ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം…

ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം...

ഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പകുതി ജില്ലകളിലെ വോട്ടർമാർ നാളെ ബൂത്തിലേക്ക് പോവുകയാണ്. പലതരത്തിലുള്ള വിശകലനങ്ങളും പ്രവചനങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരിക്കുകയാണ്. സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണമുന്നണിയുടെ അവകാശവാദം അവർ ഈ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്നാണ്. മറുവശത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ മുന്നണി നേതാക്കൾ അവകാശപ്പെടുന്നത് ഈ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം കൊണ്ടുമാത്രം വലിയ ജയം നേടും എന്നാണ്. ഇതൊക്കെയാണെങ്കിലും നിഷ്പക്ഷമായി രാഷ്ട്രീയം നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും തുല്യ തുല്യമായി എത്തുന്ന സാഹചര്യമാണ് കാണുന്നത്. എന്നാൽ ഇതിനിടയിൽ നേട്ടം കൂടുതലായി ഉണ്ടാക്കിയെടുക്കുക ബിജെപി ആയിരിക്കും എന്നതാണ് ഒരു വാസ്തവം.

തെരഞ്ഞെടുപ്പ് രംഗത്തുള്ള എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണവിരുദ്ധ വികാരം മാത്രമല്ല ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഎം നേതാക്കൾ ജയിലിൽ ആയതും തെരഞ്ഞെടുപ്പിൽ ദോഷം ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഇടതുമുന്നണി നേതാക്കൾ പറയുന്ന ഒരു കുതിച്ചു കയറ്റവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടാകില്ല. മറുവശത്ത് നിൽക്കുന്ന കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയാകട്ടെ ആ മുന്നണിയിലെ അന്തച്ഛിദ്രങ്ങൾ മൂലം ഒരു വലിയ വിജയ സാധ്യത ഇല്ലാതായ അവസ്ഥയിലാണ് നിൽക്കുന്നത്. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയിലെ യുവ നേതാവും എം.എൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ സ്ത്രീ പീഡന കേസുകൾ കോൺഗ്രസിന് മാത്രമല്ല യുഡിഎഫിന് തന്നെ വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടി നടപടിയെടുത്ത് രാഹുലിനെ പുറത്താക്കി എന്നൊക്കെ വിശദീകരിക്കുന്നുണ്ട്. എങ്കിലും ജനങ്ങൾക്കിടയിൽ വലിയ ഒരു അവമതിപ്പ് ഈ പ്രശ്നം മൂലം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കന്മാർ തമ്മിലുള്ള ഭിന്നതകളും.

കേരളത്തിലെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഉള്ള ഇടത് വലത് മുന്നണികൾ ഇത്തരത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്നതുകൊണ്ട് സ്വാഭാവികമായും ഇതിന്റെയൊക്കെ നേട്ടം ഉണ്ടാവുക ബിജെപിക്ക് ആയിരിക്കും. ബിജെപി എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പറ്റി പലതരത്തിലുള്ള പരാതികളും ഉയരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തി പകർന്നുകൊണ്ട് ആർ എസ് എസ് – സംഘപരിവാർ ശക്തികൾ മുന്നിൽ നിൽക്കുന്നത് അവർക്ക് നേട്ടം ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഇടതുമുന്നണിക്കകത്തും മധ്യകേരളത്തിൽ കോൺഗ്രസ് മുന്നണിക്കകത്തും ഘടക കക്ഷികൾ തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടിക്ക് വിമത ശല്യവും കാര്യമായി ഉണ്ട്. ഇതെല്ലാം ഇടത് വലത് മുന്നണികളെ കുറെയൊക്കെ ക്ഷീണിപ്പിക്കുകയും ഇരു മുന്നണികളിലും പെട്ട അതൃപ്തിത്തിയുള്ള വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാനാണ് സാധ്യത. ചുരുക്കിപ്പറഞ്ഞാൽ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു വലത് മുന്നണികൾ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ കുറച്ച് മുന്നേറ്റം ഉണ്ടാക്കി ബിജെപി നേട്ടം കൊയ്യുന്ന സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ കാണുവാൻ കഴിയുന്നത്