രാഹുൽ ഗാന്ധിക്കെതിരെ അഹമ്മദ് പട്ടേലിന്റെ മകൻ…..

രാഹുൽ ഗാന്ധിക്കെതിരെ അഹമ്മദ് പട്ടേലിന്റെ മകൻ.....

കോൺഗ്രസ് പാർട്ടിയുടെ പ്രതാപകാലത്ത് എല്ലാമായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേൽ. സോണിയാ ഗാന്ധി പാർട്ടി പ്രസിഡന്റായ ശേഷം പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് പട്ടേൽ ആയിരുന്നു. രാഷ്ട്രീയത്തിൽ വലിയ പക്വതയും അടവുകളും വിദഗ്ധമായി പ്രകടിപ്പിച്ച പട്ടേലിന്റെ വേർപാട് കോൺഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. കോൺഗ്രസ് എംപി ആയിരുന്ന ഫൈസൽ പട്ടേൽ പാർട്ടിയിൽ നിന്നും ബന്ധം ഉപേക്ഷിച്ച് അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. തൻറെ പിതാവ് നേതൃനിരയിൽ ഉണ്ടായിരുന്ന കാലത്ത് പാർട്ടിയിൽ എല്ലാ നേതാക്കളെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന രീതിയാണ് നിലനിന്നിരുന്നത്. അതെല്ലാം ഇപ്പോൾ തകർന്നു. ജന പിന്തുണയുള്ള മുതിർന്ന നേതാക്കൾ എല്ലാവരും കോൺഗ്രസ് വിട്ടുപോയി. അതാണ് കോൺഗ്രസിനെ തകർത്തത്. പാർട്ടിയെ നയിക്കുന്ന രാഹുൽഗാന്ധി അന്ധമായ സ്വപ്നലോകത്ത് ആണ്. നരേന്ദ്രമോദി തകർന്നടിയുമെന്നും അപ്പോൾ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി വെറുതെ സ്വപ്നം കാണുകയാണ്. ഏറ്റവും ഒടുവിൽ സ്വന്തം സംസ്ഥാനമായ ബീഹാറിൽ പാർട്ടിക്ക് ഉണ്ടായ കനത്ത തിരിച്ചടി രാഹുൽ ഗാന്ധിയുടെ കഴിവുകേടുകൊണ്ട് ഉണ്ടായതാണ് എന്നും ഫൈസൽ പട്ടേൽ പറഞ്ഞുവെക്കുന്നുണ്ട്.

സോണിയ ഗാന്ധി രോഗബാധിത ആയശേഷം രാഹുൽഗാന്ധിയിലേക്ക് കോൺഗ്രസ് പാർട്ടി മൊത്തത്തിൽ മാറുന്ന സ്ഥിതി ഉണ്ടായി. അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പാർട്ടിക്ക് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കിയത്. പരമ്പരാഗതമായി പാർട്ടിയിൽ നിലനിൽക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങൾ മാറ്റിമറിച്ചു യൂത്ത് കോൺഗ്രസിനകത്തും വിദ്യാർഥി യൂണിയനിലും ആധുനിക രീതിയിൽ ടാലൻറ് ഹണ്ടും, ടെസ്റ്റും, ഇൻറർവ്യൂവും ഒക്കെ നടപ്പിലാക്കി അതിൽ ജയിക്കുന്നവരെ ഭാരവാഹികൾ ആക്കുന്ന ഏർപ്പാടാണ് നടത്തിയത്.അതുകൊണ്ടാണ് ജനസമ്മതിയുള്ള യുവ നേതാക്കൾ ഇല്ലാതാക്കാൻ വഴിയൊരുക്കിയത് എന്നും ഫൈസൽ പട്ടേൽ ആരോപിക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വളർന്ന ചെറുപ്പക്കാരെ ഈ ഏർപ്പാട് വഴി പാർട്ടി സ്ഥാനങ്ങളിൽ നിന്നും അകറ്റുന്ന സ്ഥിതി ഉണ്ടായി.

രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ട് ചോരി യാത്ര ജനങ്ങൾ സ്വീകരിച്ചില്ല. രാഹുൽ പറഞ്ഞത് ആറര ലക്ഷം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായി എന്നായിരുന്നു. ഇത്രയധികം വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെട്ടാൽ അവരല്ലേ സമരവുമായി രംഗത്ത് ഇറങ്ങേണ്ടത്. അതൊന്നും ഉണ്ടായില്ല. ബീഹാറിൽ കോൺഗ്രസ് തകരുകയാണ് എന്ന് രണ്ടു വർഷം മുമ്പ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും മുഖവിലയ്ക്ക് എടുത്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇന്ദിരാഗാന്ധി മുതൽ രാജീവ് ഗാന്ധിയും, സോണിയാ ഗാന്ധിയും, മാത്രമല്ല നരസിംഹറാവു വരെയുള്ള കോൺഗ്രസ് പ്രസിഡന്റുമാർ മുതിർന്ന നേതാക്കളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്നത്.അവരുടെ മുന്നിൽ വരുന്ന പരാതികളും കുറ്റപ്പെടുത്തലുകളും കേൾക്കുകയും പരിഹരിക്കുകയും ചെയ്തിരുന്നു. അതാണ് മുതിർന്ന നേതാക്കളെ ഒപ്പം നിർത്താൻ സഹായിച്ചത്. രാഹുൽഗാന്ധി അങ്ങനെയല്ല. തെറ്റ് എന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ ആ നേതാവിനെ മനപ്പൂർവ്വം ഒഴിവാക്കുന്ന രീതിയാണ് രാഹുൽ ഗാന്ധി കാണിക്കുന്നത്. ഇതാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കോൺഗ്രസിൽ ജനകീയരായിരുന്ന മുതിർന്ന പല നേതാക്കളും പാർട്ടി വിടാൻ കാരണമായത് എന്നും ഫൈസൽ പട്ടേൽ പറഞ്ഞുവയ്ക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ ബിജെപിയുടെ ഭരണവും നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദവും കരുത്തോടെ മുന്നോട്ട് പോകുമെന്നല്ലാതെ കോൺഗ്രസിന്റെ തിരിച്ചുവരവിന് വലിയ സാധ്യത കാണുന്നില്ല എന്നും ഫൈസൽ പട്ടേൽ പരസ്യമായി പറഞ്ഞിരിക്കുകയാണ്.