മട്ടുപ്പാവില്‍ കായ്ക്കാനൊരുങ്ങി ലക്ഷങ്ങള്‍ വിലയുള്ള മിയാസാക്കി: ഈ പഴത്തണലില്‍ ഇത്തിരി നേരം

കൃഷി സംരംഭകനായ ആലപ്പുഴ കലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ നഴ്‌സറി ഉടമ എവി സുനിലിന്റെ മട്ടുപ്പാവില്‍. വിവിധയിനം ഫലവര്‍ഗങ്ങളുടെ ഗ്രാഫ്റ്റ്, ലെയര്‍, ബഡ്ഡ് തൈകള്‍ കായ്ച്ചു നില്‍ക്കുന്ന മട്ടുപ്പാവ് കാണേണ്ട കാഴ്ച തന്നെ. ടെറസില്‍ പഴങ്ങളുടെ രുചി സമ്മാനിക്കുകയാണിവ. മട്ടുപ്പാവിലെ പച്ചക്കറികൃഷിക്ക് പ്രചുരപ്രചാരം ലഭിക്കുന്നുണ്ടിന്ന്. എന്നാല്‍ ഇതിന്റെ സ്ഥാനത്ത് കഴിക്കാന്‍ രുചികരമായ ഫലവര്‍ഗസസ്യങ്ങള്‍ പരീക്ഷിച്ചാലോ? ദീര്‍ഘകാലം നിങ്ങളുടെ ടെറസില്‍ പഴങ്ങളുടെ രുചി സമ്മാനിക്കുമിവ. ഇവയുടെ ഗ്രാഫ്റ്റ്, ലെയര്‍, ബഡ്ഡ് തൈകള്‍ ടെറസില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് സുനില്‍. ഇദ്ദേഹത്തിന്റെ ടെറസില്‍ പൂത്തും കായ്ച്ചും രുചി വൈവിധ്യം തീര്‍ക്കുകയാണ് ഫലവൃക്ഷങ്ങള്‍. പുതിയ വീടു പണിതശേഷമാണ് ടെറസില്‍ പച്ചക്കറിക്കു പകരം പഴവര്‍ഗങ്ങള്‍ പരീക്ഷിച്ചാലോ എന്ന ആശയമുദിച്ചത്. പഴവര്‍ഗങ്ങളുടെ ഗ്രാഫ്റ്റ്, ബഡ്ഡ്, ലെയര്‍ തൈകളാണ് മട്ടുപ്പാവിലേക്ക് തെരഞ്ഞെടുത്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇവ കായ്ച്ചു. നട്ട് എട്ടുമാസമായപ്പോഴേക്കും കായ്ച്ചു തുടങ്ങിയ ഇവ പക്ഷികളേയും ആകര്‍ഷിക്കുന്നുണ്ട്. ഫൈബറും പ്ലാസ്റ്റിക്കും ചേര്‍ത്തുണ്ടാക്കിയ ചെടിച്ചട്ടികളാണ് ടെറസ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ജൈവവളങ്ങള്‍ ധാരാളം ചേര്‍ത്ത് തയാറാക്കിയ പോട്ടിംഗ് മിശ്രിതം നിറച്ച് അതിലാണ് തൈകള്‍ നടുന്നത്. കായീച്ചകളുടെ ശല്യം നിയന്ത്രിക്കാന്‍ കായീച്ചക്കെണിയും ടെറസില്‍ ഒരുക്കിയിട്ടുണ്ട്.