മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ അടുത്തയാഴ്ച;‘എഎന്‍ ഷംസീറിനെ മാറ്റും, വീണാ ജോര്‍ജ്ജ് സ്പീക്കറാകും, ഗണേഷ്കുമാര്‍ മന്ത്രിയായേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നവംബര്‍ 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും.അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം നൽകി ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം ശക്തമാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഐഎമ്മിന്‍റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.