രാഷ്ട്രീയക്കാരുടെ ഇടയിൽ നിന്ന് മാത്രമല്ല കലാകാരന്മാർ, സാഹിത്യകാരന്മാ,ർ ജാതി മത മേധാവികൾ, തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും പലപ്പോഴായി ത്രീപീഡനകേസുകളിൽ പ്രതിചേർക്കപ്പെട്ടവർ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻെറ കേസ് വലിയ പുതുമയുള്ള കാര്യമല്ലമൊന്നുമല്ല. എന്നാലും മറ്റു പദവികൾ മാറ്റിവെച്ചാൽ മാങ്കൂട്ടത്തിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. നിരവധി പീഡനക്കേസുകൾ പുറത്തുവന്ന സാഹചര്യത്തിൽ മാന്യതയുണ്ടെങ്കിൽ അയാൾ എം എൽ എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. ഇവിടെ കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി എല്ലാരും കൂടി കോൺഗ്രസ് പാർട്ടിയുടെ മുതുകത്തോട്ട് കയറിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് രാഹുലിനെ പുറത്താക്കി ചാണക വെള്ളം തളിക്കുന്നില്ല എന്നതാണ് പ്രധാന പാർട്ടികളുടെ നേതാക്കൾ ചോദിച്ചത്. എന്നാൽ ഇത്തരത്തിലുള്ള പീഡന കേസുകളിൽ കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും അടക്കമുള്ളവർ കുടുങ്ങിയപ്പോൾ ഇവരൊക്കെ എന്തു ചെയ്തു എന്ന ചോദ്യവും അവശേഷിക്കുകയാണ്.
ഒരു കോൺഗ്രസ്സ് പാർട്ടിക്കാരനെന്ന നിലയിൽ രാഹുലിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇപ്പോൾ പുറത്താക്കിയിട്ടുണ്ട്. ആ പുറത്താക്കൽ മണിക്കൂറുകൾ വൈകി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ചില കമ്മ്യൂണിസ്റ്റ് ആദർശവീരന്മാർ പ്രസംഗം നടത്തുകയാണ്. ഒരാൾ കുറ്റക്കാരൻ എന്ന രീതിയിലുള്ള വാർത്തകൾ വന്നാൽ കേട്ടപാടെ അയാൾക്കെതിരെ ആരാണ് നടപടിയെടുക്കുക. കോടതിയിൽ കേസ് എത്തിയപ്പോൾ അല്ല മറിച്ച് പരാതിക്കാരി കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടിന് പരാതി നൽകിയപ്പോൾ നിമിഷങ്ങൾക്കുള്ളിൽ ആ പരാതി പോലീസ് ഡിജിപിക്ക് കൈമാറിയിരുന്നു.ഇതല്ലാതെ ഒരു പാർട്ടി നേതൃത്വത്തിന് എന്താണ് ചെയ്യുവാൻ കഴിയുക. പീഡന വീരൻ ആണ് മാങ്കുട്ടത്തിൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇതിനപ്പുറം മാങ്കൂട്ടത്തിൽ കൊലക്കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ പോലും അയാൾ പ്രവർത്തിച്ച പാർട്ടിക്ക് അയാളെ തൂക്കിക്കൊല്ലാനുള്ള വിധി പറയാൻ കഴിയില്ലല്ലോ.
കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ എത്ര നേതാക്കളാണ് പല പെണ്ണ് കേസുകളിലും കൊലപാതകമുൾപ്പടെയുള്ള പല കേസുകളിലും പ്രതികളായിട്ടുള്ളത്.ഏറ്റവും ഒടുവിൽ ശബരിമല സ്വർണ്ണ കൊള്ള കേസിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണ്.
എന്നിട്ടും ഈ നേതാക്കളെ പുറത്താക്കാതെ ആ സഖാക്കൾക്ക് പാർട്ടി ശരണം എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം പാർട്ടിക്കാരാണ് കോൺഗ്രസിന്റെ നടപടിയെ വൈകിപ്പോയി എന്നു പറഞ്ഞ് വിമർശിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന നേതാവ് രാഷ്ട്രീയത്തിൽ എന്നല്ല കൊള്ള സംഘത്തിൽ പോലും കയറ്റാൻ കഴിയാത്ത നെറികെട്ട മനുഷ്യനാണ്. അതുകൊണ്ടാണ് പാർട്ടി ഒരു ദയയും ഇല്ലാതെ അയാളെ ശിക്ഷിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ഈ നടപടി വലിയ പ്രമാണികളായി ചമയുന്ന സിപിഎം നേതാക്കൾ ആ പാർട്ടിയിലെ കുറ്റവാളികൾക്കെതിരെ സ്വീകരിച്ചാൽ നന്നായിരുന്നു. അതുകഴിഞ്ഞ് കോൺഗ്രസ് നേതാക്കൾക്കെതിരെ വിരൽ ചൂണ്ടുന്നതാണ് സാമാന്യ മാന്യത.