കൂട്ടില്‍ കയറാതെ ഹനുമാൻ കുരങ്ങ്; കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനായിരുന്നു ശ്രമം.
ഇന്നലെ ആരംഭിച്ച ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെൺ കുരങ്ങിനെയാണ് കാണാതായിരുന്നത്. ജൂൺ അഞ്ചിന് തിരുപ്പതിയിൽ നിന്നും കൊണ്ടുവന്ന ഹനുമാൻ കുരങ്ങ് ജോഡിയിലെ പെൺകുരങ്ങാണ് ചാടിപ്പോയത്. പുലർച്ചെ നന്തൻകോട് ഭാഗത്തെ തെങ്ങിൻ മുകളിൽ കണ്ട കുരങ്ങ്, അതിനുശേഷം മൃഗശാലയിലേക്ക് തന്നെ എത്തിയെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്.
മൃഗശാലയ്ക്കുള്ളിലെ മുളങ്കാട്ടിൽ കുരങ്ങിനെ കണ്ടെങ്കിലും പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച മുതൽ സന്ദർശകർക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് രണ്ടുതവണ ഹനുമാൻ കുരങ്ങുകൾ മൃഗശാലയിൽ നിന്ന് ചാടിപ്പോയിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് വളർന്നു നിൽക്കുന്ന മരച്ചില്ലകൾ കൃത്യസമയത്ത് വെട്ടിമാറ്റാത്തതാണ് കുരങ്ങുകൾ രക്ഷപ്പെടാൻ കാരണമായി പറയുന്നത്.