നീതി എവിടെ സര്‍ക്കാരേ? ‘മെഡല്‍ വിസര്‍ജന്‍’ സമരവുമായി ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഗുസ്തി താരങ്ങള്‍. ഇതിന്റെ ഭാഗമായി രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിഞ്ഞ് പ്രതിഷേധിക്കുമെന്ന് ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്വപ്രയത്‌നം കൊണ്ട് വിയര്‍പ്പൊഴുക്കി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി ‘മെഡല്‍ വിസര്‍ജന്‍’ നടത്തുമെന്നാണ് ഗുസ്തി താരങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹരിദ്വാറിലെ ഗംഗയില്‍ മെഡലുകള്‍ എറിയുന്നതിനൊപ്പം ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരമിരിക്കുമെന്നും കായികതാരങ്ങള്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് ഗംഗയില്‍ മെഡലുകള്‍ എറിയു്‌നതെന്നാണ് കായികതാരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ‘ഈ മെഡലുകള്‍ തങ്ങളുടെ ജീവിതവും ആത്മാവുമാണെന്നും തങ്ങള്‍ വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ വ്യക്തമാക്കി. മെഡലുകള്‍ ഗംഗയില്‍ ഒഴിക്കിയതിനുശേഷം രക്തസാക്ഷികളുടെ ഓര്‍മകളുള്ള ഇന്ത്യാഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും പുനിയ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയില്‍ ജന്തര്‍ മന്ദറില്‍ അനിശ്ചിതകാല സമരം നടത്തിവന്ന വനിതാ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകുന്നേരത്തോടെ മോചിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തര്‍ക്കമാവുകയും ബലംപ്രയോഗിച്ച് പൊലീസ് താരങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തി മാധ്യമ പ്രവര്‍ത്തകരെ മാറ്റിയ ശേഷം സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

ഐക്യദാര്‍ഢ്യുമായെത്തിയ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരെ പോലീസ് കസ്റ്റഡിയിലെടുത്തതും സംഘര്‍ഷത്തിലേക്ക് വഴിമാറി.. ഡല്‍ഹി പൊലീസിന്റെയും, കേന്ദ്ര സേനയുടെയും വന്‍ സന്നാഹമായിരുന്നു ജന്തര്‍ മന്ദറില്‍ ഉണ്ടായിരുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ ജന്തര്‍മന്തറില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടാല്‍ സമരത്തിനായി മറ്റൊരു സ്ഥലം അനുവദിക്കാമെന്നുമാണ് പൊലീസ് ഗുസ്തി താരങ്ങളോട് പറഞ്ഞിരിക്കുന്നത്.