ഏറെ നാളത്തെ നീണ്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കു മൊടുവിൽ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പോലും വിവാദപരമ്പരയായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനായിരുന്നു വിവാദ നായിക. അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചു എന്നതിന്റെ പേരിൽ ശ്വേതാ മേനോന്റെ സ്ഥാനാർത്ഥിത്വം തള്ളിക്കളയാൻ കോടതി വരെ കയറിയിറങ്ങി. എല്ലാറ്റിനുമൊടുവിൽ തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോൻ വലിയ ഭൂരിപക്ഷത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശ്വേതാ മേനോൻ മാത്രമല്ല അമ്മയുടെ ഭാരവാഹികളായ രണ്ടോ മൂന്നോ പേരൊഴികെ മറ്റുള്ള പദവികളിലെല്ലാം വനിതകളാണ്. തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുകയും ചെയ്തു. അങ്ങനെ താരസംഘടനയ്ക്ക് ഭരണസമിതിയായി. തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ വിവാദങ്ങളാണ് തെരെഞ്ഞെടുപ്പിനു ശേഷമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഒട്ടനവധി യുവനടന്മാരടക്കം നല്ലൊരു ശതമാനം അംഗങ്ങൾ വോട്ടിൽ നിന്നും വിട്ടുനിന്നതാണ് പുതിയ വിവാദം. താര സംഘടനയുടെ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻറ് ആയിരുന്ന മോഹൻലാൽ മാത്രമാണ് മുതിർന്ന അംഗം എന്ന നിലയിൽ എത്തിയത്. ചെന്നൈയിൽ കഴിയുന്ന മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം ചികിത്സയിലാണ്. മുൻ ഭരണസമിതികളിൽ നേതൃനിരയിലുണ്ടായിരുന്നവർ അടക്കം നടന്മാരായ ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഇതിൽ കൂടുതലും പുരുഷന്മാരായ യുവതാരങ്ങളാണ് എന്നതും ചർച്ചയായി. താര സംഘടന അമ്മയിലുണ്ടായ തർക്കങ്ങളും അതിൻറെ ഭാരവാഹി പ്രമുഖരിൽ പലരും സ്ത്രീപീഡന കേസുകളിൽ കുടുങ്ങിയതും, താര പ്രമുഖരായ പലരും പോലീസ് കേസുകളിൽ പ്പെട്ടതും സംഘടനക്ക് ഒരുപാട് നാണക്കേടുമുണ്ടാക്കി. അതുകൊണ്ടു തന്നെ പഴയ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു പിന്മാറി. പഴയ ഭരണസമിതി രാജിവച്ചപ്പോൾ മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് ഉണ്ടാകും എന്ന് പറഞ്ഞെങ്കിലും ഒരു വർഷത്തോളം ‘അമ്മ അനാഥമായി കിടന്നു. താരസംഘടനയെ എങ്ങനെയും നിലനിർത്തി മുന്നോട്ട് നയിക്കണം എന്ന് മമ്മൂട്ടിയും മോഹൻലാലും മറ്റു മുതിർന്ന താരങ്ങളും ആഗ്രഹം പ്രകടിപ്പിച്ചു. തുടക്കം മുതൽ ജഗദീഷ് മത്സര രംഗത്ത് വരും എന്ന് പറഞ്ഞിരുന്നുവെങ്കിലും ചില തർക്കങ്ങൾ ഉടലെടുത്തതോടെ അദ്ദേഹവും പിന്മാറി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയതായി ഉയർന്നിരിക്കുന്ന വിവാദം, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ താര പരിവേഷമുള്ള യുവ നടന്മാർ പങ്കെടുത്തില്ല എന്നതാണ്. സൂപ്പർതാര പദവിയിലുള്ള പൃഥ്വിരാജ് വോട്ട് ചെയ്യാൻ എത്തിയില്ല. നിരവധി യുവതാരങ്ങളാണ് അമ്മയുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. യുവ നടൻമാരായ ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് അലി, ജയറാം, ഇന്ദ്രജിത്ത്, തുടങ്ങിയവരൊന്നും വോട്ട് ചെയ്തില്ല. പ്രമുഖ നടിമാരായ മഞ്ജു വാര്യരും, ഉർവശിയും വോട്ട് ചെയ്തില്ല. താരസംഘടനയുടെ കാൽ നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പിലൂടെ ഭരണസമിതിയിലേക്ക് വനിതകൾ കടന്നുകൂടിയത്. ശ്വേതാ മേനോൻ പ്രസിഡണ്ടായി. താരസംഘടനയായ അമ്മയിൽ 506 അംഗങ്ങളാണുള്ളത്. ഇതിൽ 298 അംഗങ്ങൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ 