സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി കെ.ജി. സനല്‍കുമാറിനെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി കെ.ജി. സനല്‍കുമാറിനെ നിയമിച്ച്‌ പൊതുഭരണവകുപ്പ് അഡിഷണല്‍ ചീഫ്സെക്രട്ടറി കെ.ആര്‍.

ജ്യോതിലാല്‍ ഉത്തരവിറക്കി. നിലവിലെ നിയമസെക്രട്ടറി വി. ഹരി നായര്‍ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും.

നിലവില്‍ ചവറ കുടുംബകോടതി ജഡ്ജിയായ സനല്‍കുമാര്‍ നെയ്യാറ്റിൻകര സ്വദേശിയാണ്. 1998 ഫെബ്രുവരി 23ന് വൈക്കം മുൻസിഫ് ആയാണ് ജുഡിഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്.

തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി, എല്‍.എല്‍.എം ബിരുദങ്ങള്‍ നേടിയ ശേഷം 1989 ഡിസംബറില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. നിലവില്‍ ആനയറയിലാണ് താമസം. നാലാഞ്ചിറ സര്‍വോദയ സെൻട്രല്‍ സ്കൂള്‍ അദ്ധ്യാപിക ജുഗുനു വിജയൻ ആണ് ഭാര്യ. രണ്ട് മക്കള്‍.