തിരുവനന്തപുരം∙ ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യുഐടിപി പൊതു ഗതാഗത ഉച്ചകോടിയിൽവച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഏറ്റുവാങ്ങി. കഴിഞ്ഞ 3 വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യുഐടിപി യുടെ വിദഗ്ദ്ധ സമിതി കെഎസ്ആർടിസിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.
ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി. കെഎസ്ആർടിസിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്ജിങ് പബ്ലിക് ട്രാൻസ്പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
രാജ്യാന്തര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യുഐടിപി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്കായി ഏറ്റുവാങ്ങിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജുപ്രഭാകർ പറഞ്ഞു. ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.