തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി കൊണ്ടുവന്നിട്ടുള്ള ഓര്‍ഡിനന്‍സിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതേസമയം നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷാ നടപടികളാണ് ഓര്‍ഡിനന്‍സില്‍ വിഭാവനം ചെയ്യുന്നത്. ഓര്‍ഡിനന്‍സ് നിയമവകുപ്പ് പരിശോധിച്ചശേഷം ക്യാബിനറ്റിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഓര്‍ഡിനന്‍സ് തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിനായി പോകേണ്ടതായുണ്ട്. പ്രസ്തുത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ഓര്‍ഡിനന്‍സ് നിയമമായി മാറും, തുടര്‍ന്ന് നിയമസഭയില്‍ നിയമം ബലപ്പെടുത്താവുന്നതാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍ക്ക് നേരെ എമര്‍ജന്‍സി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതാണ്. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതോടെ ഇതൊരു ആയുധമാക്കി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ കൊണ്ടുവരുന്ന നിയമങ്ങള്‍ മറ്റു നിയമങ്ങളെ ഹനിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇതൊക്കെ കോടതിയില്‍ ചോദ്യം ചെയ്തേക്കാം. ഏതായാലും നല്ല ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവരുന്ന ഇത്തരം നിയമങ്ങള്‍ ആരും തന്നെ ദുരുപയോഗം ചെയ്യാതിരിക്കട്ടെ..