357 പേർ വോട്ട് ചെയ്തിരുന്നു. സംഘടനയുടെ പ്രസിഡണ്ടായി വിജയിച്ച ശ്വേതാ മേനോൻ 159 വോട്ടുകൾ നേടി, വൈസ് പ്രസിഡണ്ട് ആയ കുക്കു പരമേശ്വരൻ 172 വോട്ടുകൾ നേടി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സരയൂ ആണ്. തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായി വനിതകൾ ഭരണസമിതിയിൽ കടന്നുവന്നത് ഭാവി പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയാം. മാത്രവുമല്ല സംഘടനാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തിന് കഴിവുള്ള യുവതലമുറ വോട്ടെടുപ്പിൽ നിന്നും അകന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സിനിമാ മേഖലയിലെ സ്ത്രീ പീഡനങ്ങളാണ് താരസംഘടനയെ പ്രതിസന്ധിയിലാക്കിയത്. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ പഠിക്കുന്നതിന് ഹേമ കമ്മിറ്റി നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് അമ്മ താരസംഘടനയുടെ നേതാക്കളുടെ നിലനിൽപ്പ് പ്രതിസന്ധിയിലായത്. സംഘടനയിലെ പുരുഷ അംഗങ്ങൾ ഭൂരിഭാഗവും അകൽച്ചയിലാണ് എന്നത് സംഘടനയുടെ ഭാവിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സിനിമ മേഖലയിലെ അവശത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയുമായി പ്രവർത്തിച്ചുവന്ന താരസംഘടനയെ സ്ത്രീകൾ മാത്രമായിട്ടുള്ള ഭരണസമിതിക്ക് എത്ര കണ്ട് മുന്നോട്ടു നയിക്കാൻ കഴിയും എന്നതും ചോദ്യചിഹ്നമാണ്.
വലിയ സാമ്പത്തിക ഇടപാട് നടക്കുന്ന സംഘടന കൂടിയാണ് താരസംഘടനയായ അമ്മ. സംഘടനയുടെ നടത്തിപ്പു ചിലവുകൾ തന്നെ ലക്ഷക്കണക്കിന് രൂപ വരും. സഹായ പദ്ധതികൾക്കും മറ്റും പണം കണ്ടെത്തേണ്ടതുണ്ട്. സംഘടനയുടെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള പരിപാടികൾ വഴിയാണ് ഇതെല്ലാം സംഘടിപ്പിച്ചിരുന്നത്. പണം കണ്ടെത്തി സംഘടനയെ മുന്നോട്ടുകൊണ്ടുപോകുവാൻ ഇപ്പോൾ ഭരണചുമതലയേറ്റ നടികളുടെ സംഘത്തിന് കഴിയുമോ എന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. സംഘടനയുടെ തലപ്പത്ത് സ്ത്രീകളായതിൽ പെൺ കൂട്ടായ്മയായ ഡബ്ലിയു സി സി വലിയ ആവേശം കാണിക്കുന്നുണ്ടെങ്കിലും സംഘടനയുടെ ഭാവി എങ്ങനെ എന്നത് ആരും ഉറപ്പു പറയുന്നില്ല. പുതിയതായി പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോൻ സംഘടനയിൽ നിന്നും അകന്നിട്ടുള്ള എല്ലാവരെയും ഒരുമിപ്പിക്കും എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ മാനസികമായി അകന്ന പ്രമുഖരായ താരങ്ങൾ ശ്വേതയുടെ വിളി കേട്ട് തിരികെ വരുമോ എന്നതും നോക്കി കാണേണ്ടതുണ്ട്. ഏതായാലും ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തിലെ താര സംഘടന ഭാരവാഹിത്വമേറ്റെടുത്തിരിക്കുന്നു. എന്നാൽ വലിയൊരു വിഭാഗം സംഘടനയിൽ നിന്നും അകലം പാലിച്ചതും സഹകരിക്കാത്തതും അമ്മ സംഘടനയുടെ ഭാവി എങ്ങനെ എന്നതും അനിശ്ചിതത്വമാണ്. ജനാധിപത്യ ഭരണസമ്പ്രദായം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ പഞ്ചായത്ത് മുതൽ പാർലമെൻറ് വരെ സ്ത്രീ പ്രാതിനിധ്യമുണ്ടാവുകയും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതുപോലെയല്ല താര സംഘടന. അംഗബലം കൊണ്ട് പോലും പരിമിതിയുള്ള സംഘടനയാണ് അമ്മ. മാത്രവുമല്ല സംഘടനയുടെ നിലനിൽപ്പിനും പ്രവർത്തനത്തിനും വൻ സാമ്പത്തിക ബാധ്യതയുമേറെയാണ്. ഇതെല്ലാം നേടിയെടുത്തു സംഘടന പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ സംഘം അമ്മയെ സംരക്ഷിക്കുമോ എന്നത് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.
Prev Post
Next Post