കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോര്‍ന്നതില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കൊവിന്‍ ആപ്പിലെ വിവരങ്ങളാണ് ടെലഗ്രാമിലൂടെ ചോര്‍ന്നത്. വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, പാന്‍കാര്‍ഡ്, ആധാര്‍, പാസ്പോര്‍ട്ട്, വാക്സിനെടുത്ത കേന്ദ്രം, ജനന വര്‍ഷം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോര് ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. കൊവിന്‍ ആപ്പിലെ വിവരങ്ങൾ പുറത്തായത് ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ആരോഗ്യമന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും കീഴിലാണ് കൊവിന്‍ ആപ്പിന്‍റെ മേല്‍നോട്ടം. ഫോണ്‍ നമ്പറും ഒടിപിയും കൊവിന്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നതിനെപ്പറ്റി അന്വേഷണം നടത്തേണ്ടതുണ്ട്. ഡേറ്റ സൂക്ഷിക്കുന്ന വിഷയത്തിൽ കൊവിന്‍ ആപ്പിനെതിരെ നേരത്തെ ഉയർന്നുവന്ന പരാതികൾ പ്രതിപക്ഷ ആരോപണം മാത്രമാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.