‘2018-എവരി വണ്‍ ഈസ് എ ഹീറോ’ തരംഗമാകുന്നു; കളക്ഷൻ 10 കോടിയിലേക്ക്

സിനിമയില്‍ ലഹരി വിവാദം കൊഴുക്കുമ്പോഴും കേരളത്തെ ഇതിവൃത്തമാക്കി അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ കോടികളുടെ നേട്ടത്തിലേക്ക് കുതിക്കുകയാണ്. മതം മാറ്റവും തീവ്രവാദ ബന്ധവും ഒക്കെ പശ്ചാത്തലമാക്കി ദേശീയ ഭാഷയില്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയും 2018-ലെ പ്രളയകാല സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി മലയാളിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘2018-എവരി വണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുമാണ് റിലീസായി ചുരുങ്ങിയ സമയം കൊണ്ട് കോടികളുടെ കളക്ഷനുമായി അപൂര്‍വ നേട്ടത്തിലേക്ക് കുതിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് വിവാദവും തര്‍ക്കങ്ങളും വളമായി മാറിയ കേരളാ സ്റ്റോറിയ്ക്ക് രാജ്യത്തുടനീളം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം ആദ്യവാരത്തില്‍ തീയറ്ററില്‍ എത്തിയ ചിത്രം ഒരാഴ്ചകൊണ്ട് 50 കോടിയിലെത്തുന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് രണ്ടാം ദിവസം നേടിയത് 11.22 കോടിയായിരുന്നു. മൂന്നാം ദിവസം 16.60 കോടി രൂപയിലേക്ക് കളക്ഷന്‍ ഉയര്‍ത്താന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ ട്രെന്റ് പരിശോധിക്കുമ്പോള്‍ സിനിമയുടെ കളക്ഷന്‍ ആദ്യ ആഴ്ച തന്നെ 50 കോടി പിന്നിടുന്നതിന്റെ സൂചനയാണ. ആദ്യ ദിനം എട്ടുകോടിയാണ് സിനിമ ആഭ്യന്തര വിപണിയില്‍ മാത്രം നേടിയത്. ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്റെ കണക്കുകള്‍ പ്രകാരം ആദ്യ ദിവസം സിനിമ മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കിയത്. 4.56 കോടിയാണ് ചിത്രം മഹാരാഷ്ട്രയില്‍ നിന്ന് നേടിയത്. ഗുജറാത്തില്‍ നിന്ന് ചിത്രം 1.58 കോടി കരസ്ഥമാക്കി. അതേസമയം വന്‍ വിവാദമൊക്കെ ഉയര്‍ത്തിയെങ്കിലും കേരള ലേബലില്‍ പുറത്തിറങ്ങിയ സിനിമക്ക് ആദ്യ ദിവസത്തിന് ശേഷം കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 20-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആദ്യത്തെ തള്ളിക്കയറ്റത്തിന് ശേഷം സിനിമയ്ക്ക് ആളില്ലാത്തതിനാല്‍ പ്രദര്‍ശനം പലയിടത്തും നിര്‍ത്തിയിരിക്കുകയാണ്. സിനിമ ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി സിനിമക്കെതിരെ നിലപാടെടുത്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിയമപോരാട്ടത്തിലേക്ക് വഴിമാറിയെങ്കിലും സിനിമയെ വിലക്കാന്‍ കഴിയില്ലെന്ന് കോടതിയും നിലപാടെടുത്തത്തോടെ ചിത്രം തീയേറ്ററുകളിലെത്തി.

ഇതിനിടെ മറ്റൊരു ചിത്രം കൂടി പ്രേക്ഷകര്‍ ഏറ്റെടുത്തത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേരളത്തെ പിടിച്ചുലയ്ക്കുകയും സംസ്ഥാനത്തിന്റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വണ്‍ ഈസ് എ ഹീറോ’ ബോക്‌സ് ഓഫിസില്‍ തരംഗമായി മാറിക്കഴിഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചിത്രം തിയറ്ററുകളില്‍ പ്രേക്ഷകരെ നിറയ്ക്കുകയാണ്. ആദ്യ വാരത്തില്‍ കേരളത്തിലെ മാത്രം കളക്ഷന്‍ 10 കോടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായതെന്ന് റിലീസിന് മുമ്പ് തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.