തെരഞ്ഞെടുപ്പും വെള്ളിയാഴ്ചയും മുസ്ലിം ലീഗും…മതവിശ്വാസം നോക്കി വോട്ടെടുപ്പ് നടത്തരുത്….

മുസ്ലിം മതവിശ്വാസികൾ നിസ്കാര ചടങ്ങുകൾ നടത്തുന്ന ദിവസം എന്ന പ്രത്യേകതയാണ് അന്നുള്ളത്. ഈ കാരണത്താൽ അന്നത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഒരു വെള്ളിയാഴ്ചയാണ്… വെള്ളിയാഴ്ച മുസ്ലിം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ള ദിവസമാണ്… ‘ മുസ്ലിം മതവിശ്വാസികൾ നിസ്കാര ചടങ്ങുകൾ നടത്തുന്ന ദിവസം എന്ന പ്രത്യേകതയാണ് അന്നുള്ളത്. ഈ കാരണത്താൽ അന്നത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പറയുന്നത് ഒരു ഭരണഘടന സ്ഥാപനമാണ്… ‘ യാതൊരു വിധേയത്വവും ഇല്ലാതെ സർവ്വതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ…. കമ്മീഷൻ ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ഷെഡ്യൂൾ പ്രഖ്യാപിച്ചാൽ,, അതിനുശേഷം മാറ്റം വരുത്തുന്നത് ശരിയല്ല എന്നതാണ് ഇതുവരെയുള്ള കീഴ് വഴക്കം…‘അടുത്തിടയ്ക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു ഹൈന്ദവ ആഘോഷത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയത് മറക്കുന്നില്ല…. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആ തീരുമാനം ശരിയായിരുന്നില്ല എന്നു പറയുന്നതാണ് ഏറെ ശരി…രാജ്യത്ത് ഒരു ജനാധിപത്യ ഭരണ സമ്പ്രദായം നിലനിൽക്കുന്നു…ജനാധിപത്യ പ്രക്രിയ അതിൻറെ പ്രത്യേകതയിൽ മുന്നോട്ടു പോകണമെങ്കിൽ നിശ്ചിത സമയങ്ങളിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നിരിക്കണം… ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വവും ചുമതലയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈകളിലാണ്. ഒരു നിയമസഭയിലേക്ക് അല്ലെങ്കിൽ ലോകസഭയിലേക്ക് അതുമല്ലെങ്കിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഷെഡ്യൂൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ സാധാരണ ഗതിയിൽ കോടതികൾക്ക് പോലും കമ്മീഷന്റെ തീരുമാനങ്ങൾക്കു മേൽ ഇടപെടാൻ കഴിയില്ല. ഇത് കഴിഞ്ഞകാലങ്ങളിലൂടെ നടപ്പിൽ വന്നിട്ടുള്ള വസ്തുതയാണ്.. ‘ ഇതിന് അടിസ്ഥാനമായി പറയുന്ന ഒരു കാരണം ഏതെങ്കിലും തരത്തിലുള്ള മറ്റു ശക്തികൾ തെരഞ്ഞെടുപ്പ് കമ്മീഷനു മേൽ നിയന്ത്രണം കൊണ്ടുവന്നാൽ ഒരു തെരഞ്ഞെടുപ്പും നിശ്ചിത സമയത്ത് കൃത്യമായി പൂർത്തീകരിക്കാൻ കഴിയില്ല എന്നതാണ്…ഏതു തെരഞ്ഞെടുപ്പിലും പ്രഖ്യാപനം വന്ന ശേഷം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പലവിധത്തിലുള്ള പരാതികളുമായി രംഗത്ത് വരാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ പരാതിയും വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനവും പൂർത്തീകരിച്ചു അതിനുശേഷം പരാതികൾ പരിശോധിക്കുക എന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞകാലങ്ങളായി സ്വീകരിച്ചിട്ടുള്ളത്….തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നത് സ്ഥാനാർഥികൾ നോമിനേഷൻ സമർപ്പിച്ചു കഴിഞ്ഞാലാണ്… പിന്നീട് നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയും അതിനുശേഷം പത്രികയുടെ പിൻവലിക്കലും പൂർത്തിയാകുമ്പോഴാണ് മത്സര രംഗത്ത് യഥാർത്ഥ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമാവുക. പ്രചാരണം നടക്കുന്നതിനിടയിൽ പോലും സ്ഥാനാർത്ഥികൾ എതിർ സ്ഥാനാർത്ഥികളുടെ പേരിൽ പരാതികളുമായി കമ്മീഷനെ സമീപിക്കാറുണ്ട്…. ഈ അവസരങ്ങളിൽ പോലും തെരഞ്ഞെടുപ്പ് പ്രവർത്തനം നിശ്ചിത രീതിയിൽ മുന്നോട്ടു കൊണ്ടു പോയി ഫലപ്രഖ്യാപനം നടത്തിയ ശേഷം പരാതികളും ആക്ഷേപങ്ങളും പരിശോധിക്കുക എന്നതാണ് രീതി…..ഇവിടെ ലോകസഭാ തിരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച ദിവസം കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നു എന്നത് ഒരു മതവിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതിനോടൊപ്പം ഉയർന്നുവരുന്ന മറ്റു വിമർശനങ്ങൾ കൂടി ഒപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഞായറാഴ്ച വോട്ടെടുപ്പ് വച്ചാൽ അത് ക്രിസ്തീയ വിശ്വാസികളെ ബാധിക്കും. ഹിന്ദുക്കൾക്ക് തിങ്കളാഴ്ച നോയമ്പും മറ്റു പല ആചാര അനുഷ്ഠാനങ്ങളും ഓരോ ദിവസങ്ങളിലായി കടന്നു വരാറുണ്ട്… അപ്പോൾ കേരളത്തിൻറെ സാമുദായിക സാമൂഹിക സാഹചര്യങ്ങൾ വിശ്വാസങ്ങൾ മൂലം ഓരോ ദിവസത്തിനും പ്രത്യേകതയുള്ളതായി മാറാറുണ്ട്. ഇതെല്ലാം പരിഗണിച്ച് ഒരു വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിച്ചാൽ അങ്ങനെ ഒരു തീയതി കിട്ടാതെ വരും എന്നതാണ് വാസ്തവം….വോട്ടെടുപ്പ് സാധാരണഗതിയിൽ 12 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ്. ഏതു വിശ്വാസിക്കും എങ്ങനെയെങ്കിലും ഇതിനിടയിൽ സമയം കണ്ടെത്തി വോട്ടു ചെയ്യാൻ സാധിക്കും… മുൻകാലങ്ങളിൽ നടന്നിട്ടുള്ള എല്ലാ വോട്ടെടുപ്പുകളും ഇത്തരത്തിൽ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്: മാത്രവുമല്ല ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ആവശ്യങ്ങളെ പരിഗണിച്ച് വോട്ടെടുപ്പ് മാറ്റുവാൻ മുതിർന്നാൽ ഭാവിയിൽ വരുന്ന ഏതു തെരഞ്ഞെടുപ്പിന് മുന്നിലും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന ഒരു വസ്തുത ആരും മറക്കരുത്….കേരളം ഏതുകാലത്തും സാമുദായികമായും മതപരമായും ഐക്യപ്പെട്ടു പോകുന്ന ജനതയുടെ നാടാണ്… മാത്രവുമല്ല രാഷ്ട്രീയമായി രാജ്യത്ത് ഏറ്റവും പ്രബുദ്ധതയുള്ള ഒരു സമൂഹം കൂടിയാണ് മലയാളികളുടെത്… അതുകൊണ്ടുതന്നെ അത്ര പ്രാധാന്യമില്ലാത്ത വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് വിഷയം ഒരു തർക്കത്തിലേക്ക് കൊണ്ടുപോകാതെ,, നമ്മുടെ മുന്നിലേക്ക് അഞ്ചുവർഷത്തിലൊരിക്കൽ കടന്നുവരുന്ന,, നമ്മുടെ രാജ്യം അടുത്ത അഞ്ചുവർഷം ആര് ഭരിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന സുപ്രധാനമായ ഈ വോട്ടെടുപ്പ് വേളയിൽ,,, അസൗകര്യങ്ങളും അനൗചിത്യങ്ങളും മാറ്റിവെച്ച് വോട്ടെടുപ്പ് എന്ന പരമമായ ധർമ്മം പൂർണ്ണ വിജയത്തിൽ എത്തിക്കുന്നതിന് എല്ലാ പൗര സമൂഹവും ഒരുമിച്ച് നിൽക്കട്ടെ എന്നാഗ്രഹിക്കുന്നു …