മറുനാടന്‍ മലയാളി ഓഫീസ് റെയ്ഡ്; തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കംപ്യൂട്ടറും പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ പോലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത് സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം രാത്രി 12 മണിയോടെയാണ് നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ്
തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പോലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.