അനിശ്ചിതകാല സമരം: ബസ് ഉടമകള്‍ ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം :  അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ ഗതാഗത വകുപ്പിനും ആശങ്കയുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ്സുടമകള്‍ ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്തും. രാവിലെ എട്ട് മണിക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നയമാകും സ്വീകരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും സമരത്തിന്റെ തുടര്‍ തീരുമാനങ്ങള്‍. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം മിനിമം 5 രൂപയാക്കുന്നതിനൊപ്പം യാത്രാ നിരക്കിന്റെ പകുതിയായും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നും സംയുക്ത സമിതി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കുക, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകളുടെ വിതരണം കുറ്റമറ്റതാക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതി മുന്നോട്ട് വയ്ക്കുന്ന മറ്റാവശ്യങ്ങള്‍.