ഈ കോൺഗ്രസ് നേതാക്കളെ പൂവിട്ട് പൂജിക്കണം……

ഈ കോൺഗ്രസ് നേതാക്കളെ പൂവിട്ട് പൂജിക്കണം......

ങ്ങനെ ഒരു പാർട്ടിയും നേതാക്കളും വേറെ എവിടെയെങ്കിലും ഉണ്ടോ. കേരളം വലിയ ഒരു തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുകയാണ്. അപ്പോഴാണ് നടൻ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസിന്റെ വിധി പുറത്തുവന്നത്. ഈ വിധി പ്രസ്താവം അറിഞ്ഞശേഷം പല രാഷ്ട്രീയ നേതാക്കളും അവരുടെ അഭിപ്രായപ്രകടനങ്ങൾ നടത്തുകയുണ്ടായി. വിധി ശരിയെന്നും തെറ്റെന്നും വാദങ്ങൾ ഉയർന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞ അഭിപ്രായം പരിശോധിച്ചാൽ അത് ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി മാറും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പ്രതിപക്ഷനേതാവ്, വി ഡി സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നീ മൂന്ന് പേരാണ് മാധ്യമപ്രവർത്തകരോട് നടിയെ ആക്രമിച്ച കേസിലെ വിധി സംബന്ധിച്ച പരാമർശങ്ങൾ പറഞ്ഞത്.

വിധി പുറത്തുവന്ന ശേഷം ആദ്യം പ്രതികരിച്ചത് പ്രതിപക്ഷ നേതാവ് സതീശൻ ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഒരു സ്ത്രീക്കും ഇതുപോലൊരുനുഭവം മേലിൽ ഉണ്ടാകരുത് എന്നും കോടതിവിധിക്കെതിരെ ഒന്നും പറയാനില്ല എന്നായിരുന്നു.അതിനു പിറകെ അഭിപ്രായം പറയാൻ എത്തിയത് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആയിരുന്നു. അദ്ദേഹം വലിയ ഉഗ്രൻ ഡയലോഗ് ആണ് തട്ടിവിട്ടത്. കേസിലെ വിധി സർക്കാരിന്റെയും പ്രോസിക്യൂഷൻ ഭാഗത്തിന്റെയും വൻ പരാജയമാണ് എന്നായിരുന്നു പറഞ്ഞത്.ഈ രണ്ടുപേരുടെയും അഭിപ്രായങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷമാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയുടെ കൺവീനറായ അടൂർ പ്രകാശ് സ്വന്തം അഭിപ്രായം തട്ടിവിട്ടത്. മറ്റു രണ്ടു നേതാക്കളെയും പിന്നിലാക്കികൊണ്ട് അടൂർ പ്രകാശ് കേസിലെ എട്ടാംപ്രതിയും വിവാദ പുരുഷനും ആയിരുന്ന ദിലീപിനെ തലയിൽ ചുമക്കുന്ന അഭിപ്രായമാണ് പുറത്തുവിട്ടത്. ദിലീപ് തൻറെ ഏറ്റവും അടുത്ത സുഹൃത്താണെന്നും കേസിലെ വിധി യഥാർത്ഥ വിധിയാണെന്നും സത്യം അങ്ങനെ പുറത്തുവന്നു എന്നും ഒക്കെയാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്.

കോൺഗ്രസിന്റെ ഈ മൂന്ന് പ്രമുഖ നേതാക്കളും പുറത്തുവിട്ട അഭിപ്രായങ്ങൾ ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുമ്പോളാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന നേതാക്കന്മാരുടെ ഐക്യവും ഒരുമിച്ചുള്ള പ്രവർത്തനവും ഒക്കെ മനസ്സിലാകുന്നത്. ഒരു നേതാവ് ഇത്രയും പ്രമാദമായ കേസിന്റെ കാര്യത്തിൽ ഒരു അഭിപ്രായം പറയുകയും മറ്റൊരു നേതാവ് അതിന് കടകവിരുദ്ധമായി മറ്റൊന്ന് പറയുകയും ചെയ്യുന്ന രീതി കോൺഗ്രസിൽ അല്ലാതെ വേറെ ഒരു പാർട്ടിയിലും കാണുവാൻ കഴിയില്ല. കേസ് വിധി പുറത്തുവന്നപ്പോൾ സിപിഎമ്മിന്റെ സെക്രട്ടറി ഒരു മറുപടി പറഞ്ഞു.

 

പിന്നീട് പ്രതികരിച്ചത് സിനിമാ മന്ത്രി സജി ചെറിയാൻ ആയിരുന്നു. അവർ രണ്ടുപേരും പറഞ്ഞത് കേസിലെ അതിജീവിതയ്ക്ക് അനുകൂലമായ വിധി വരുന്നതുവരെ നിയമ നടപടി തുടരും എന്നാണ്. ഇതിന് വിരുദ്ധമായി ഇടതുമുന്നണിയിൽ നിന്നും ഒരു നേതാവും ഒരു അഭിപ്രായവും പറഞ്ഞില്ല.വളരെ പ്രാധാന്യമുള്ള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ എങ്കിലും കോൺഗ്രസിന്റെ നേതാക്കന്മാർ നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും ഒരു സ്വരത്തിൽ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ അത് നല്ല കാര്യം ആയിരുന്നു. അത്തരത്തിൽ നല്ല കാര്യമൊന്നും കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കന്മാർക്ക് പറഞ്ഞിട്ടുള്ള ഏർപ്പാടുകൾ അല്ലല്ലോ.