സിപിഎം നേതാവ് പി ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ; യുവമോർച്ചയുടെ പരാതി

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ വിവാദ പ്രസം​ഗം. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പരാമർശം. ഇതിനെതിരെയായിരുന്നു ജയരാജന്റെ പ്രതികരണം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും പി ജയരാജൻ പറഞ്ഞു.
ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാർ. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.