സിനിമ വന്‍ പരാജയം ; അടുത്ത സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് രവിതേജ

ചിത്രം ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നിർമ്മാതാവിനെ സഹായിക്കാൻ തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജ മുന്നോട്ട് വന്നു. രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പരാജയത്തെ തുടർന്നാണ് തീരുമാനം. തന്നെ നായകനാക്കി ഒരുക്കിയ ചിത്രം വലിയ ബാധ്യത വരുത്തിയതിനാല്‍ പ്രതിഫലം വാങ്ങാതെ അടുത്ത ചിത്രത്തിൽ അഭിനയിക്കുമെന്ന് രവി തേജ നിർമ്മാതാവ് സുധാകറിനെ അറിയിച്ചു.

ശരത് മാണ്ഡവയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രവി തേജയുടേതായി റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും കുറച്ചുകാലമായി പരാജയമായിരുന്നു. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രവിതേജയ്ക്ക് ഒരു തുറന്ന കത്തും എഴുതിയിട്ടുണ്ട്.

ശ്രദ്ധാപൂർവ്വം അല്ല, വേഗത്തിൽ തിരക്കഥകൾ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യുന്നതെന്നാണ് ആരാധകർ പറയുന്നത്. ടൈഗർ നാഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.