രാജ്യം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിഷയം വോട്ട് കൊള്ളയാണ്. ലോകസഭ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമമായി വിജയം നേടുന്നതിന് ബിജെപി വോട്ട് കൊള്ള നടത്തി. ഇതിനെല്ലാം വഴിയൊരുക്കിയതും, കൂട്ടുനിന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും. തെരഞ്ഞെടുപ്പിൽ ബിജെപിയും ഇലക്ഷൻ കമ്മീഷനും ചേർന്നുകൊണ്ട് നടത്തിയ വോട്ട് തട്ടിപ്പ് തെളിവ് നിരത്തി രാഹുൽഗാന്ധി പുറത്തുവിട്ടപ്പോഴാണ് രാജ്യമൊന്നാകെ ഈ വിഷയം ചർച്ചയാക്കിയത്. ബിജെപി നടത്തിയ വോട്ട് കൊള്ളയുടെ പല കഥകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിലുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത്ത് ഷായുടെ വലിയ അടുപ്പക്കാരനാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി അദ്ദേഹത്തെ നിയമിച്ചത് അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേക താല്പര്യം എടുത്തായിരുന്നു.
രാജ്യത്തിൻറെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ യാതൊരുവിധ രാഷ്ട്രീയ വിധേയത്വവും പുലർത്താത്ത നിഷ്പക്ഷൻ ആയിരിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ സ്വന്തക്കാരനായ ഒരാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള വഴിയൊരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന വിവരങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്. വെറും തെരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമായിരുന്ന ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് അമിത് ഷായുടെ താൽപര്യമായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടെത്തുന്നതിന് ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള സംവിധാനം പോലും ഇതിനായി മാറ്റിഎഴുതി. നിയമപ്രകാരം പ്രധാനമന്ത്രിയും, ലോകസഭാ പ്രതിപക്ഷ നേതാവും, സുപ്രീംകോടതി ചീഫ് ജസ്റ്റിസും, അടങ്ങുന്നതാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടെത്താൻ ചുമതലയുള്ള കമ്മിറ്റി. ഇത് മാറ്റി നിയമഭേദഗതി വരുത്തി കൊണ്ടാണ് പ്രധാനമന്ത്രിയും ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും മാത്രം എന്ന രീതിയിലേക്ക് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്. പുതിയ സംവിധാനത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒഴിവാക്കപ്പെട്ടു. സ്വാഭാവികമായും കേന്ദ്രത്തിൽ അധികാരത്തിലുള്ള സർക്കാരിൻറെ രണ്ടു പ്രതിനിധികൾ വരുന്നതോടുകൂടി മൂന്നംഗ സമിതിയിൽ ഭൂരിപക്ഷം സർക്കാർ തീരുമാനത്തിന് ലഭിക്കുന്ന സ്ഥിതിയായി. ഇത്തരത്തിൽ മാറ്റം വരുത്തി കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുത്തത്. കേന്ദ്രസർക്കാരിൻറെ ഈ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജിയുണ്ടായി. എന്നാൽ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന്റെ തലേ രാത്രിയിൽ കേന്ദ്രസർക്കാർ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ ഉത്തരവ് പുറപ്പെടുവിച്ച സമയം തന്നെ വിവാദമാണ്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന്റെ തലേന്നത്തെ പാതി രാത്രിയാണ് നിയമന ഉത്തരവ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. ഇതെല്ലാം ആഭ്യന്തരമന്ത്രി അമിത്ത് ഷായും പ്രധാനമന്ത്രിയും ചേർന്നുള്ള ഒത്തുകളിയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, ആഭ്യന്തരമന്ത്രിയും തമ്മിലുള്ള അടുപ്പം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കേരളകേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര വകുപ്പിൽ ഉയർന്ന പദവിയിൽ ഉണ്ടായിരുന്നതാണ്. അന്നുമുതൽ അമിത്ത് ഷായുമായി വലിയ അടുപ്പമുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്ര ഭരണസമിതി രൂപീകരണം, കേന്ദ്രസർക്കാർ നടപ്പിലാക്കിയ സഹകരണ നിയമഭേദഗതി, തുടങ്ങിയവയ്ക്കെല്ലാം ചുക്കാൻ പിടിച്ചത് ഗാനേഷ് കുമാർ ആയിരുന്നു, കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ഏറെക്കാലം കേരളത്തിലായിരുന്നു. ജില്ലാ കളക്ടറായും, വിവിധ വകുപ്പ് മേധാവിയായും ഏറെക്കാലം അദ്ദേഹം കേരളത്തിലുണ്ടായിരുന്നു. പിന്നീടാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര സർവീസിലേക്ക് അദ്ദേഹത്തെ മാറ്റുന്നത്. ഇതെല്ലാം അമിത് ഷായുടെ താല്പര്യമായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഗ്യാനേഷ് കുമാറിൻറെ കുടുംബത്തിൽ പലരും കേന്ദ്ര സർവീസിലെ ഉയർന്ന പദവിയിലുണ്ട്.
പല സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും, ബിജെപി ഇത്തരത്തിൽ വോട്ട് തട്ടിപ്പ് നടത്തി ഭൂരിപക്ഷം ഉണ്ടാക്കിട്ടുണ്ട്. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച ആരോപണങ്ങളിൽ ഒന്നിനുപോലും ഇതുവരെ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തത് , വോട്ട് ഇടപാടിൽ കൃത്രിമം നടന്ന കാര്യത്തിൽ ഉറപ്പാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക താല്പര്യമെടുത്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗാനേഷ് കുമാറിനെ നിയോഗിച്ചത് തന്നെ വോട്ടിൽ കൃത്രിമം നടത്തുന്നതിന് വേണ്ടി തന്നെയായിരുന്നു. ഭരണഘടനയെയും നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് അധികാരം കൈക്കലാക്കാൻ ബിജെപിയും പ്രധാനമന്ത്രിയും , ആഭ്യന്തരമന്ത്രിയും , മുതിർന്ന നേതാക്കളും നടത്തിയ കളികളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവും, അതുവഴി നടത്തിയെടുത്തിട്ടുള്ള വോട്ടർ കൃത്രിമങ്ങളും. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തമ്മിൽ ഒത്തു കളിച്ചുകൊണ്ട് നടത്തിയിരിക്കുന്ന നിയമ ഭേദഗതികളും കൃത്രിമങ്ങളും പരാമർശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ അവിഹിതബന്ധ കഥകൾ ഇപ്പോഴും നിറഞ്ഞാടുകയാണ്.