തിരവനന്തപുരം: എ.ഐ ക്യാറമക്കെതിരെ വ്യാപക വിമര്‍ശനവും അഴിമതി ആരോപണവും നിലനില്‍ക്കെ സര്‍ക്കാര്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. പുതിയ ക്യാമറ സംവിധാനം വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം.വി.ഡി-കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്രനിയമം അനുസരിച്ചാണ് പുതിയ നടപടിയെന്നാണ് മന്ത്രിയുടെ വിശദീകരണം.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളിലും ടിപ്പര്‍ ഉള്‍പ്പെടെയുള്ള ലോറികളിലും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കി. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. വീഴ്ച വരുത്തിയാല്‍ എ.ഐ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തും. 500 രൂപയാണ് പിഴ.
ലോറികളില്‍ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് പുതിയ നിബന്ധന. ബസുകളില്‍ ക്യാബിനുണ്ടെങ്കില്‍ മുന്‍വശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ക്യാബിനില്ലാത്ത ബസാണെങ്കില്‍ ഡ്രൈവര്‍ മാത്രം ധരിച്ചാല്‍ മതി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പഴയ രീതിയിലുള്ള സീറ്റുകളാണ്. ഇതിലെല്ലാം ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും. അതേസമയം നിലവില്‍ 3820 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സിറ്റ് ബെല്‍റ്റില്ല. ഈ സാഹചര്യത്തില്‍ 2005-ന് ശേഷമുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും. ഹെവി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് സെറ്റിന് 400-600 രൂപ വിലയുണ്ട്. സ്വിഫ്ടിന് വാങ്ങിയ ഇലക്ട്രിക്, ഡീസല്‍ ബസുകളില്‍ നിലവില്‍ സീറ്റ് ബെല്‍റ്റുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിക്കാതെ നാല്ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ 500 രൂപ ഡ്രൈവിംഗിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, റെഡ് സിഗ്നല്‍ മുറിച്ചു കടന്നാല്‍ 1000 രൂപ, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്രക്ക് 1000 രൂപ എന്നിങ്ങനെയാണ് എ.ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നിലവില്‍ പിഴ ചുമത്തുന്നത്. കാറില്‍ ഡ്രൈവ് ചെയ്തയാളും മുന്‍സീറ്റിലിരുന്നയാളും ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ രണ്ടു ചെലാന്‍ കിട്ടും. രണ്ട് പിഴകളിലും കൂടി ആയിരം രൂപ അടയ്ക്കണം. ഡ്രൈവര്‍ ബെല്‍റ്റ് ധരിക്കുകയും സഹയാത്രികന്‍ ധരിക്കാതിരിക്കുകയും ചെയ്താല്‍ ഒരു ചെലാന്‍ വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ 500 രൂപ അടച്ചാല്‍ മതി. പല ക്യാമറകള്‍ കടന്നുപോയാല്‍ ചെലാനുകള്‍ ആവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താലും ഇത്തരത്തില്‍ പിഴ ഈടാക്കും. മൂന്നുപേര്‍ യാത്ര ചെയ്താലും ചെലാന്‍ വരും.
എന്നാല്‍, ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം മുന്നേറുന്നില്ല. നിയമലംഘനങ്ങള്‍ കണ്ടെത്താനും കാലതാമസം കൂടാതെ ചെലാനുകള്‍ അയയ്ക്കാനും എം.വി.ഡിയുടെ കണ്‍ട്രോള്‍ റൂമുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും കെല്‍ട്രോണ്‍ അറിയിച്ചു.
ക്യാമറ നിരീക്ഷണം ജൂണ്‍ 5-ന് രാവിലെ 8 മണി മുതലാണ് തുടക്കം കുറിച്ചത്. ഇതുവരെ 3,57,730 നിയമലംഘനങ്ങളാണ് എ.ഐ ക്യാമറകള്‍ കണ്ടെത്തിയത്. ഇതില്‍ 80,743 നിയമ ലംഘനങ്ങളാണ് കെല്‍ട്രോണ്‍ ഇതുവരെ പരിശോധിച്ചത്: ഇതില്‍ 19,790 നിയമലംഘനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ 10,457 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയക്കാന്‍ കഴിഞ്ഞത്. പ്രതിദിനം 25,000 പേര്‍ക്ക് നോട്ടീസ് അയക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഓരോ ദിവസവും 12 പേര്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 28 പേരാണ് മരിച്ചത്. പുതിയ സംവിധാനങ്ങനങ്ങള്‍ നിലവില്‍ വന്നതോടെ അപകട മരണങ്ങള്‍ കുറയുന്നതിന്റെ സൂചനയാണിത്. അതേസമയം പുതിയ പരിഷ്‌കാരം ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള ഉപാധിയാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.