കള്ളനോട്ട് ഇടപാട്: ഒരാള്‍കൂടി പിടിയില്‍

കായംകുളം : എസ്.ബി.ഐ കായംകുളം ശാഖയില്‍ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം പിടികൂടി.

കണ്ണൂര്‍ ഇരിട്ടി മീത്തല പുന്നാട് ചാലില്‍ വെള്ളുവ വീട്ടില്‍നിന്ന് വയനാട് ജില്ലയില്‍ സുല്‍ത്താൻ ബത്തേരി ചെട്ടി ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിക്കുന്ന അജേഷാണ് (38) അറസ്റ്റിലായത്.

പ്രതികള്‍ക്ക് കള്ളനോട്ട് പങ്കിട്ട് എടുക്കുന്നതിന് ഇയാളാണ് എറണാകുളത്ത് സൗകര്യം ഒരുക്കി കൊടുത്തത്. 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ ഇതിനായി ലഭിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കായംകുളത്തുനിന്ന് കള്ളനോട്ട് സംഘം പിടികൂടിയത്.