ആറുവയസ്സുകാരിയെ അച്ഛൻ, മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി.

മാവേലിക്കര: മാവേലിക്കരയിലെ ആറുവയസ്സുക്കാരിയുടെ കൊലപാതകം: അമ്മയുടെ മാതാപിതാക്കളെ കാണാന്‍ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമാണ് കാരണമെന്ന് പൊലീസ് പറയുന്നു
ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക്(62) കൈയ്ക്കു വെട്ടേറ്റു. സുനന്ദ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം.
ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളംകേട്ട് ഓടിച്ചെല്ലുമ്പോൾ സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷംമുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.
ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.
എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര. മാവേലിക്കര പോലീസ് അന്വേഷണം തുടങ്ങി.
നക്ഷത്രയുടെ ശവസംസ്കാരം വ്യാഴാഴ്ച അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ.