പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ അന്വേഷണം
കൊച്ചി : പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചു. വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയും വിവരശേഖരണവുമായി രംഗത്തെത്തിയത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടത്തിയിട്ടുണ്ടെയെന്ന് ഇ.ഡി പരിശോധിക്കും. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം ഇക്കാര്യം പരിശോധിക്കുന്നത്.
2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുടെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ചുതുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ ഇ.ഡി അന്വേഷിക്കും. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പല അഴിമതികള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാരുടേയും സംഭവവുമായി ബന്ധപ്പെട്ടവരുടേയും മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇ.ഡി. വിജിലൻസിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.