പാലക്കാട്: ഗസ്‌റ്റ് ലക്‌ചറര്‍ ജോലിക്കുള്ള അഭിമുഖത്തിനായി എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ അട്ടപ്പാടി ഗവ.
കോളജില്‍ എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു ഇന്നലെ രാവിലെ പോലീസ് പറഞ്ഞത്. എന്നാല്‍, ദൃശ്യങ്ങളുണ്ടെന്നു കോളജ് പ്രിന്‍സിപ്പല്‍ വ്യക്‌തമാക്കിയതോടെ പോലീസിന്റെ ഒളിച്ചുകളി പൊളിഞ്ഞു. ഇതോടെ അഗളി പോലീസ് ഇന്നലെത്തന്നെ ഉച്ചയ്‌ക്കു ശേഷം കോളജിലെത്തി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. അട്ടപ്പാടി ഗവ. കോളജിലെ ജോലിക്കായി കെ. വിദ്യ മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സി.സി. ടിവിയുടെ ബാക്ക്‌അപ്പ് അഞ്ച് ദിവസംമാത്രമാണെന്നാണു പോലീസ് ആദ്യം പറഞ്ഞത്. പക്ഷേ 12 ദിവസത്തെ ബാക്ക്‌അപ്പ് ഉണ്ടെന്നും വിദ്യ വന്നതിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അഭിമുഖത്തിന് കെ. വിദ്യയെത്തിയത് വെള്ള സ്വിഫ്‌റ്റ് കാറിലാണെന്നു ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമാണ്. കാറില്‍ വിദ്യയ്‌ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കൂടെയുള്ള ആളുടെ മുഖം വ്യക്‌തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തുപോയി. പിന്നീട് 12 മണിക്കു ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളജിലെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.