വയനാട്: അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ് . വയനാട് ജില്ലയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയുമായി ഇന്ന് ഫിഷറീസ് വകുപ്പ്. കേരള ഉൾനാടൻ ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ആക്ട് ലംഘിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് പ്രദേശത്ത് പുഴയുടെ വശങ്ങളിലായി അനധികൃത മത്സ്യബന്ധനം നടത്തുന്നതിനായി നിർമ്മിച്ച തെരികൾ ഫിഷറീസ് വകുപ്പ് പൊളിച്ചുനീക്കി. ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ ആഷിഖ് ബാബുവിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വെണ്ണിയോട് പ്രദേശത്ത് വ്യാപകമായ രീതിയിൽ ഇത്തരം അനധികൃത തടയണകൾ നിർമ്മിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ പൊളിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വകുപ്പ് കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നും അസി. ഡയറക്ടർ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്ക് 15,000 രൂപവരെ പിഴയും കുറ്റം ആവർത്തിച്ചാൽ ആറുമാസം വരെ തടവും ലഭിക്കും.