ചേമ്പ്-കൃഷി രീതി
നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ആഹാരമാക്കാന്‍ പറ്റുന്നവയും,അല്ലാത്തവയുമുണ്ട്. ഇംഗ്ലീഷില്‍ ചേമ്പിനെ ‘കൊളക്കേഷ്യ’ എന്നാണ് വിളിക്കുന്നത്. ശാസ്ത്രീയ നാമം ‘കൊളക്കേഷ്യ എകസുലെന്റ്’ എന്നാണ്. അരേസിയ സസ്യ കുടുംബത്തില്‍പ്പെട്ടതാണ്. സാധാരണ കേരളത്തില്‍ കൃഷി ചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ്.
നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിയ്ക്കു ഏറ്റവും അനുയോജ്യം. മെയ് – ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. പല പ്രദേശങ്ങളിലും പലയിനങ്ങളാണ് കൃഷി ചെയ്യുന്നത്. കറുത്ത ചേമ്പ്, കണ്ണന് ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്, വെളുത്ത കണ്ണന്, താമരകണ്ണന്, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇവ കൂടാതെ അത്യുല്പാദനശേഷിയുള്ള ശ്രീരശ്മി, ശ്രീ പല്ലവി എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നു.
കൃഷി രീതി
കൃഷിസ്ഥലം ആഴത്തില്‍ കിളച്ച് എഴുപത് സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ കോരണം ഇതിലേക്ക് ഒരു സെന്റിന് 40 – 50 കിലോ കണക്കില്‍ ജൈവ വളം (ചാണകപ്പൊടിയോ, കോഴികാഷ്ഠം) ഇളക്കി ചേര്‍ക്കുക. ഇതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ 25 – 35 ഗ്രാം തൂക്കം വരുന്ന ചേമ്പിന് വിത്തുകള്‍ നടണം. രാസവളമാണ് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഹെക്ടറിനു 80 കിലോ നൈട്രജന്‍, 25 കിലോ ഫോസ്ഫറസ്, 100 കിലോ പൊട്ടാഷ് എന്നിവ നല്‍കണം.
ഫോസ്ഫറസ് മുഴുവനും, നൈട്രജനും, പൊട്ടാഷും പകുതി വീതം ചേമ്പ് വിത്ത് കിളിര്‍ത്ത് പത്ത് ദിവസത്തിനകം നല്‍കണം. ശേഷിക്കുന്ന നൈട്രജനും, പൊട്ടാഷും ആദ്യവളപ്രയോഗത്തിനു ശേഷം നാല്പത് – നാല്പത്തിയഞ്ചു ദിവസത്തിനകം കിളച്ച് മണ്ണ് കൂട്ടേണ്ടതാണ്. രണ്ടാം പ്രാവശ്യം വള പ്രയോഗത്തിനു മുന്‍പായി കള പറിക്കേണ്ടതാണ്. വിത്തു നടുമ്പോള്‍ തടത്തില്‍ നനവ് ആവശ്യത്തിനുണ്ടാകേണ്ടതാണ്. മഴയില്ലെങ്കില്‍ ഇടയ്ക്ക് ഇടയ്ക്ക് ജലസേചനം നടത്തുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. വിത്ത് നട്ടതിനു ശേഷം പുതയിടണം. ഇത് കള വളരാതിരിക്കുവാന്‍ സഹായിക്കും.
രോഗങ്ങള്‍
ചേമ്പിനെ സാധാരണ രോഗങ്ങള്‍ വരാറില്ല. ഇല ചീയല്‍ രോഗം ചിലപ്പോള്‍ കണ്ടുവരാറുണ്ട്. മഴക്കാലത്താണ് ഇതു കാണാറുള്ളത്. ഇതിനു പ്രതിവിധിയായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി തളിക്കുകയോ, ഡൈത്തേണ്‍ എം 45 എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ ചെയ്യണം.
വിളവെടുപ്പ്
നട്ട് അഞ്ച് ആറു മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാന്‍ സമയമാകും. മാതൃ കിഴങ്ങുകളും, പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം. മാതൃ കിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ നിരത്തിയാല്‍ കുറേ നാളുകള്‍ കേടു കൂടാതെ ഇരിക്കും.
ചേമ്പിന്റെ ആരോഗ്യ ഗുണങ്ങള്‍
മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും അനാവശ്യ കൊഴുപ്പിന് തടയിടാനും സാധിക്കും. തളര്‍ച്ചയും ക്ഷീണത്തേയും ഇല്ലാതാക്കി ശാരീരോര്ജ്ജവും, മാനസികോര്‍ജ്ജവും നല്കുന്നു. പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിന് കൃത്യമാക്കുന്നു. ദിവസം ചേമ്പ് കഴിച്ചാല്‍ ശരീരഭാരം കൂട്ടാൻ സാധിയ്ക്കും. ചേമ്പിലെ കാര്‍ബോ ഹൈഡ്രേറ്റാണ് ഇത് സാദ്ധ്യമാക്കുന്നത്. ചേമ്പിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന സ്റ്റാര്‍ച്ച് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചേമ്പ്.
ചേമ്പ് കഴിക്കുന്നത് ആരോഗ്യമുള്ള മുടിയ്ക്കും വളരെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നതു കൊണ്ട് താരനേയും, തലമുടി കൊഴിച്ചിലിനേയും, കഷണ്ടിയേയും ഒരു അളവ് വരെ പ്രതിരോധിക്കാന്‍ സഹായിക്കുനനു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ-യും, സി-യും ധാതുക്കള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാനുള്ള കഴിവ് ഉണ്ട്. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാത്സ്യം തുടങ്ങിയവ സഹായിക്കുന്നു. ചേമ്പിന് തണ്ടില്‍ നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവ ചേമ്പിന് തണ്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചേമ്പിന് തണ്ട് കറിയായി ഉപയോഗിക്കാവുന്ന ഒന്നാണ്.
ഇങ്ങനെ നോക്കിയാല്‍ ഏതൊരു മലയാളിയുടെ ഭവനങ്ങളില്‍ ഒരു പച്ചക്കറിയായി ഏറ്റവും എളുപ്പം വളര്‍ത്താവുന്ന ഒരു വിളയാണ് ചേമ്പ്.