കേരളത്തിലെ മുസ്ലിം മത വിശ്വാസികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. സംശുദ്ധ രാഷ്ട്രീയവും അഴിമതി വിരുദ്ധ നിലപാടും മുഖമുദ്രയാക്കി പ്രവർത്തിച്ചിരുന്ന പ്രമുഖരുമായ മുസ്ലിം നേതാക്കൾ നയിച്ചിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. എന്നാൽ അവരുടെ നിലപാടുകളെ മറന്നു കൊണ്ട് രാഷ്ട്രീയ വിശുദ്ധി പാലിക്കാത്ത ശൈലിയിലേക്ക് മുസ്ലിം ലീഗ് നേതാക്കളിൽ ചിലർ നീങ്ങിയപ്പോൾ ആ പാർട്ടിക്കുണ്ടായിരുന്ന സൽപേരിന് കളങ്കമുണ്ടായി. മതവിശ്വാസികൾക്ക് താല്പര്യമുള്ള പ്രവർത്തന രീതികൾ നടപ്പിലാക്കിയിരുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്ക് മുസ്ലിം മത വിശ്വാസികളുടെ മതസംഘടനകളും ലീഗ് പാർട്ടിക്കൊപ്പം ചേർന്നു. എന്നാൽ അതെല്ലാം താളം തെറ്റിയതോടെ, മുസ്ലീംലീഗിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന പലരും മതസംഘടന നേതാക്കളുമായി ശത്രുതയിലായി. ഇത് മുഖ്യ രാഷ്ട്രീയപാർട്ടിയായ മുസ്ലിംലീഗിന്റെ ശക്തിക്ക് കോട്ടമുണ്ടാക്കും. മുസ്ലിം ലീഗ് പാർട്ടിയിലെ ഉന്നത നേതാക്കളടക്കം പലരും പലതരത്തിലുള്ള അഴിമതികളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും കുരുക്കിൽ പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾ തുറന്നടിക്കുന്ന മതസംഘടന മേധാവികളെ ചോദ്യം ചെയ്യാനും മോശം പരാമർശങ്ങൾ നടത്തി അവരെ തരംതാഴ്ത്താനും നടത്തുന്ന ശ്രമങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുസ്ലിം ലീഗ് എന്നത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയാണ്. അതിൻറെ പ്രാധാന്യം കൊണ്ട് ലീഗിന് നിയമസഭയിലും നല്ല പങ്കാളിത്തം ഉറപ്പാക്കാനായിട്ടുണ്ട്. മലപ്പുറം ജില്ലയാണ് മുസ്ലിംലീഗിന്റെ പ്രധാന കേന്ദ്രം. ഈ ജില്ലയിലുള്ള ലീഗിൻറെ നേതാക്കളടക്കമുള്ളവർ സാമ്പത്തിക ക്രമക്കേടുകൾ വഴി കുറ്റാരോപിതരാണ്. മുസ്ലിം ലീഗിൻറെ യുവജന സംഘടനയായ യൂത്ത് ലീഗിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വൻതോതിൽ പണസമ്പാദനം നടത്തിയെന്ന ആരോപണവിധേയനാണ്. ആദ്യകാലത്തു ലീഗ് നേതൃനിരയിൽ ഉണ്ടായിരുന്നതും, ഇപ്പോൾ ഇടതുമുന്നണി എം എൽ എയുമായ ഒരു നേതാവാണ് ഫിറോസിനെതിരെ അവിഹിത സ്വത്ത് സംമ്പാദന പരാതി വിജിലൻസിന് നൽകിയിരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗിൻറെ മുതിർന്ന നേതാവുമായ ടി പി ഹാരിസ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് പാർട്ടിയുടെ തലപ്പത്തുള്ള ചില നേതാക്കളും സാമ്പത്തിക ക്രമക്കേടുകളിൽ കുറ്റക്കാരാണ്. ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് തങ്ങൾ പോലും സാമ്പത്തിക ക്രമക്കേട് നടത്തി എന്ന പേരുദോഷം നേരിടുന്നുണ്ട് . വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വീട് വച്ചു നൽകുന്ന മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയിലുണ്ടായ ക്രമക്കേടുകളാണ് മുഖ്യമായി ഉയർത്തി കാട്ടുന്നത്. ഭവന പദ്ധതിക്കായി സ്ഥലം വാങ്ങിയത് പോലും തട്ടിപ്പ് വഴിയാണെന്നതാണ് പ്രധാന പരാതി. മാത്രവുമല്ല ഒരു കാരണവശാലും ഭവന പദ്ധതി നടപ്പിലാക്കാൻ പാടില്ലാത്ത വനഭൂമി വാങ്ങി എന്നതും, ഇത്തരത്തിൽ വാങ്ങിയ ഭൂമിക്ക് ചെറിയ വില നൽകി വൻ തുക വിലയായി കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതും, ഇതിനെല്ലാം കൂട്ട് നിന്നത് ലീഗ് പാർട്ടിയെ നയിക്കുന്ന പി. കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് എന്നതും പാർട്ടിയെ വിഷമത്തിലാക്കി. അതോടൊപ്പം ഈ ഭൂമിയിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി നൽകാത്തതും വിവാദമായിരിക്കുകയാണ്. 