തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ നേതാവും എംകോം വിദ്യാര്‍ഥിയുമായ നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു.
അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്ബുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
2022ലാണ് നിഖിലിന് എംകോമിന് അഡ്മിഷന് നല്‍കിയത്. 2017ല്‍ ഇതേ കോളജില്‍ തന്നെ ഡിഗ്രിക്ക് ചേര്‍ന്ന നിഖില്‍ 2020ലാണ് ടിസി വാങ്ങിപ്പോയത്. എംകോമിന് അഡ്മിഷനായി സര്‍വകലാശാലയിലാണ് ആദ്യം നിഖില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാണ് കോളജിന് ലഭിച്ചത്. വീണ്ടും വെരിഫിക്കേഷന് സര്‍വകലാശാലയ്ക്ക് തന്നെ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.