കോട്ടയം : കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ കുറ്റക്കാരായ ഹോസ്റ്റല്‍ വാര്ഡൻ അടക്കമുള്ള അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നതാണ് ഇവരുടെ ആവശ്യം. ഏതെങ്കിലും സംഘടനകളുടെ ബാനറലില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. അമല്‍ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിനെ(20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധ, വെള്ളിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്താണ് സംഭവം ഉണ്ടായത്. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ശ്രദ്ധയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനെ തുടര്‍ന്നു ശ്രദ്ധ വിഷമത്തിലായിരുന്നതായി സഹപാഠികള്‍ ആരോപിച്ചു. വിദ്യാര്‍ഥി കുഴഞ്ഞുവീണെന്നാണ് കോളജ് അധികൃതര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ശ്രദ്ധയെ എച്ച് ഒ ഡി വിളിപ്പിച്ചെന്നും അതിന് ശേഷം മാനസികമായി ഏറെ തളര്‍ന്ന നിലയിലായിരുന്നുവെന്നും സഹപാഠികള്‍ പറഞ്ഞു.