തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം കഴിയുമ്പോൾ ഇടതു – വലതു മുന്നണികൾ വലിയ വ്യത്യാസങ്ങളില്ലാതെ നിലനിൽക്കുന്ന സ്ഥിതി ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ ഇടതുമുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കുറച്ചു കൂടി മുന്നേറ്റം ഉണ്ടാക്കും. എന്നാൽ മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ നേട്ടം ഉണ്ടാക്കുവാൻ സാധ്യതയുണ്ട് എന്നും അഭിപ്രായം ഉയരുന്നുണ്ട്.കേരളത്തിലെ 940ലധികം ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണി കാര്യമായ നേട്ടം ഉണ്ടാക്കും. സർക്കാർ ഇപ്പോൾ നൽകിവരുന്ന സാമൂഹിക പെൻഷനും സ്ത്രീകൾക്ക് അനുവദിച്ച ആയിരം രൂപ സഹായ പദ്ധതിയും നാട്ടിൻപുറങ്ങളിലെ ആൾക്കാരിൽ സർക്കാരിന് അനുകൂലമായ നിലപാട് ഉണ്ടാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സാമൂഹിക പെൻഷൻ വാങ്ങുന്നവർ പഞ്ചായത്ത് മേഖലയിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ പെൻഷൻ വലിയതോതിൽ വർധിപ്പിച്ചതും കുടിശ്ശിക കൊടുത്തുതീർത്തതും പാവപ്പെട്ട ജനങ്ങളിൽ സർക്കാർ അനുകൂല താൽപര്യം ഉണ്ടാക്കിയിട്ടുണ്ട്. അതിൻറെ പ്രതിഫലനമായി തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിൽ ഇടതുമുന്നണി മുന്നിൽ എത്തനുള്ള സാധ്യത.
150ലധികം മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വലിയ നേട്ടം കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ കോർപ്പറേഷൻ മേഖലയിൽ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ പോളിംഗ് കാര്യമായി കുറഞ്ഞത് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും ദോഷം ഉണ്ടാക്കിയേക്കും എന്ന അഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 6 കോർപ്പറേഷനുകളിൽ ഒരിടത്ത് മാത്രമാണ് യുഡിഎഫിന് അധികാരത്തിൽ വരാൻ സാധിച്ചത്. ഈ തെരഞ്ഞെടുപ്പിൽ നാല് കോർപ്പറേഷനുകളിൽ യുഡിഎഫ് അധികാരത്തിൽ വരും എന്ന അഭിപ്രായം ഉയരുന്നുണ്ട്. അതുപോലെതന്നെ തെരഞ്ഞെടുപ്പ് നടന്ന മുനിസിപ്പാലിറ്റികളിൽ 60%ത്തിനു മുകളിൽ യുഡിഎഫ് ഭരണത്തിൽ എത്തും എന്നും ഉള്ള വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ആറു കോർപ്പറേഷനുകളിൽ നാലിടങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ബിജെപിയെ കടന്നുവരും എന്നുള്ള വിലയിരുത്തലുകളും വരുന്നുണ്ട്. പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും 10 ശതമാനം സീറ്റുകളിൽ ബിജെപി വിജയിക്കുന്ന പ്രവചനവും പുറത്തുവരുന്നുണ്ട്.എന്തൊക്കെ തന്നെയാലും മുൻകാല തദ്ദേശ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപി ഈ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. പ്രധാന മത്സരം നടക്കുന്ന ഇടത് – വലുത് മുന്നണികളെ സംബന്ധിച്ചിടത്തോളം കാര്യമായ കുതിച്ചു കയറ്റം ഒരു മുന്നണിക്കും ഉണ്ടാവില്ല എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഷ്ട്രീയ നിരീക്ഷകർ പുറത്തുവിടുന്ന അഭിപ്രായങ്ങൾ.