കെ ഫോണില്‍; അടിമുടി ദുരൂഹത

തിരുവനന്തപുരം :  കെ ഫോണില്‍ അടിമുടി ദുരൂഹത. സ്പ്ലിങ്‌ളറിനേയും വെല്ലും അട്ടിമറിയാണ് നടന്നത്. ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു കേന്ദ്രം. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു. ഇതിന് പിന്നില്‍ അഴിമതി കണ്ണുകളുണ്ടെന്നാണ് സൂചന. എഐ ക്യാമറയിലെ അഴിമതി വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാദം. ഇന്ത്യൻ നിര്‍മ്മിത ഉല്‍പന്നം വേണമെന്ന ടെൻഡര്‍ വ്യവസ്ഥ ലംഘിച്ച്‌, കേരള സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വിവരം പുറത്തുവന്നിരുന്നു. എല്‍എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യൻ നിര്‍മ്മിതമെന്ന പേരില്‍ നല്‍കിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്ബനിയില്‍നിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു.  താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും സാങ്കേതിക ഉപകരണങ്ങളില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കണം എന്നതാണ് കേന്ദ്ര നിലപാട്. അതിര്‍ത്തി സംഘര്‍ഷം, സൈബര്‍ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു നിര്‍ദ്ദേശം. ചൈനീസ് ആപ്പുകള്‍ പോലും നിരോധിച്ചു. മെയ്ക് ഇൻ ഇന്ത്യയ്ക്ക് പ്രാമുഖ്യം നല്‍കണമെന്നതായിരുന്നു കേന്ദ്ര ആവശ്യം. എന്നാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കേരള സര്‍ക്കാരിന്റെ കെഫോണ്‍ പദ്ധതിയില്‍ ചൈനീസ് കേബിളുകള്‍ ഉപയോഗിച്ചുവെന്നതാണ് ഉയരുന്ന വിവാദം. കേരളം അത് കൂടുതല്‍ വിലയ്ക്ക് വാങ്ങുകയും ചെയ്തു. അങ്ങനെ രണ്ടു തരത്തിലാണ് വിവാദം.

അതിനിടെ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് കെ ഫോണ്‍ പദ്ധതിക്ക് വേണ്ടിയുള്ള കേബിളുകള്‍ക്കായുള്ള കരാര്‍ നല്‍കിയത് എന്ന് പദ്ധതി നടത്തിപ്പുകാരായ കെഎസ്‌ഐടിഐഎല്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കെഎസ്‌ഐടിഐഎല്‍ എംഡി സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് സബ് കമ്പോണന്റുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉത്തരവ് ഉണ്ടെന്നും അദ്ദേഹം പറയുന്നു. താൻ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ഈ ഇടപാടുകള്‍ നടന്നത്. അതിനാല്‍ വിശദമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. അവയെല്ലാം ഉള്‍പ്പെടുത്തി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നടപ്പാക്കിയ കെ-ഫോണ്‍ പദ്ധതിയില്‍ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം ലംഘിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോര്‍ട്ടും പുറത്തു വന്നു. ടെൻഡര്‍ വ്യവസ്ഥ ലംഘിച്ചതായും പറയുന്നു. കണ്‍സോര്‍ട്യത്തില്‍ പങ്കാളിയായ എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനീസ് കമ്ബനിയുടേതാണ്. കേബിളുകള്‍ നില്‍മിക്കുന്ന രണ്ട് കമ്ബനികള്‍ ഇന്ത്യയിലുണ്ടായിട്ടും ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് എല്‍.എസ് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടെൻഡര്‍ വ്യവസ്ഥ ലംഘിച്ച്‌ കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്‌ഐ.ടി.ഐ.എല്‍) എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ടി.ജി.ജി-ചൈന എന്ന കമ്പനിയില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഒപ്റ്റിക്കല്‍ യൂനിറ്റ് ഇറക്കുമതി ചെയ്തത്. ഈ ഒപ്റ്റിക്കല്‍ യൂനിറ്റിന് 220 കെ.വി ലൈനിനുവേണ്ടി കെ.എസ്.ഇ.ബി വാങ്ങുന്ന കേബിളിനേക്കാല്‍ ആറുമടങ്ങ് വില കൂടിയതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണു കേന്ദ്രം നിര്‍ദ്ദേശം കൈമാറിയത്. ത്രിഡി പ്രിന്റിങ്, തുറമുഖ ക്രെയിനുകളിലെ സ്‌കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ തുടങ്ങിയ മേഖലകളില്‍ ചൈനീസ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണു മുന്നറിയിപ്പ്. ആണവോര്‍ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഊര്‍ജം, വ്യോമയാനം, ഖനനം, റെയില്‍വേ, ആരോഗ്യം, ഗ്രാമീണ ഗതാഗതം തുടങ്ങിയ അതിപ്രധാന മേഖലകളിലും ചൈനീസ് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതില്‍ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യൻ പൊതുമേഖല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്ബനികള്‍ രീതിയാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചിരുന്നു. ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ചൈനീസ് ഉല്‍പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ ബോധ്യപ്പെടുത്തും. പൂര്‍ണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേബിളുകള്‍ വാങ്ങുന്നതിന് കരാര്‍ നല്‍കിയതെന്നാണ് പദ്ധതി നടത്തിപ്പുകാരായ കെ.എസ്‌ഐ.ടി.ഐ.എല്ലിന്റെ വിശദീകരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒപ്റ്റിക്കല്‍ യൂനിറ്റിന്റെ ഗുണനിലവാരത്തില്‍ വ്യക്തത ഇല്ലെന്ന് കെ-ഫോണ്‍ പദ്ധതിയില്‍ പങ്കാളികളായ കെ.എസ്.ഇ.ബി ആരോപിക്കുകയും ഇതിന് പിന്നാലെ ഈ വിഷയത്തില്‍ ഉന്നത സമിതിയുടെ പരിശോധന നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഒപ്റ്റിക്കല്‍ യൂനിറ്റാണ് ഒ.പി.ജി.ഡബ്ല്യു കേബിളിന്റെ പ്രധാന ഭാഗം. ഇത് കേബിളിന്റെ 60 മുതല്‍ 70 ശതമാനം വരെ വരുമെന്നാണ് വിവരം.