20 കോടിയിലധികം രൂപ ഈ ആവശ്യത്തിനായി പിരിച്ചിട്ട് 12 കോടി രൂപ മാത്രം മുടക്കി വസ്തു വാങ്ങി എന്നതും, ഇതിൽ തന്നെ ഭൂമിയുടെ യഥാർത്ഥ ഉടമകൾക്ക് നാലര കോടി രൂപ മാത്രമാണ് നൽകിയത് എന്നൊക്കെയാണ് പ്രധാന ആരോപണം. ഇതെല്ലാം കൂടി മുസ്ലിംലീഗ് പാർട്ടി നേതൃത്വത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം മത വിഭാഗത്തിലെ ജനസ്വാധീനമുള്ള സമസ്തയുടെ നേതാക്കളുമായുള്ള ലീഗ് നേതാക്കളുടെ പിണക്കം, ഇത്തരം പ്രശ്നങ്ങൾ പുറംലോകമറിയാൻ കാരണമായിട്ടുണ്ട്. പ്രത്യക്ഷത്തിലുണ്ടായ ലീഗിലെ മാറ്റങ്ങൾ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം തന്നെ മലപ്പുറത്ത് ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിംലീഗ് പാർട്ടിയെ പരമാവധി ഒതുക്കുക എന്ന ലക്ഷ്യവും ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കുണ്ട്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് നേതാക്കളുമായി ജമാഅത്തെ ഇസ്ലാമി നേതാക്കൾ രഹസ്യ ചർച്ച നടത്തിയിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിനിധിയെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാനും രഹസ്യധാരണയായിട്ടുണ്ട്. യുഡിഎഫിനൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന വെൽഫെയർ പാർട്ടിയെ, പ്രതിപക്ഷ നേതാവായ വി ഡി സതീശൻ നേരത്തെ തന്നെ തള്ളികളഞ്ഞിരുന്നു. വെൽഫെയർ പാർട്ടിയെ തള്ളിക്കളഞ്ഞ അവസരം മുതലെടുത്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനോട് അടുക്കാനുള്ള ശ്രമം നടത്തിയത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മറ്റൊരു മുസ്ലിം ആധിപത്യ സംഘടനയായ എസ് ഡി പി ഐ യുഡിഎഫിനെ പിന്തുണക്കുന്ന സാഹചര്യം ഉണ്ടായി. അവിടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ എസ് ഡി പി ഐ പ്രവർത്തകർ രാഹുലിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രകടനം നടത്തി. എന്നാൽ സിപിഎം, ഈ അവിഹിതബന്ധം പുറത്തു കൊണ്ടുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾ എസ് ഡി പി ഐ യെ തള്ളിപ്പറഞ്ഞു. ഇതിനു പുറമേ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളും സമസ്തയുടെ മേധാവികളും തമ്മിൽ വാക് പോര് ശക്തമാവുകയും, ആഭ്യന്തര കലഹത്തിലേക്ക് മാറുകയും ചെയ്തു. സമസ്തയുടെ മേധാവികളും ഇപ്പോൾ മുസ്ലിംലീഗിനെ ഒതുക്കുക എന്ന ആശയത്തോട് യോജിക്കുകയാണ്. കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് പാർട്ടിക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. മുസ്ലിം മത വിശ്വാസികളുടെ ശക്തമായ സ്വാധീനമുള്ള മതസംഘടനകൾ ഒറ്റക്കെട്ടായി ലീഗിനെ തടയാൻ രഹസ്യപ്രവർത്തനങ്ങളുമായി മുന്നേറിയാൽ മുസ്ലീം ലീഗിന് രാഷ്ട്രീയത്തിൽ അതിഭീകരമായ തകർച്ചയുണ്ടാകും എന്നത് വാസ്തവമാണ്. അതേ തകർച്ച കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാവും എന്നതും ഉറപ്പായ കാര്യമാണ്. മുസ്ലിം മത വിഭാഗത്തിന്റെ വിശ്വാസികളുടെ തണലിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് തീവ്ര സ്വഭാവമുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസിൻറെ ചില നേതാക്കൾ അവർക്കെതിരെ ശബ്ദം ഉയർത്തുന്നത്. ഇതിൽ മുന്നിൽ നിൽക്കുന്നത് പ്രതിപക്ഷനേതാവായ വി ഡി സതീശൻ തന്നെയാണ്. മുസ്ലിം ലീഗ് രാഷ്ട്രീയപാർട്ടിയെ മാത്രം അടുപ്പിച്ചു നിർത്തിയാൽ മതി എന്ന നിലപാടാണ് പ്രതിപക്ഷനേതാവായ സതീശനുള്ളത്. എന്നാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ സാമാന്യം നല്ല സ്വാധീനവും വോട്ടുകൾ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണ അവകാശവുമുള്ള മുസ്ലിം മത സംഘടനകൾ സംയുക്തമായി ലീഗ് വിരുദ്ധ നിലപാടിലേക്ക് നീങ്ങിയാൽ യുഡിഎഫിന് തിരിച്ചടി ഉറപ്പാണ്. അത്തരം അനുഭവങ്ങളെ സതീശൻ ഒഴികെ മറ്റു കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി കാണുന്നുമുണ്ട്. ചെന്നിത്തല അടക്കമുള്ള ചില നേതാക്കൾ മുസ്ലിം മത സംഘടനകളെ കൂടി ചേർത്തു നിർത്തണം എന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ കോൺഗ്രസിനകത്ത് നിയന്ത്രണശക്തിയായി നിൽക്കുന്ന സതീശൻ ഇതിനു തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഏതായാലും മുസ്ലിം മത സംഘടനകളുടെ രഹസ്യനീക്കങ്ങൾ മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്ന തരത്തിൽ നീങ്ങിയാൽ യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരും എന്നത് അച്ചട്ടാണ്.