ബലിതർപ്പണത്തിനായി മകനൊപ്പം സ്കൂട്ടറിൽ പോയ അമ്മ കാറിടിച്ച് മരിച്ചു
കൊട്ടാരക്കര : ബലിതർപ്പണത്തിനായി മകനൊപ്പം സ്കൂട്ടറിൽ പോയ അമ്മ കാറിടിച്ച് മരിച്ചു. ഇഞ്ചക്കാട് കാഞ്ഞിരംവിള പുത്തൻവീട്ടിൽ കൊച്ചുപൊടിയന്റെ ഭാര്യ ഉഷ(50)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ആറിന് കലയപുരം ജങ്‌ഷനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മകൻ രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളക്കടയിൽ ബലിയിടാൻ പോകവെ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിനുപിന്നിൽ പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. തിരുമുല്ലവാരത്ത് ബലിയിട്ടശേഷം മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. സ്കൂട്ടറിനു പിന്നിലിരുന്ന ഉഷ റോഡിലേക്കു തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൾ: ജിഷ. മരുമകൻ: കുട്ടപ്പൻ.