ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരേ അസാധാരണ നീക്കവുമായി കേരളം. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നതിനെതിരേയാണ് നീക്കം. കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്ത് സുപ്രീം കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. ഏകപക്ഷീയവും ഭരണഘടനയുടെ 14, 200, 201 എന്നീ വകുപ്പുകളുടെ ലംഘനവുമാണെന്നാണ് കേരളത്തിന്റെ വാദം. കേന്ദ്രമന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നതെന്നും സംസ്ഥാന നിയമസഭയുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിലാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നതെന്നും കേരളം വ്യക്തമാക്കി. ബില്ലുകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതാണെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു.