ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നു. ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐ.ഒ.സി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി ഐ.ഒ.സി പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
നീതി നിഷേധത്തിനെതിരെ കഴിഞ്ഞ ദിവസം വ്യത്യസ്ഥമായ സമരത്തിനാണ് ദില്ലി സാക്ഷ്യം വഹിച്ചത്. രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കി പ്രതിഷേധിക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു. രാജ്യമൊട്ടാകെ ഈ പ്രതിഷേധം ചര്‍ച്ചയാവുകയും വ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തിരുന്നു. കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് താരങ്ങളെ മെഡല്‍ വിസര്‍ജന്‍ എന്ന പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. തങ്ങള്‍ ഒപ്പമുണ്ടെന്ന് കര്‍ഷക, ജാട്ട് നേതാക്കള്‍ ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയിരിക്കുകയാണ്.
ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഖാപ് പഞ്ചായത്ത് ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് ചേരുന്നതെന്നാണ് വിവരം. അഞ്ച് ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തങ്ങള്‍ തിരികെവരുമെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ ഹരിദ്വാറില്‍ വീണ്ടുമെത്തുമെന്നും ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി.