്ളതും ആയ മേഖല സ്തംഭിക്കുന്നത് ഈ ആൾക്കാർക്ക് ഉള്ള ജീവിതം തടയുന്ന സ്ഥിതിയാകും വരുത്തി തീർക്കുക.

നിർമ്മാതാക്കളും വിതരണക്കാരും തിയേറ്ററുകാരും അടക്കമുള്ളവരുടെ സംഘടനകൾ കുറച്ചുകാലമായി മുന്നോട്ടുവയ്ക്കുന്ന വലിയ ഒരു ആവശ്യമാണ് സിനിമയിലെ താരങ്ങളുടെ പ്രതിഫല വിഷയം. മെഗാസ്റ്റാറുകളും സൂപ്പർസ്റ്റാറുകളും താഴെക്കിടയിലെ മറ്റു താരങ്ങളുമെല്ലാം യാതൊരു കാരണവും ഇല്ലാത്ത പ്രതിഫലമാണ് നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നത്. സൂപ്പർ താരങ്ങളും മെഗാസ്റ്റാറുകളും കോടികളിലൂടെയാണ് പ്രതിഫലത്തിന്റെ കണക്കുകൾ പറയുന്നത്. മാത്രവുമല്ല പുതിയതായി അഭിനയരംഗത്ത് കടന്നുവന്ന് ഒന്നോ രണ്ടോ പടങ്ങൾ വിജയിക്കുന്ന സ്ഥിതി വന്നാൽ ഈ പുതുമുഖ താരങ്ങളും 50 ലക്ഷത്തിനു മുകളിൽ പ്രതിഫലം ചോദിക്കുന്ന സ്ഥിതിയുമാണ്. താരങ്ങൾ ആവശ്യപ്പെടുന്ന വലിയ പ്രതിഫലമാണ് പ്രൊഡക്ഷൻ ഇനത്തിൽ വലിയ സാമ്പത്തിക ഭാരമായി നിർമ്മാതാക്കൾക്ക് മുമ്പിൽ വരുന്നത് എന്നാണ് അവർ പറയുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ഭാവി നിലനിൽക്കണമെങ്കിൽ ഇത്തരത്തിലുള്ള താരങ്ങളുടെ പണത്തോടുള്ള ആർത്തി അവസാനിപ്പിക്കണം എന്നാണ് സിനിമ സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.